നോയ്ഡ: നോയ്ഡയിലെ തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് സമരക്കാരെ കാണാനെത്തിയ സിപിഐഎം പ്രതിനിധി സംഘത്തെ നോയ്ഡയില് ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും, എ എം റഹീമും കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എംപിമാര്‍ അടക്കമുള്ള സംഘത്തെയാണ് നോയ്ഡയിലേക്ക് എത്തും മുമ്പായി തടഞ്ഞു നിര്‍ത്തിയത്.
സമരത്തിനെതിരേ നേരത്തേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കുകയും കര്‍ശന നടപടിയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഈ സംഘര്‍ഷത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരോപിച്ചിരുന്നത്. സമരത്തില്‍ അനേകം പേരെ നേരത്തേ പോലീസ് അറസ്റ്റ ്ചെയ്തിരുന്നു. അക്രമാസക്തമായ സമരം പോലീസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് നിയന്ത്രിച്ചിരുന്നു.
ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘമെത്തിയാണ് നേതാക്കളെ തടഞ്ഞത്. ക്രമസമാധാന പ്രശ്നം ഉള്ളതിനാല്‍ മുമ്പോട്ട് വിടാനാകില്ലെന്നായിരുന്നു പോലീസ് നിലപാട്. തുടര്‍ന്ന് നേതാക്കള്‍ വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ജില്ലാ മജിസ്്രേടറ്റിനെ കാണാന്‍ അവസരം ഒരുക്കിത്തരാമെന്നാണ് അറിയിച്ചിരിക്കുന്നത്. പോലീസ് ക്യാംപിലാണ് എംപിമാരും എംഎ ബേബിയും അടക്കമുള്ളവര്‍.
നേരത്തേ ഈ തൊഴിലാളിസമരത്തിന് സിപിഐഎം പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൊഴില്‍സമയം കുറയ്ക്കണമെന്നും കൂലി വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത്. നൂറുകണക്കിന് തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് സമരം അക്രമാസക്തമാകുകയൂം വസ്തുവകകള്‍ നശിപ്പിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു പോലീസ് അറസ്റ്റ് ഉണ്ടായത്. സമരം ശക്തമായതോടെ ശമ്പള വര്‍ദ്ധന അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനത്തിലേക്ക് നീങ്ങുകയാണ് യുപി സര്‍ക്കാര്‍.






