
ദില്ലി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധിയിൽ സാങ്കേതിക തകരാറുകൾ ഒഴിവാക്കുവാനും സിബിഎസ്ഇയെ സഹായിക്കാനും പ്രത്യേകസംഘം. ഐഐടി മദ്രാസിലെ പ്രൊഫസർ അടക്കമുള്ള സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധിയിൽ ഇടപെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാർത്ഥികളുടെ പരാതിയെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽനിന്ന് വിശദമായ റിപ്പോർട്ട് തേടി.
കാത്തിരുന്ന ഫലത്തിലും നിരാശ, പുനർമൂല്യനിർണ്ണയ നടപടികളും അവതാളത്തിൽ വിദ്യാർത്ഥികളുടെ ആശങ്കയിൽ ഇടപെടാതെയിരുന്ന കേന്ദ്രമന്ത്രാലയം വൈകിയാണെങ്കിലും ഇക്കാര്യത്തിലെ രോഷം തിരിച്ചറിയുകയാണ്. ഉയരുന്ന പരാതികളിൽ സിബിഎസ്ഇയിൽ നിന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിശദീകരണം തേടി. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയെ സംബന്ധിച്ചും പരിിശോധന നടക്കും. നിലവിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. പുനർമൂല്യനിർണ്ണയനടപടികൾ ഇപ്പോഴും അവതാളത്തിലാണ്. ഉത്തരക്കടലാസ് കിട്ടാൻ അപേക്ഷ നൽകാനുള്ള അവസാനതീയതി ഇന്ന് അവസാനിക്കും. അപ്പോഴും വെബ്സെറ്റിലെ പ്രശ്നങ്ങൾ തുടരുകയാണ്. ഫീസ് അടക്കുന്നതിലെ സാങ്കേതിക പ്രശ്നവും ഇപ്പോഴും പരിഹരിച്ചിട്ടില്ല. അതേസമയം ഫീസടച്ചിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് നിരവധി വിദ്യാർത്ഥികൾക്ക് കിട്ടിയിട്ടില്ല.
സാങ്കേതിക പ്രശ്നം പരിഹരിക്കാനാണ് ഐഐടി മദ്രാസിലെ പ്രത്യേക സംഘത്തെ നിയോഗിച്ചത്. സാങ്കേതിക തകരാറുകൾ ഒഴിവാക്കുവാനും സിബിഎസ്ഇ സഹായിക്കാനുമാണ് നടപടി. പണമിടപാടിലെ പ്രശ്നം അടക്കം സംഘം പരിശോധിച്ച് പരിഹരിക്കും, അപേക്ഷിച്ച എല്ലാവർക്കും ഉത്തരക്കടലാസുകൾ കിട്ടുമെന്നും കൂടുതൽ ഫീസിടാക്കിയവർക്ക് റീഫണ്ട് നൽകും എന്നും സിബിഎസ് ഇ അറിയിച്ചു. പുതിയതായി അപേക്ഷ നൽകേണ്ടതില്ലെന്നും സിബിഎസ്ഇ വിശദീകരിച്ചു. ശരിയുത്തരം എഴുതിയിട്ടും പൂജ്യം മാർക്ക് നൽകിയിരിക്കുന്ന നിരവധി ഉത്തരക്കടലാസുകൾ വീണ്ടും പുറത്തുവന്നു. ഇത് എന്ത് മൂല്യനിർണ്ണയം എന്ന് ചോദ്യം വിദ്യാർത്ഥികൾ ഉയർത്തുകയാണ്. ഇപ്പോഴത്തെ ഫലം റദ്ദാക്കി പരീക്ഷ പേപ്പർ നേരിട്ട് പരിശോധിച്ച് വീണ്ടും ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയർത്തി സാമൂഹിക മാധ്യമങ്ങളിൽ അടക്കം വലിയ പ്രചാരണവും വിദ്യാർത്ഥികൾ തുടങ്ങി.






