ന്യുഡല്‍ഹി: കടുത്ത രാഷ്ട്രീയപ്പോര് മുറുകുന്നതിനിടയില്‍ വനിതാ സംവരണ ഭേദഗതി ബില്ലിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കും. സ്ത്രീശാക്തീകരണത്തിന്റെ നാഴികക്കല്ലാവുമോ അതോ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ തട്ടി ബില്‍ തടയപ്പെടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. പുലര്‍ച്ചെ ഒരു മണി വരെ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വോട്ടെടുപ്പ് വരുന്നത്.
ലോക്സഭയിലെ ആകെയുള്ള 543 സീറ്റുകളില്‍ 33 ശതമാനം സ്ത്രീകള്‍ക്കായി മാറ്റിവെക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിനാല്‍ ബില്‍ പാസാക്കിയെടുക്കുക സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്. ഭരണഘടനാ ഭേദഗതിയായതിനാല്‍ ഹാജരായ അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിന്റെ പിന്തുണ ബില്ലിന് അത്യാവശ്യമാണ്.
നിലവില്‍ എന്‍.ഡി.എ മുന്നണിക്ക് ആവശ്യമായ ഭൂരിപക്ഷത്തില്‍ 69 അംഗങ്ങളുടെ കുറവുണ്ട്. രാജ്യത്തെ പകുതി വരുന്ന സ്ത്രീജനതയെ ഭരണത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള ചരിത്രപരമായ നീക്കമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
വികസന കുതിപ്പിന് ഈ നിയമം കരുത്തേകുമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ബില്ലിനെ എതിര്‍ക്കുന്നവരെ രാജ്യം മാപ്പ് നല്‍കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും വിശദീകരിച്ചു. അതേസമയം നിലവിലുള്ള സീറ്റുകളില്‍ ഉടന്‍ തന്നെ സംവരണം നടപ്പിലാക്കാന്‍ തടസ്സമെന്താണെന്നും അവര്‍ ചോദ്യമുയര്‍ത്തുന്നു. 2029-ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മണ്ഡല പുനര്‍നിര്‍ണ്ണയം നടത്താനുള്ള രാഷ്ട്രീയ തന്ത്രമാണ് ബില്ലിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നേരത്തേ ബില്‍ അവതരണാനുമതി 185 വോട്ടിന് മേല്‍ 251 വോട്ടുകള്‍ക്ക് പാസ്സാക്കിയിരുന്നു.






