
ഭാഷാശ്രീ സാംസ്കാരിക മാസികയുടെ പതിനാലാം സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിന് ജി.കണ്ണനുണ്ണിയുടെ ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും എന്ന പുസ്തകം അർഹമായി. കോഴിക്കോട് പേരാമ്പ്ര റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ മാർച്ച് 28 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും, തിരക്കഥാകൃത്തുമായ ജയചന്ദ്രൻ മൊകേരി പുരസ്കാരം സമ്മാനിക്കും.
ഇത്തവണത്തെ എസ്. കെ. പൊറ്റെക്കാട് ബാലസാഹിത്യ പുരസ്കാരവും ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും എന്ന സാമൂഹിക പ്രതിബദ്ധതയുള്ള ജി.കണ്ണനുണ്ണിയുടെ പുസ്തകം സ്വന്തമാക്കിയിരുന്നു. ലഹരിയിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്ന സൂപ്പർ ഹീറോ ആയ എക്സൈസ് ഇൻസ്പെക്ടറും, അതിലേക്ക് വഴി തെളിക്കുന്ന കുഞ്ഞൻ ബ്രോയും ആണ് ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും എന്ന കഥയിലെ നായകർ .
ലഹരി മാഫിയ എങ്ങനെ കുട്ടികളെ സമീപിക്കാം എന്നും എങ്ങനെ അവരിൽ നിന്ന് രക്ഷ നേടണം എന്നും കുട്ടികൾക്ക് പറഞ്ഞു നൽകുന്ന ,ലളിതമായി മനസ്സിലാക്കാവുന്ന 12 കഥകളുടെ സമാഹാരമാണ് ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും എന്ന ബാലസാഹിത്യ പുസ്തകം. .
ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും എന്ന പുസ്തകത്തിൻ്റെ കഥകൾക്ക് അനുയോജ്യമായ വരകൾ ഒരുക്കിയത് രാജൻ സോമസുന്ദരമാണ്. മുൻ ആകാശവാണി സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാലാണ് അവതാരിക ഒരുക്കിയിരിക്കുന്നത്. ബാലസാഹിത്യകാരനും മിമിക്രി കലാകാരനും റേഡിയോ അവതാരകനും പത്രപ്രവർത്തകനും ആണ് ജി കണ്ണനുണ്ണി. അനൂസ് ഹെർബ്സ് സിഇഒ അനു കണ്ണനുണ്ണിയാണ് ഭാര്യ.
മിമിക്രി കലാകാരനും ജൂനിയർ മോഡലുമായ അപ്പുണ്ണിയാണ് മകൻ. മ്മള് ഒരു കഥ പറയട്ട് ആണ് ആലപ്പുഴ സ്വദേശിയായ കണ്ണനുണ്ണിയുടെ ആദ്യ ബാലസാഹിത്യ പുസ്തകം. മല്ലു സെൽഫി എന്ന സമൂഹിക വിമർശനമുള്ള ചിരി പുസ്തകമാണ് കണ്ണനുണ്ണിയുടെ ഏറ്റവും പുതിയ പുസ്തകം.

