
തൃശൂർ: മുഖ്യമന്ത്രി വി.ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്രദർശനം വിവാദത്തിലേക്ക്. മുഖ്യമന്ത്രിയുടെ സന്ദർശനം ഭക്തർക്ക് ദർശനത്തിനു തടസ്സമായി എന്നും വീഡിയോ ചിത്രീകരണത്തിനു വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എം പി വീഡിയോ ചിത്രീകരിച്ചു എന്നും ബിജെപി പരാതിപ്പെട്ടു.
മുഖ്യമന്ത്രിക്കും സംഘത്തിനും വിഐപി ദർശനം അനുവദിച്ചു. രാത്രി 11 മണി മുതൽ ദർശനത്തിനായി കാത്തുനിന്ന ഭക്തർ മുഖ്യമന്ത്രിയുടെ വരവിനെ തുടർന്ന് ദർശനം ലഭിക്കാതെ മടങ്ങി. നടന്നത്, ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ് ഇതുമായി ബന്ധപ്പെട്ട പരാതി കൈമാറിയത്.
റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ എത്തിയത് . കർശനമായ സുരക്ഷയായിരുന്നു ക്ഷേത്ര പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്. മന്ത്രിമാരും എം പി മാരും അടക്കം വിവാഹത്തിൽ പങ്കെടുക്കാനായി വലിയൊരു വിഐപി നിര തന്നെ ഗുരുവായൂരിൽ എത്തിയിരുന്നു.






