തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കേരള മുഖ്യമന്ത്രിയെ ആക്ഷേപിക്കാന്‍ രേവന്ത് റെഡ്ഡി ആരാണെന്ന് ബ്രിട്ടാസ് ചോദിച്ചു. കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചോ സംസ്കാരത്തെക്കുറിച്ചോ യാതൊരു അറിവുമില്ലാത്ത വ്യക്തിയാണ് രേവന്ത് എന്നും പറഞ്ഞു.
രേവന്ത് റെഡ്ഡി അപമാനിച്ചത് കേരളത്തിന്റെ അന്തസ്സിനെയാണെന്നും മലയാളിയുടെ ആത്മഭിമാനത്തെ മുറിപ്പെടുത്തുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു. റെഡ്ഡി സ്വന്തം ലെറ്റര്‍ ഹെഡില്‍ എഴുതിവിട്ട സിനിമാ ഡയലോഗുകള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത് സ്വാഭാവികമാണ്. എന്നാല്‍ ആ കുറിപ്പുകളില്‍ എന്താണ് ഉള്ളതെന്ന് പോലും രേവന്തിന് അറിയില്ലായിരിക്കാം. കെ.സി. വേണുഗോപാലോ മറ്റു കോണ്‍ഗ്രസ് നേതാക്കളോ എഴുതി നല്കിയ വരികളാകാം അതെന്നും ബ്രിട്ടാസ് ആരോപിച്ചു.
തെലങ്കാനയില്‍ നിന്ന് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ ഏകദേശം ആയിരം കോടി രൂപയെങ്കിലും കേരളത്തിലേക്ക് എത്തിയിട്ടുണ്ടാകാം. ആ സാമ്പത്തിക ആനുകൂല്യം മുന്നില്‍ കണ്ടാണ് അദ്ദേഹത്തെ കേരളത്തില്‍ കൊണ്ടുവന്ന് വലിയ പ്രാധാന്യം നല്‍കിയതെന്ന് ബ്രിട്ടാസ് പരിഹസിച്ചു.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവുമായി രേവന്ത് റെഡ്ഡിക്ക് എന്ത് ബന്ധമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ആഭ്യന്തര കാര്യങ്ങളിലും രാഷ്ട്രീയത്തിലും ഇടപെടാന്‍ ഒരു 'തെലുങ്കന്' ആരാണ് അധികാരം നല്‍കിയതെന്നും ചോദിച്ചു. രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയെ ആക്ഷേപിച്ചപ്പോള്‍ ആദ്യം അദ്ദേഹം മൗനം പാലിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് അധിക്ഷേപം തുടര്‍ന്നപ്പോഴാണ് മറുപടി നല്കാന് മുഖ്യമന്ത്രി നിര്‍ബന്ധിതനായതെന്ന് ബ്രിട്ടാസ് വ്യക്തമാക്കി.






