
തിരുവനന്തപുരം/ആലപ്പുഴ: മുന്‍സര്‍ക്കാരിന്റെ നവകേരളസദസിനിടെ ആലപ്പുഴയില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിച്ചെന്ന് ആരോപണം നേരിടുന്ന എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിനെ എക്‌സൈസ് കമ്മിഷണര്‍ പദവിയില്‍നിന്ന് മാറ്റിയേക്കും. പുതിയ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകാന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി) അന്തിമ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സംസ്‌ഥാന പോലീസ് മേധാവിക്ക് ലഭിച്ചാലുടന്‍ അജിത്‌കുമാറിനെതിരേ നടപടിയുണ്ടാകുമെന്നു സൂചന.
കേസ് ഡയറി തിരുത്തി പ്രതികളെ രക്ഷിക്കാന്‍ എ.ഡി.ജി.പി. ഇടപെട്ടെന്നാണ് എസ്.ഐ.ടി. കണ്ടെത്തല്‍. പ്രതിഷേധക്കാരെ ചട്ടവിരുദ്ധമായി മര്‍ദിച്ച, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവ് ഇന്നുണ്ടായേക്കും. എസ്.ഐ.ടി. കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സുരക്ഷാ ജീവനക്കാരന്‍ എസ്. സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കെതിരേയാണ് നടപടി. വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തപ്പെടുന്ന സാഹചര്യത്തില്‍ ഇവരെ അറസ്‌റ്റ് ചെയ്യാന്‍ എസ്.ഐ.ടിക്ക് ഡി.ജി.പി. അനുമതി നല്‍കിയേക്കും. പ്രതികളുടെ മുന്‍കൂര്‍ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ ശക്‌തമായെതിര്‍ക്കും.
അന്വേഷണസംഘത്തലവന്‍ എസ്.പി: എം.പി. ഷൗക്കത്തലി ഇന്ന് അന്തിമ റിപ്പോര്‍ട്ട് ഡി.ജി.പിക്കു സമര്‍പ്പിക്കും. കരിങ്കൊടി പ്രതിഷേധക്കാരെ ലോക്കല്‍ പോലീസ് കസ്‌റ്റഡിയിലെടുത്തശേഷമാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ അകമ്പടി വാഹനത്തില്‍നിന്ന് ഇറങ്ങി ക്രൂരമായി മര്‍ദിച്ചതെന്ന് എസ്.ഐ.ടി. കണ്ടെത്തി. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും തെളിവായി ശേഖരിച്ചു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരേ ഭാരതീയ ന്യായസംഹിത പ്രകാരം വധശ്രമക്കുറ്റം ചുമത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
പ്രതികളായ അനില്‍കുമാറും സന്ദീപും ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഔദ്യോഗിക ചുമതലയുടെ ഭാഗമായി മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇടപെട്ടതെന്നാണ് ജാമ്യഹര്‍ജിയിലെ വാദം. മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കുകയെന്ന ജോലിയാണു ചെയ്‌തത്. അറസ്‌റ്റിലായി 48 മണിക്കൂര്‍ റിമാന്‍ഡിലായാല്‍ ജോലി നഷ്‌ടപ്പെടുമെന്നും അഡ്വ. ബി. ശിവദാസ് മുഖേന സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി നാളെ പരിഗണിക്കും.
കസ്‌റ്റഡിയിലുള്ളവരെ മര്‍ദിക്കുന്നതു ചട്ടവിരുദ്ധമാണെന്നും ഔദ്യോഗികചുമതലയുടെ ഭാഗമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. കേസ് ഡയറി തിരുത്താന്‍ നിര്‍ദേശിച്ചതിലൂടെ വ്യാജരേഖ ചമയ്‌ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ എഡി.ജി.പി. അജിത്‌കുമാറിനെതിരേ നിലനില്‍ക്കുമോയെന്നും എസ്.ഐ.ടി. പരിശോധിക്കുന്നു. മര്‍ദനമേറ്റ അന്നത്തെ കെ.എസ്.യു. ജില്ലാ പ്രസിഡന്റും നിലവില്‍ ആലപ്പുഴ എം.എല്‍.എയുമായ എ.ഡി. തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, അക്രമദൃശ്യങ്ങള്‍ പകര്‍ത്തിയ ചാനല്‍ ക്യാമറാമാന്‍ എന്നിവരുടെ മൊഴി എസ്.ഐ.ടി. രേഖപ്പെടുത്തി. ആദ്യം കേസ് അന്വേഷിച്ച ൈക്രംബ്രാഞ്ച് ഉദ്യോഗസ്‌ഥരില്‍നിന്നും വിവരം ശേഖരിച്ചു.






