
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ മാറി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാന ഖജനാവില്‍ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി ധനവകുപ്പിന്റെ വിവരാവകാശ മറുപടി. ഈ മാസം ഒന്ന് വരെയുള്ള ഔദ്യോഗിക കണക്കാണിത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കാന്‍ തയാറെടുക്കുന്നതിനിടയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
കേരളം പൂര്‍ണ്ണമായി തകര്‍ന്നടിഞ്ഞ സാമ്പത്തിക നിലയിലാണെന്നും പാപ്പരായ സംസ്ഥാനമാണെന്നുമുള്ള എ.കെ. ആന്റണിയുടെ പ്രസ്താവന നേരത്തെ വലിയ വിവാദമായിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഖജനാവ് പൂര്‍ണ്ണമായും കാലിയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.എം.എ. സലാമും ആരോപിച്ചിരുന്നു.
എന്നാല്‍, ഖജനാവ് കാലിയല്ലെന്നും ആറായിരം കോടിയോളം രൂപ ബാക്കിവെച്ചാണ് തങ്ങള്‍ പടിയിറങ്ങിയതെന്നും മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. പൂച്ച പെറ്റുകിടക്കുന്നു എന്ന് പ്രതിപക്ഷം ആക്ഷേപിച്ച ഖജനാവില്‍ കൃത്യമായി പണമുള്ളത് കൊണ്ടാണ് പുതിയ സര്‍ക്കാരിന് ഗ്യാരണ്ടികള്‍ നടപ്പാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.






