പുതുച്ചേരി: ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്കു രണ്ടാം ജയം. അവര്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ രാജസ്‌ഥാനെ തോല്‍പ്പിച്ച് (59-55) ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി.
പുരുഷ വിഭാഗത്തില്‍ ചണ്ഡീഗഡിനെ തോല്‍പ്പിച്ച കര്‍ണാടക ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കര്‍ണാടകയുടെ മൂന്നാം ജയമാണത്. കേരള വനിതകള്‍ ഒന്നാംപാദത്തില്‍ പിന്നില്‍ പോയ ശേഷമാണു തിരിച്ചുവന്നത്. രാജസ്‌ഥാന്‍ 16-11 ന് ലീഡ് നേടിയെങ്കിലും രണ്ടാം ക്വാര്‍ട്ടറില്‍ (23-11) മികച്ച പ്രകടനത്തോടെ കേരളം തിരിച്ചു വന്നു. കേരളത്തിനായി ലിയ മരിയ, സുഭദ്ര ജയകുമാര്‍ എന്നിവര്‍ 16 പോയിന്റ് വീതം നേടി. രണ്ടാം പകുതിയില്‍ മാത്രം ഇറങ്ങിയ നായിക അര്‍ഥിക കെ. എട്ട് പോയിന്റ് നേടി.
പുരുഷന്മാര്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഡല്‍ഹിയെ നേരിടും വനിതകളുടെ എ ഗ്രൂപ്പ് പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍ തമിഴ്‌നാടിനെ അട്ടിമറിച്ചെത്തിയ ഛത്തീസ്‌ഗഡിന്റെ കുതിപ്പിന് ഹരിയാന തടയിട്ടു. 67-53 എന്ന സ്‌കോറിനാണ് ഹരിയാന ജയിച്ചത്.




