പാലക്കാട്: തമിഴ്‌നാട് ആളിയാര്‍ ഡാമിലെ കനാലില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. കേരളത്തില്‍ ചില്ലിക്കൊമ്പന്‍ എന്ന് അറിയപ്പെടുന്ന കാട്ടാനയാണ് ചരിഞ്ഞതെന്നു സൂചന. ഇക്കാര്യത്തില്‍ തമിഴ്‌നാട് - കേരളം വനംഉദ്യോഗസ്‌ഥര്‍ ഔദ്യോഗിക സ്‌ഥിരീകരണം നല്‍കിയിട്ടില്ല.
23ന് വൈകിട്ട് നാലിനാണ് ആനമല കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ഉള്‍പ്പെടുന്ന പൊള്ളാച്ചിക്കു സമീപത്തെ ആളിയാര്‍ കോണ്ടൂര്‍ കനാലില്‍ കാട്ടാന ഒഴുക്കില്‍പ്പെട്ടതായി പ്രദേശവാസികള്‍ കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വാല്‍പ്പാറ-പൊള്ളാച്ചി റേഞ്ച് പരിധിയിലെ തമിഴ്‌നാട് വനംഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. കനാലിലെ ജലപ്രവാഹം കുറയ്‌ക്കാന്‍ നടപടി സ്വീകരിച്ചെങ്കിലും ഒഴുക്കില്‍പ്പെട്ട കാട്ടാനയെ രക്ഷിക്കാനായില്ല.
തിരുമൂര്‍ത്തി അണക്കെട്ട് ഭാഗത്തുനിന്ന് ഇന്നലെ രാവിലെ ആനയുടെ ജഡം തമിഴ്‌നാട് വനം വകുപ്പ് പുറത്തെടുത്തു. ഉടുമലയിലെ വനപാലകര്‍ ജഡം പരിശോധിക്കും. കോണ്ടൂര്‍ കനാലില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ആന ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ആളിയാര്‍ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇടയ്‌ക്കു നെല്ലിയാമ്പതി ജനവാസമേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പന്‍ നാട്ടുകാര്‍ക്കു കാര്യമായ പ്രശ്‌നങ്ങളോ പ്രയാസമോ സൃഷ്‌ടിക്കാറില്ല. ഈറ്റത്തണ്ട് പോലുള്ള കൊമ്പുകളുള്ളതിനാലാണ് ആനയ്‌ക്ക് നാട്ടുകാര്‍ ചില്ലിക്കൊമ്പന്‍ എന്ന് പേരിട്ടത്.






