തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആകാശത്ത് വര്‍ണവിസ്മയം തീര്ക്കുന്നവരില് പ്രധാനിയായിരുന്നു വെടിക്കെട്ടുപുര തീപിടിത്തത്തില്‍ ജീവന് നഷ്ടമായ മുണ്ടത്തിക്കോട് സതീഷ്. പൂരത്തിന്റെ ചരിത്രത്തില്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ വെടിക്കെട്ട് കരാര്‍ ഒരേസമയം ഏറ്റെടുത്ത ചരിത്രവും സതീഷിനു സ്വന്തം. 2024ലായിരുന്നു ഇത്. അന്ന് സാങ്കേതിക പ്രശ്നം മൂലം പാറമേക്കാവിന്റെ വെടിക്കെട്ടു കരാറുകാരന് ലൈസന്‍സ് നല്കാന് പ്രയാസം വന്നതോടെ അന്നത്തെ കലക്ടര്‍ വി.ആര്.കൃഷ്ണ തേജ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
അദ്ദേഹം ഇരു ദേവസ്വങ്ങളുടെയും സഹകരണം അഭ്യര്‍ഥിച്ചു. തുടര്‍ന്നു നടത്തിയ ചര്‍ച്ചകളിലൂടെയാണ് ഒരേ കരാറുകാരന് മതിയെന്നു തീരുമാനിച്ചത്. പൂരങ്ങളില്‍ ആകാശത്ത് വെള്ളച്ചാട്ടവും വര്‍ണമഴയും സൂര്യകാന്തിയും വിരിയിക്കാന്‍ കേമനായിരുന്നു മുണ്ടത്തിക്കോട് സതീഷ്. മെഡിക്കല്‍ കോളജിലെ ബേണ്‍ ഐ.സി.യുവിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ് ഇന്നലെ ഉച്ചക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. പൂരത്തിനു ശക്തമായ മത്സരം നടക്കുന്നത് കുടമാറ്റത്തിനും വെടിക്കെട്ടിനുമാണ്.
അതീവ രഹസ്യമായാണ് വെടിമരുന്നു തയാറാക്കുന്നതും പൊട്ടിക്കുന്നതും. പരിചയമില്ലാത്തവരെയോ മറുപക്ഷക്കാരെന്നു കരുതുന്നവരെയോ മുന്‍പു വെടിക്കെട്ടു പൂരയിലേക്കു പോലും കടത്താറില്ലായിരുന്നു. ഇങ്ങനെ നടത്തിയ വെടിക്കെട്ട് പുരയിലാണ് അപകടം ഉണ്ടായത്.
വെടിക്കെട്ടുകള്‍ക്ക് പേരുകേട്ട നെന്മാറ വല്ലങ്ങി വേല, കാവശേരി പൂരം, പാവറട്ടി പെരുനാള് തുടങ്ങി കേരളത്തിന്റെ എല്ലായിടങ്ങളിലും സതീഷ് വെടിക്കെട്ടൊരുക്കിയിട്ടുണ്ട്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പൊട്ടി പൊട്ടി വിടരുന്ന നിലയമിട്ടുകളായിരുന്നു മുണ്ടത്തിക്കോട് സതീഷിന്റെ മാസ്റ്റര്‍പീസ് ഐറ്റം. പനയും തെങ്ങും വര്‍ണമഴയും വെള്ളച്ചാട്ടവും ത്രിവര്‍ണപതാകയും സ്വര്‍ണനാണയ പെരുമഴയും സൂര്യകാന്തിയും അടക്കമുള്ള അമിട്ടുകള്‍ വെടിക്കെട്ട് പ്രമികള്ക്കായ് സതീഷ് മാനത്ത് വിരിയിച്ചു.
കരിമരുന്ന് രംഗത്ത് പ്രശസ്തനായിരുന്ന അച്ഛന് മുണ്ടത്തിക്കോട് മണിയില്‍ നിന്നാണ് സതീഷ് കരിമരുന്നിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അച്ഛന്റെ കാലം മുതല്‍ 40 വര്‍ഷമായി മുണ്ടത്തിക്കോട് പാടത്തിന് നടുവിലുള്ള തുരുത്തില് ഇവര്‍ വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്നത്. അമ്മ: കമലാക്ഷി അച്ഛന്റെ മരണത്തെത്തുടര്‍ന്നാണ് സതീഷ് വെടിക്കെട്ട് ചുമതല ഏറ്റെടുക്കുന്നത്. സതീഷിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി എട്ടാമത്തെ വര്‍ഷമായിരുന്നു ഇത്. വര്‍ണത്തിനും ശബ്്ദത്തിനും ഒരേപോലെ പ്രാധാന്യം നല്‍കുന്നതായിരുന്നു സതീഷിന്റെ ശൈലി.
വെടിക്കെട്ട് പ്രേമികളുടെ പ്രിയങ്കരനായി ഇദ്ദേഹത്തെ മാറ്റിയതും ഈ ശൈലിയാണ്. ഓരോ വര്‍ഷവും പുതുമകള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. ഈ വര്‍ഷം യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാന സന്ദേശം നല്കുന്ന വര്‍ണകാഴ്ചകള്‍ പൂരം വെടിക്കെട്ടില്‍ ഉണ്ടാകുമെന്ന് അദ്ദേഹം ദുരന്തത്തിന് തൊട്ടുമുമ്പ് വെടിക്കെട്ട് പുരയിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞിരുന്നു.






