ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇന്ത്യയെ നരകതുല്യമായ രാജ്യമെന്ന് അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കിട്ടതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിക്കാത്തതും അനുചിതവും മോശവുമാണ് പരാമർശം എന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ഇന്ത്യൻ മാധ്യമങ്ങളും യുഎസിലെ ഇന്ത്യൻ സംഘടനകളും പ്രശ്നം ഏറ്റെടുത്തതോടെ പരിഹാര മാർഗവുമായി യുഎസ് എംബസി രംഗത്ത് വന്നു. തന്റെ ഏറ്റവും വലിയ സുഹൃത്ത് നയിക്കുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ എന്ന് ട്രമ്പ് പറഞ്ഞതായി എംബസി അധികൃതർ പറയുന്നു. എന്നാൽ, ഇതേക്കുറിച്ച് വ്യക്തത വന്നിട്ടില്ല.
റേഡിയോ അവതാരകനായ മൈക്കൽ സാവേജ് ഇന്ത്യയെയും ചൈനയെയും മറ്റ് ചില രാജ്യങ്ങളെയും "നരകക്കുഴികൾ" എന്ന് അധിക്ഷേപിച്ചുകൊണ്ട് എഴുതിയ കുറിപ്പാണ് ട്രമ്പ് റീപോസ്റ്റ് ചെയ്തത്. ഇതിനെക്കുറിച്ച് ഇന്ത്യൻ മാധ്യമങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് യുഎസ് വക്താവ് പ്രസ്താവന ഇറക്കിയത്.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ട്രംപിന്റെ പോസ്റ്റിനെതിരെ ശക്തമായി രംഗത്തെത്തി. "ഇന്ത്യൻ, ചൈനീസ് അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള വിദ്വേഷകരവും വംശീയവുമായ ഈ കുറിപ്പ് പ്രസിഡന്റ് പങ്കുവെച്ചതിൽ ഞങ്ങൾ അങ്ങേയറ്റം അസ്വസ്ഥരാണ്," സംഘടന പ്രസ്താവനയിൽ പറഞ്ഞു.
വംശീയതയും വിദേശികളോടുള്ള ഭയവും വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, രാജ്യത്തെ പ്രസിഡന്റ് ഇത്തരം പ്രസംഗങ്ങളെ പിന്തുണയ്ക്കുന്നത് സമൂഹത്തെ കൂടുതൽ അപകടത്തിലാക്കുമെന്ന് സംഘടന കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് പിൻവലിക്കണമെന്നും ഏഷ്യൻ അമേരിക്കക്കാർ രാജ്യത്തിന് നൽകിയ സംഭാവനകളെ അംഗീകരിക്കണമെന്നും അവർ ട്രമ്പിനോട് ആവശ്യപ്പെട്ടു.
ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിൽ വന്ന് പ്രസവിക്കുന്നുവെന്നും, നിലവിലെ നിയമം അവർക്ക് ഉടനടി പൗരത്വം നൽകുന്നുവെന്നും സാവേജ് തന്റെ വിദ്വേഷ കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയിൽ ജനിക്കുന്ന ഒരു കുട്ടി പെട്ടെന്ന് തന്നെ പൗരനായി മാറുന്നു. പിന്നീട്, അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഭൂമിയിലെ മറ്റേതെങ്കിലും നരകക്കുഴിയിൽ നിന്നോ തങ്ങളുടെ മുഴുവൻ കുടുംബത്തെയും ഇങ്ങോട്ട് കൊണ്ടുവരുന്നു. ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാരെ ‘ലാപ്ടോപ്പുകളുമായി എത്തിയ ഗുണ്ടകൾ’ എന്നും അമേരിക്കൻ പതാകയെ അവഹേളിച്ചവരെന്നും കുറിപ്പിൽ വിശേഷിപ്പിക്കുന്നുണ്ട്.






