റാഞ്ചി: ബിര്‍സാ മുണ്ട സ്‌റ്റേഡിയത്തില്‍ നടക്കുന്ന 29-ാമത് സീനിയര്‍ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ പുരുഷന്‍മാരുടെ ലോങ് ജമ്പില്‍ മലയാളി താരം മുരളി ശ്രീശങ്കറിന് സ്വര്‍ണം.
എന്‍.സി.ഒ.ഇ. ട്രിവാന്‍ഡ്രത്തിനായി മത്സരിച്ച ശ്രീശങ്കര്‍ 8.08 മീറ്റര്‍ ചാടിയാണു സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യതാ മാര്‍ക്കായ 8.05 മീറ്റര്‍ മറികടക്കാനും മലയാളി താരത്തിനായി. റിലയന്‍സിന്റെ എസ്. ലോകേഷ് 7.94 മീറ്റര്‍ ചാടി വെള്ളിയും ഹരിയാനയുടെ മുഹമ്മദ് അട്ടാ സാസിദ് 7.90 മീറ്റര്‍ ചാടി വെങ്കലവും നേടി.
പുരുഷന്‍മാരുടെ പോള്‍ വോള്‍ട്ടില്‍ എം.പി. അക്കാദമിയുടെ ദേവ് മീണ ദേശീയ റെക്കോഡോടെ ഒന്നാമനായി. 5.45 മീറ്റര്‍ വരെ ചാടിയ ദേവ് കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യതാ മാര്‍ക്കും (5.25 മീറ്റര്‍) കടന്നു. കുല്‍ദീപ് കുമാര്‍ കഴിഞ്ഞ വര്‍ഷം കുറിച്ച 5.41 മീറ്ററിന്റെ ദേശീയ റെക്കോഡും താന്‍ തന്നെ കുറിച്ച 5.35 മീറ്ററിന്റെ മീറ്റ് റെക്കോഡും മറികടക്കാന്‍ ദേവ് മീണയ്‌ക്കായി. കുല്‍ദീപ് കുമാറും 5.45 മീറ്റര്‍ മറികടന്നിരുന്നു. തമിഴ്‌നാടിന്റെ റീഗന്‍ ജി. 5.15 മീറ്ററുമായി വെങ്കലം നേടി.
വനിതകളുടെ 10,000 മീറ്റര്‍ നടത്തത്തില്‍ ഹരിയാനയുടെ റവീണ 44 മിനിറ്റ് 29.66 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. റവീണയ്‌ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യത നേടാനായി (44 മിനിറ്റ് 44.58 സെക്കന്‍ഡ്). ഓള്‍ ഇന്ത്യ പോലീസിന്റെ രേഷ്‌മ പാട്ടീല്‍ വെള്ളിയും ഉത്തര്‍പ്രദേശിന്റെ മുനിത പ്രജാപതി വെങ്കലവും നേടി.
പുരുഷന്‍മാരുടെ ഹൈജമ്പില്‍ മഹാരാഷ്‌ട്രയുടെ സര്‍വേഷ് അനില്‍ കുഷാരെ സ്വര്‍ണം നേടി. 2.28 മീറ്റര്‍ ചാടിയ കുഷാരെ കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യത (2.22 മീറ്റര്‍) നേടി. തേജസ്വിന്‍ ശങ്കര്‍ 2018 ല്‍ കുറിച്ച മീറ്റ് റെക്കോഡിനൊപ്പമെത്താനും കുഷാരെയ്‌ക്കായി. തമിഴ്‌നാടിന്റെ ആദര്‍ശ് റാം (2.22 മീറ്റര്‍), കര്‍ണാടകയുടെ സുദീപ് (2.12 മീറ്റര്‍) എന്നിവര്‍ വെള്ളിയും വെങ്കലവും നേടി. വനിതകളുടെ ഹാമര്‍ ത്രോയില്‍ പഞ്ചാബിന്റെ മന്‍പ്രീത് കൗര്‍ (59.08 മീറ്റര്‍) സ്വര്‍ണവും റെയില്‍വേ സ്‌പോര്‍ട്‌സിന്റെ കുല്‍വീന്ദര്‍ കൗര്‍ (57.76 മീറ്റര്‍) വെള്ളിയും ഒഡീഷയുടെ ദിവ്യ ഷാണ്ഡില്യ (56.41 മീറ്റര്‍) വെങ്കലവും നേടി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്‌നാടിന്റെ കെ. നന്ദിനി സ്വര്‍ണം നേടി. ഒഡീഷയുടെ പ്രഗ്യാന്‍ പ്രസാന്തി സാ വെള്ളിയും ജെ.എസ്.ഡബ്യുവിന്റെ സി. അഞ്‌ജലി വെങ്കലവും നേടി.




