മുംബൈ: മുന്‍ ചാമ്പ്യന്‍ രാജസ്‌ഥാന്‍ റോയല്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 19-ാം സീസണിന്റെ പ്ലേ ഓഫില്‍ കടന്നു. അവസാന ലീഗ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 30 റണ്ണിനു തോല്‍പ്പിച്ചാണ് അവരുടെ മുന്നേറ്റം.
14 കളികളില്‍നിന്നു 16 പോയിന്റ് നേടിയ രാജസ്‌ഥാന്‍ റോയല്‍സ് നാലാം സ്‌ഥാനക്കാരായി. നിലവിലെ ചാമ്പ്യന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു ഒന്നാം സ്‌ഥാനത്തും ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്‌ഥാനത്തും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നാം സ്‌ഥാനത്തും ഫിനിഷ് ചെയ്‌തു.
മൂന്ന് ടീമുകളും 14 കളികളില്‍നിന്നു 18 പോയിന്റ് നേടി. നെറ്റ് റണ്‍റേറ്റിലെ മികവാണ് ആര്‍.സി.ബിയെ ഒന്നാം സ്‌ഥാനത്തെത്തിച്ചത്‌്. ബുധനാഴ്‌ച നടക്കുന്ന എലിമിനേറ്ററില്‍ രാജസ്‌ഥാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ചൊവ്വാഴ്‌ചയാണ് ഒന്നാം ക്വാളിഫയര്‍. ആര്‍.സി.ബിയും ഗുജറാത്തും തമ്മിലുള്ള മത്സരത്തില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ കടക്കും. തോല്‍ക്കുന്നവര്‍ എലിമിനേറ്ററിലെ ജേതാക്കളുമായി ക്വാളിഫയര്‍ 2 വില്‍ മത്സരിക്കും. വെള്ളിയാഴ്‌ചയാണു ക്വാളിഫയര്‍ 2.
സ്വന്തം തട്ടകമായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരവും തോറ്റ മുംബൈ ഇന്ത്യന്‍സ് ഒന്‍പതാം സ്‌ഥാനത്താണു ഫിനിഷ് ചെയ്‌തത്‌്. 14 കളികളില്‍നിന്ന് എട്ട് പോയിന്റാണ് മുന്‍ ചാമ്പ്യന്റെ നേട്ടം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഏറ്റവും പിന്നില്‍ 10-ാം സ്‌ഥാനത്തു ഫിനിഷ് ചെയ്‌തത്.
ഇന്നലെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ രാജസ്‌ഥാന്റെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഇംഗ്ലണ്ടുകാരന്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ (15 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 32 റണ്ണും മൂന്ന് വിക്കറ്റും) ഓള്‍റൗണ്ട് പ്രകടനമാണു രാജസ്‌ഥാനെ പ്ലേ ഓഫിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്‌ഥാന്‍ എട്ട് വിക്കറ്റിന് 205 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മുംബൈ അവസാന പന്ത് എറിഞ്ഞു കഴിയുമ്പോള്‍ ഒന്‍പത് വിക്കറ്റിന് 175 എന്ന നിലയിലായിരുന്നു.
മുന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മ (0) ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ പുറത്തായി. നമന്‍ ധീര്‍ (ആറ്), ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 34) എന്നിവരെ പുറത്താക്കിയതും ആര്‍ച്ചറാണ്. മുന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടിന് (42 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറുമടക്കം 60) ടീമിന്റെ രക്ഷയ്‌ക്കെത്താനായില്ല. യാദവിനെ നാദ്രെ ബര്‍ഗന്‍ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. വില്‍ ജാക്‌സിന്റെ (18 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 33) പ്രകടനവും ജയത്തിനായില്ല.
രാജസ്‌ഥാനായി ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യഷ് രാജ് പുഞ്ച എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. രാജസ്‌ഥാന്റെ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിനും (17 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 27) വൈഭവ് സൂര്യവംശിക്കും (ആറ് പന്തില്‍ നാല്) പതിവ് മികവ് തുടരാനായില്ല.
വൈഭവിനെ ദീപക് ചാഹാറും ജയ്‌സ്വാളിനെ വില്‍ ജാക്‌സും പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജൂറല്‍ (26 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 38), ദാസുന്‍ ശനക (15 പന്തില്‍ മൂന്ന് സിക്‌സറടക്കം 29), ഡോണോവന്‍ ഫെരേര (15 പന്തില്‍ രണ്ട് സിക്‌സറടക്കം 18) എന്നിവര്‍ തരക്കേടില്ലാതെ ബാറ്റ് ചെയ്‌തു. അവസാന ഓവറുകളില്‍ ആര്‍ച്ചറും രവീന്ദ്ര ജഡേജ (11 പന്തില്‍ പുറത്താകാതെ 19), നാദ്രെ ബര്‍ഗര്‍ (മൂന്ന് പന്തില്‍ ഒരു സിക്‌സറടക്കം പുറത്താകാതെ 10) എന്നിവരും നടത്തിയ ബാറ്റിങ്ങാണു സ്‌കോര്‍ 200 ലെത്തിച്ചത്.



