കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ആരാകുമെന്ന കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.കെ. രാഘവന് എംപി രംഗത്തെത്തി. ഹൈക്കമാന്‍ഡ് തീരുമാനിക്കേണ്ട കാര്യങ്ങള്‍ തെരുവിലേക്ക് വലിച്ചിഴക്കുന്ന അവസ്ഥയാണെന്നും ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു കീഴ്വഴക്കവുമില്ലാതെ നടപടിക്രമങ്ങള്‍ക്ക് മുമ്പായി ചര്‍ച്ചകള്‍ വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഹൈക്കമാന്‍ഡ് മുമ്പിലുള്ളപ്പോള്‍ എന്തിനാണ് ഇത്തരം അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും എം.കെ. രാഘവന് ആവര്‍ത്തിച്ചു.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയാണ് ഈ വിവാദങ്ങള്‍ക്കെല്ലാം തുടക്കമിട്ടതെന്ന് എം.കെ. രാഘവന് തുറന്നടിച്ചു. ഇത്തരം കാര്യങ്ങള്‍ പറയാന്‍ ഷിയാസിന് എന്ത് അര്‍ഹതയാണുള്ളതെന്നും അദ്ദേഹത്തിന്റേത് തികച്ചും അപക്വമായ നടപടിയാണെന്നും എംപി പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ച ആദ്യം ആരംഭിച്ചത് എറണാകുളത്ത് നിന്നാണെന്നും അതിന് പിന്നാലെയാണ് സൈബറിടങ്ങളില്‍ വലിയ വിവാദങ്ങള്‍ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.ഡി. സതീശന് അറിഞ്ഞാണോ ഷിയാസ് ഇത് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ സതീശന് അത്തരമൊരു അബദ്ധം പറയുന്ന ആളാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യമില്ലായിരുന്നുവെന്നും നേതാക്കള്‍ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് രാഘവന് വെളിപ്പെടുത്തിയത്. തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യം കോഴിക്കോട് യുഡിഎഫിന് ഒരു സീറ്റ് കൂടി ഉറപ്പാക്കാനാണെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്നോട് ഇത്തരത്തില്‍ സംസാരിച്ചവര്‍ തന്നെ പിന്നീട് ഡല്‍ഹിയില്‍ പോയി എംപിമാര്‍ മത്സരിക്കരുതെന്ന് വാശിപിടിക്കുകയായിരുന്നു. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാന്ഡിന്റേതല്ലെന്നും മറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ദുര്‍വാശിയാണെന്നും അദ്ദേഹം തുറന്നുകാട്ടി.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രസ്താവനകളെയും എം.കെ. രാഘവന് തള്ളിക്കളഞ്ഞു. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്ന് പറയാന്‍ സണ്ണി ജോസഫിന് എന്ത് അറിവാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. തോല്‍വി ഉറപ്പായ സീറ്റുകളില്‍ എംപിമാരെ മത്സരിപ്പിച്ച് ജയിപ്പിച്ചെടുക്കുന്നതില്‍ തെറ്റില്ലെന്നും സ്വന്തം തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡിന്റെ തലയില്‍ ഇടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ സമയം വരുമ്പോള്‍ വെളിപ്പെടുത്തുമെന്നും എം.കെ. രാഘവന് ആവര്‍ത്തിച്ചു.






