
കൊച്ചി: ഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ രക്‌തം പുരണ്ട തൂവാല കോടതിയില്‍നിന്ന് കാണാതായ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കൊച്ചി സി.ബി.ഐ. കോടതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയോടാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.
സി.ജെ.എം. കോടതിയുടെ കസ്‌റ്റഡിയില്‍നിന്നാണ് രക്‌തംപുരണ്ട തൂവാല കാണാതായത്. എലി കൊണ്ടുപോയെന്നാണ് തൂവാല ഉണ്ടായിരുന്ന കവറില്‍ എഴുതിയിരുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിവായി കോടതി അംഗീകരിച്ചതിനാല്‍ തൂവാല നഷ്‌ടമായത് പ്രശ്‌നമല്ലെന്നാണ് സി.ബി.ഐയുടെ നിലപാട്.
തലശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവാണ് രക്‌തംപുരണ്ട തൂവാല. ധര്‍മടം-അണ്ടല്ലൂര്‍ ഭാഗത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ വീടിന് സമീപത്ത് നിന്നാണു തൂവാല ലഭിച്ചത്. കൊലയുടെ ഉത്തരവാദിത്വം ആര്‍.എസ്.എസ്. പ്രവര്‍ത്തകരിലേക്ക് എത്തിക്കാനായി ഗൂഢാലോചന നടത്തിയതിന്റെ തെളിവാണ് രക്‌തംപുരണ്ട തൂവാലയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.






