
കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗെല്ല വൈറസ് ബാധ റിപ്പോർട്ടുചെയ്തു. പെരുമണ്ണ ഗ്രാമപഞ്ചായത്തിലാണ് രണ്ട് കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തകരിമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള കുട്ടികളെ രോഗലക്ഷണങ്ങളെ തുടർന്ന് പെരുമണ്ണ ഹെൽത്ത് സെൻററിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യവകുപ്പിന്റെയും പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.
രോഗം കണ്ടെത്തിയ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. നേരത്തെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ പൂവാട്ടുപറമ്പിൽ നിരവധി പേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഒരു കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.






