
കൊച്ചി: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വി.ഡി. സതീശന് കൊച്ചി പൗരാവലി പ്രൗഢമായ സ്വീകരണം നല്‍കി. കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പങ്കെടുത്തു. സിനിമയില്‍ മുഖ്യമന്ത്രിയായി അഭിനയിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നും എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ മുഖ്യമന്ത്രി ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും വി.ഡി. സതീശനെ പൊന്നാട അണിയിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. കൊച്ചിക്കാരോടും മലയാളികളോടുമൊപ്പം താനും ഈ നിമിഷത്തില്‍ സന്തോഷിക്കുന്നുവെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമാകട്ടെ ഇതെന്നും കുഞ്ചാക്കോ ബോബന്‍ ആശംസിച്ചു.
വിജയം സമ്മാനിച്ചവര്‍ക്ക് നന്ദി അറിയിച്ച രമേശ് പിഷാരടി എംഎല്‍എ, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും അഭിപ്രായം പറഞ്ഞശേഷം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍, ഇത് തന്റെ ജീവിതത്തിലെ ധന്യമായ മുഹൂര്‍ത്തമാണെന്നും അധികാരത്തിന്റെ പത്രാസില്‍ വീണുപോകരുതെന്നും വ്യക്തമാക്കി. ഇതൊരു ദൈവീകമായ നിയോഗമാണ്. മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഒരു ടീമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുക എന്ന വെല്ലുവിളിയോടെയാണ് താന്‍ ധനകാര്യവകുപ്പ് ഏറ്റെടുത്തതെന്നും സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുനില കെട്ടിടങ്ങള്‍ വരിക എന്നതല്ല വികസനം, ജനങ്ങളുടെ ജീവിതനിലവാരത്തില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാകുകയാണ് വേണ്ടത്. കേരളം സെക്യുലര്‍ ആയി നിലനില്‍ക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ആരും വര്‍ഗീയത പറയരുതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് മാതൃകയായ നഗരമായി കൊച്ചി മാറുമെന്നും സിനിമ രംഗത്ത് ഈ സര്‍ക്കാര്‍ ഒരു കയ്യൊപ്പിടുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.






