
വാഷിങ്‌ടണ്‍: ശുഭവാര്‍ത്ത കാത്തിരുന്ന ലോകത്തെ നിരാശരാക്കി വീണ്ടും ട്രംപിസം! ഇറാനുമായുള്ള സമാധാന കരാറിലേക്ക് വേഗത്തില്‍ എത്തിച്ചേരേണ്ടതില്ലെന്ന് യു.എസ് നയതന്ത്ര പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്‌തമാക്കി.
'സമയം നമുക്കൊപ്പമാണ്' എന്നാണ് ട്രംപ് ഇതിന് കാരണമായി പറഞ്ഞത്. ഇറാനുമായുള്ള സമാധാന കരാര്‍ ഏതാണ്ട് പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് ഒരു ദിവസം തികയുന്നതിന് മുന്‍പാണ് ട്രംപിന്റെ പുതിയ പ്രസ്‌താവന. ഇതിനു മുന്നോടിയായി, ഇറാന്‍ പതാകയേന്തിയ കപ്പലുകളെ യു.എസ് ഡ്രോണുകള്‍ കടലില്‍ വെച്ച് ആക്രമിക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്‌ത ഒരു ചിത്രം ട്രംപ് പങ്കുവെച്ചിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തിലുള്ള യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും 'ശുഭ വാര്‍ത്ത' ഉടനെന്ന രീതിയില്‍ പ്രതികരണം നടത്തിയിരുന്നു. ഹോര്‍മുസ് ചര്‍ച്ചകളില്‍ യുഎസ് 'പുരോഗതി' കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യു.എസ്-ഇറാന്‍ സമാധാന കരാറിലെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.






