
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ സി.പി.ഐയില്‍ കടുത്ത ആഭ്യന്തര ചര്‍ച്ചകളും തിരുത്തല്‍ നടപടികളും ആരംഭിച്ചു. സംഘടനയ്‌ക്കുള്ളില്‍ നേരത്തെ സംഭവിച്ച പാകപ്പിഴകളും ഏകപക്ഷീയമായ നടപടികളും തിരുത്താനാണ് നേതൃത്വം ഇപ്പോള്‍ മുന്‍കൈ എടുത്തിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണം, തിരുവനന്തപുരം ആറ്റുകാല്‍ ലോക്കല്‍ സെക്രട്ടറി സ്‌ഥാനത്തുനിന്നും മുന്‍പ് മാറ്റിയ ഷിബു കെ. സുരേന്ദ്രനെ ജില്ലാ നേതൃത്വം ഇടപെട്ട് തല്‍സ്‌ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു.
മൂന്നു മാസം മുന്‍പ് നേമം മണ്‌ഡലം സെക്രട്ടറി പാപ്പനംകോട് അജയനെ ഷിബു ഫോണിലൂടെ തെറിവിളിച്ചു എന്നാരോപിച്ചായിരുന്നു നടപടി. നഗരത്തിലെ ചില ഗുണ്ടാസംഘങ്ങളുമായി ഷിബുവിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തിരക്കിട്ടാണ് അന്ന് മണ്‌ഡലം നേതൃത്വം ഷിബുവിനെ മാറ്റിയത്.
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ അമ്പലത്തറ ഭാഗത്ത് പാര്‍ട്ടിക്ക് തലവേദനയായി മാറിയ സമാന്തര പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും ജില്ലാ നേതൃത്വം കര്‍ശന നിലപാട് സ്വീകരിച്ചു കഴിഞ്ഞു. വി. ശിവന്‍കുട്ടിയെ തോല്‍പ്പിക്കാന്‍ ബി.ജെ.പി. നേതാക്കളുമായി ടെലിഫോണില്‍ സംസാരിച്ച വിവരം പുറത്തായതിനെ തുടര്‍ന്നായിരുന്നു അമ്പലത്തറ മുന്‍ കൗണ്‍സിലറും ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന വി.എസ്. സുലോചനനെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍നിന്നും സസ്‌പെന്‍ഡ് ചെയ്‌തത്. എന്നാല്‍, സസ്‌പെന്‍ഷനിലായ സുലോചനന്റെ നേതൃത്വത്തില്‍ 'പി.കെ.വി. സാംസ്‌കാരിക വേദി' എന്ന പേരില്‍ അമ്പലത്തറ ഭാഗത്ത് സമാന്തര പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് നേതൃത്വത്തിന് വെല്ലുവിളിയായിരുന്നു.






