
ന്യൂഡൽഹി: യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇന്ത്യക്കാർക്കെതിരെ വർദ്ധിച്ചുവരുന്ന വംശീയ അധിക്ഷേപങ്ങളെയും ആക്രമണങ്ങളെയും കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഞായറാഴ്ച ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ഇത്. ഇത്തരം സംഭവങ്ങൾ വെച്ച് അമേരിക്കൻ സമൂഹത്തെ വിലയിരുത്തരുതെന്നും, മുൻവിധികൾ എല്ലാടത്തുമുണ്ടെന്നും പറഞ്ഞ് റൂബിയോ ഈ സംഭവങ്ങളെ ലഘൂകരിക്കാൻ ശ്രമം നടത്തി.
അമേരിക്കയിൽ നിന്ന് ഇന്ത്യക്കാർക്കെതിരെ ഉണ്ടായ വംശീയ പരാമർശങ്ങളെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, "ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ മനുഷ്യരുണ്ട്," എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട വിവേചന സംഭവങ്ങൾ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ വലിയ വിജയങ്ങളെ നിഴലിലാക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എനിക്ക് അതിനെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് അറിയില്ല, പക്ഷേ ഞാൻ അത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്, റൂബിയോ പറഞ്ഞു. "ഇന്റർനെറ്റിലും മറ്റ് സ്ഥലങ്ങളിലും അത്തരം അഭിപ്രായങ്ങൾ പറയുന്ന ആളുകൾ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ മനുഷ്യരുണ്ട്. ഇവിടെയും (ഇന്ത്യയിലും) വിഡ്ഢികളായ ആളുകളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സിലും എപ്പോഴും മണ്ടത്തരങ്ങൾ പറയുന്ന വിഡ്ഢികളായ ആളുകളുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു,
യുണൈറ്റഡ് സ്റ്റേറ്റ്സ് വളരെ സ്വാഗതം ചെയ്യുന്ന ഒരു രാജ്യമാണ്. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ നേട്ടങ്ങളെ പ്രശംസിച്ച റൂബിയോ, ഇന്ത്യൻ പ്രവാസികൾ "അസാധാരണമായ വിജയം കൈവരിച്ചവരാണെന്ന് വിശേഷിപ്പിച്ചു. ബിസിനസ്സ്, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, പൊതുസേവനം എന്നിവയിൽ അവർ നൽകിയ ശക്തമായ സംഭാവനകളെ ചൂണ്ടിക്കാണിച്ച അദ്ദേഹം, രാജ്യത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സമൂഹങ്ങളിലൊന്നാണ് അവരെന്നും പറഞ്ഞു.
ഇന്ത്യ-യുഎസ് തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെ ഒരു "അതിരുകടന്ന സംഘത്തിന്റെയോ" (fringe group) അല്ലെങ്കിൽ "അറിവില്ലാത്ത വീക്ഷണങ്ങൾ" പുലർത്തുന്ന വ്യക്തികളുടെയോ പ്രവൃത്തികൾ വെച്ച് നിർവചിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. വംശീയതയെക്കുറിച്ചുള്ള ചോദ്യം റൂബിയോയോട് ചോദിച്ചപ്പോൾ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചെറിയ രീതിയിൽ പുഞ്ചിരിച്ചത് ഏറെ ശ്രദ്ധ ആകർഷിച്ചു. വാർത്താ സമ്മേളനത്തിൽ ജയശങ്കറോ ഇന്ത്യൻ പക്ഷമോ ഈ വിഷയത്തെക്കുറിച്ച് നേരിട്ട് പ്രതികരിച്ചില്ല.
പ്രതിരോധ സഹകരണം, വ്യാപാരം, തന്ത്രപ്രധാന സാങ്കേതികവിദ്യകൾ, ഊർജ്ജം, പ്രാദേശിക സുരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഇന്ത്യയും യുഎസും തമ്മിൽ നടന്ന പ്രതിനിധിതല ചർച്ചകൾക്ക് ശേഷമാണ് ഈ പരാമർശങ്ങൾ ഉണ്ടായത്.
ഇന്ത്യ-യുഎസ് ബന്ധം വാഷിംഗ്ടണിന്റെ "ഏറ്റവും പ്രധാനപ്പെട്ട" തന്ത്രപ്രധാന പങ്കാളിത്തങ്ങളിലൊന്നാണെന്ന് വിശേഷിപ്പിച്ച റൂബിയോ, ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ പങ്കിടുന്നത് കേവലം പ്രാദേശികമായ ഒന്നല്ല, മറിച്ച് ആഗോള പങ്കാളിത്തമാണെന്നും വ്യക്തമാക്കി.






