
ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ ഭീകരമായ ഖനി അപകടത്തിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി ചൈന.അപകടത്തിൽ 82 പേർ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തിരുന്നു.പ്രധാനമന്ത്രി മോദിയുടെ എക്സ് (X) പോസ്റ്റിന് മറുപടിയായി, ഇന്ത്യയുടെ ആശ്വാസവാക്കുകളെയും പിന്തുണയെയും തങ്ങൾ 'ഏറെ വിലമതിക്കുന്നു' എന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫീഹോങ് വ്യക്തമാക്കി.പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നൽകിയ പിന്തുണയെ അഭിനന്ദിച്ച അംബാസഡർ, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ് തങ്ങളെന്നും പരിക്കേറ്റവർക്കായി സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നും എക്സിലൂടെ അറിയിച്ചു.
അപകടത്തിന് പിന്നാലെ ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ അനുശോചനം അറിയിച്ചത്. ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ ഖനി അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്ന് അദ്ദേഹം കുറിച്ചു. ഇന്ത്യൻ ജനതയ്ക്ക് വേണ്ടി പ്രസിഡന്റ് ഷി ജിൻപിംഗിനോടും ചൈനയിലെ ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നതായും, ദുരന്തത്തിൽ തകർന്ന കുടുംബങ്ങൾക്ക് ഈ പരീക്ഷണഘട്ടത്തെ അതിജീവിക്കാൻ കരുത്ത് ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കാണാതായവർ സുരക്ഷിതരായി എത്രയും വേഗം തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ചൈനീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 7.29 ഓടെയാണ് ലിയുഷെൻയു കൽക്കരി ഖനിയിൽ വാതക സ്ഫോടനമുണ്ടായത്. അപകടത്തിൽ 82 പേർ മരിച്ചതായും രണ്ടുപേരെ കാണാതായതായും ശനിയാഴ്ചയോടെ അധികൃതർ സ്ഥിരീകരിച്ചു. നിലവിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതടക്കം ആകെ 128 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.






