ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ടുകാരന്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌ന് അപൂര്‍വ നേട്ടം. സ്‌റ്റുട്ട്‌ഗാര്‍ട്ടിനെതിരേ നടന്ന ജര്‍മന്‍ കപ്പ് ഫൈനലില്‍ ഹാട്രിക്കടിച്ചതോടെയാണ് കെയ്‌ന്‍ ചരിത്രത്തില്‍ ഇടംപിടിച്ചത്.
ബെര്‍ലിനിലെ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന ഡി.എഫ്.ബി. ഫൈനലില്‍ ബയേണ്‍ 3-0 ത്തിനാണു ജയിച്ചത്. 55, 80, 92 മിനിറ്റുകളിലായിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ ഗോളുകള്‍. 2025-26 സീസണില്‍ കെയ്‌ന്‍ ആകെ 61 ഗോളുകളടിച്ചു. പോര്‍ചുഗലിന്റെ ഇതിഹാസ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്താന്‍ അതോടെ കെയ്‌നായി. 2014-15 സീസണില്‍ ക്രിസ്‌റ്റ്യാനോ റയാല്‍ മാഡ്രിഡിനായി
61 ഗോളുകളടിച്ചു റെക്കോഡിട്ടിരുന്നു. ജര്‍മന്‍ കപ്പ് ഫൈനലില്‍ ഹാട്രിക്കടിക്കുന്ന നാലാമനാണു കെയ്‌ന്‍. ഉവെ സീലര്‍ (1963), റോളന്‍ഡ് വോഹാത് (1986), റോബര്‍ട്ട് ലെവന്‍ഡോസ്‌കി (2012) എന്നിവരാണു മുന്‍ഗാമികള്‍. ബയേണിനെ ബുണ്ടസ് ലിഗ ജേതാക്കളാക്കിയ ശേഷമാണു കെയ്‌ന്‍ ജര്‍മന്‍ കപ്പിലും ഗോളടി തുടര്‍ന്നത്. ക്രിസ്‌റ്റ്യാനോ 54 കളികളിലായാണ് 61 ഗോളുകളടിച്ചത്. കെയ്‌ന്‍ 51 കളികളിലാണ് 61 ഗോളുകളടിച്ചത്.
കെയ്‌ന്‍ ബുണ്ടസ് ലിഗയില്‍ 36 ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ 14 ഗോളുകളും ജര്‍മന്‍ കപ്പില്‍ പത്ത് ഗോളുകളുമടിച്ചു. സൂപ്പര്‍ കപ്പില്‍ ഒരു ഗോളുമടിച്ചു. ഒരു സീസണിലെ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോഡ് അര്‍ജന്റീനയുടെ ഇതിഹാസം ലയണല്‍ മെസിക്കാണ്‌്്്. ബാഴ്‌സലോണയ്‌ക്കായി 2011-12 സീസണില്‍ മെസി 73 ഗോളുകളടിച്ചു. നിലവിലെ സീസണില്‍ റയാല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബാപ്പെ (41), മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ ഏര്‍ലിങ് ഹാളണ്ട് (38) എന്നിവരെ മറികടക്കാന്‍ കെയ്‌നായി. ആറു വര്‍ഷത്തിനു ശേഷമാണു ബയേണ്‍ ഒരേ സീസണില്‍ ബുണ്ടസ് ലിഗയും ജര്‍മന്‍ കപ്പും നേടുന്നത്.



