അശാന്തമായ അന്തരീക്ഷത്തില്‍ നിന്നാണ് ഇക്വഡോര്‍ ഫുട്‌ബോള്‍ ലോകകപ്പിനൊരുങ്ങുന്നത്‌്. 2006 ല്‍ നോക്കൗട്ടില്‍ കടന്നതാണ് അവരുടെ ലോകകപ്പിലെ ഏറ്റവും മികച്ച നേട്ടം.
ലാറ്റിന്‍ അമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്‌ക്കു പിന്നില്‍ രണ്ടാം സ്‌ഥാനക്കാരായാണു ഫിനിഷ് ചെയ്‌തത്. 18 കളികളില്‍ രണ്ടെണ്ണം മാത്രമാണു തോറ്റത്. കരുത്തരായ അര്‍ജന്റീനയും ബ്രസീലുമാണ് അവരെ തോല്‍പ്പിച്ചത്‌്. 2006 ലോകകപ്പ് നോക്കൗട്ടില്‍ ഇംഗ്ലണ്ടിനോടാണു തോറ്റത്. ഡേവിഡ് ബെക്കാമിന്റെ ഫ്രീകിക്ക് ഗോളാണ് അവരെ തോല്‍പ്പിച്ചത്‌്.
കൊളംബിയയുമായുള്ള അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും പ്രവിശ്യകളില്‍ തുടരുന്ന അടിയന്തരാവസ്‌ഥകളും രാജ്യത്തെ അശാന്തിയുടെ മുള്‍മുനയിലാക്കി. പക്ഷേ ഫുട്‌ബോളില്‍ അവര്‍ എല്ലാം മറക്കും. ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ക്കു വേണ്ടി ഗുയാക്വില്‍ പോലുള്ള നഗരത്തില്‍ കൂറ്റന്‍ ബിഗ് സ്‌ക്രീനുകള്‍ സ്‌ഥാപിച്ചു കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ ആഴ്‌സണലിന്റെ പ്രതിരോധ താരം പിയറോ ഹിന്‍കാപി, ചെല്‍സിയുടെ മൊയ്‌സസ് കായ്‌സെഡോ, ഫ്രഞ്ച് വമ്പന്‍ പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ വില്യന്‍ പാചോ എന്നിവരുടെ പേരുള്ള ടീ ഷര്‍ട്ടുകള്‍ക്കു വമ്പന്‍ ഡിമാന്‍ഡാണ്. 22 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ആഴ്‌സണല്‍ ലീഗ് കിരീടം നേടിയത് പിയറോ ഹിന്‍കാപി മൂലം ഇക്വഡോറിലും ആഘോഷിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പി.എസ്.ജിയും ആഴ്‌സണലും തമ്മില്‍ ഏറ്റുമുട്ടുമ്പോഴും ഇക്വഡോറുകാര്‍ക്ക് ആഘോഷിക്കാന്‍ വകയുണ്ട്. രണ്ട് ടീമുകളിലും ഇക്വഡോറിന്റെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഇക്വഡോറിന്റെ മുന്‍ താരം മരിയോ പിനീഡയെ അജ്‌ഞാതര്‍ വെടിവച്ചു കൊന്നിരുന്നു. പിനീഡ, ജീവിത പങ്കാളി എന്നിവര്‍ സംഭവ സ്‌ഥലത്തു മരിച്ചു. മാതാവിന് വെടിയേറ്റെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. ഇക്വഡോറില്‍ പ്രതിവര്‍ഷം 9.216 കൊലപാതകങ്ങളെങ്കിലും ഇത്തരത്തില്‍ നടക്കുന്നുണ്ട്. ഗ്വായാക്വില്‍ ബാഴ്‌സലോണയാണ് ഇക്വഡോറിലെ ഏറ്റവും പ്രസിദ്ധമായ ക്ലബ്. അവരുടെ യൂത്ത് അക്കാദമിയിലൂടെയാണു മിക്ക താരങ്ങളും പിറന്നത്. റയാല്‍ മാഡ്രിഡ്, പി.എസ്.ജി. തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടി കളിക്കുകയാണ് ഗ്വായാക്വില്‍ യൂത്ത് അക്കാദമിയിലെ വിദ്യാര്‍ഥികളുടെ സ്വപ്‌നം.




