തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിനായി മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ നടത്തുന്ന ഒളിപ്പോരില്‍ ആടിയുലഞ്ഞു കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളും അവരെ അനുകൂലിക്കുന്ന എം.പിമാരും എം.എല്‍.എമാരും മറ്റു നേതാക്കളും ചേരി തിരിഞ്ഞു സാമൂഹിക മാധ്യമങ്ങളിലടക്കം നടത്തുന്ന വിഴുപ്പലക്കലില്‍ യു.ഡി.എഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ വിയര്‍പ്പൊഴുക്കിയ പ്രവര്‍ത്തകര്‍ പകച്ചു നില്‍ക്കുകയാണ്.
കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളായ കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് വേണ്ടിയാണ് പരസ്യമായും രഹസ്യമായും അണിയറയില്‍ കളികള്‍ പുരോഗമിക്കുന്നത്. യു.ഡി.എഫിന് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചാല്‍ ഈ മൂന്ന് പേരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷണം. അതുകൊണ്ട് തന്നെ പിന്തുണ തേടിയുള്ള പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്.വന്‍ പി. ആര് വര്‍ക്കും നടക്കുന്നുണ്ട്. ഇതിനിടെയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ പ്ളാന്‍ ചെയ്തുകൊണ്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ചര്‍ച്ചകള്‍ പുറത്തായത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്.
സൈബറിടത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ തന്നെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. കൊച്ചി കേന്ദ്രീകരിച്ച് ചില നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഇലക്ഷന് 2026 വി.ഡി.എസ്' എന്ന വാടസ് ആപ്പ് ഗ്രൂപ്പിലെ വിവരങ്ങളാണ് ചോര്‍ന്നത്. വി.ഡി. സതീശന്റെ സോഷ്യല്‍ മീഡിയ സ്ര്ടാറ്റജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഒരാള്‍ നയിക്കുന്ന ഈ ഗ്രൂപ്പില്‍, കെ.സി. വേണുഗോപാല്‍, കെ. സുധാകരന്, റോജി എം. ജോണ്‍ തുടങ്ങിയ നേതാക്കളെ ലക്ഷ്യം വെച്ച് സൈബര്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളാണുള്ളത്.
സംഘപരിവാര്‍ ചായ്ള്ള ചാനലുകളുടെ യുട്യൂബ് സി.ഇ.ഒ പദവി വഹിച്ചിരുന്ന ആള്, മുതിര്‍ന്ന നേതാവിന്റെ സ്ര്ടാറ്റജിസ്റ്റ് ആയതിനെതിരേ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ അടക്കം പറച്ചിലുകള്‍ ഉണ്ടായിരുന്നു. മറ്റ് മുതിര്‍ന്ന നേതാക്കളെ മോശക്കാരായി ചിത്രീകരിച്ച് ഈ നേതാവിനെ മാത്രം ഉയര്‍ത്തിക്കാട്ടാനുള്ള ഇവരുടെ നീക്കങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുക മാത്രമല്ല, പാര്‍ട്ടിക്കു തന്നെ വന്‍ തിരിച്ചടിയാകുകയും ചെയ്തു.ലീഗ് അടക്കമുള്ള ഘടക പാര്‍ട്ടികള്‍ അതൃപ്തി പരസ്യമായി അറിയിച്ചിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം തന്നെ പോരിന് മുന്നില്‍ നില്ക്കുന്നു എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
നേതാക്കള്‍ക്കെതിരായ സൈബര്‍ ക്വട്ടേഷനാണ് സമൂഹത്തില്‍ മാധ്യമ ങ്ങളില്‍ നടന്നത്. കെ.സി. വേണുഗോപാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേരളത്തിലേക്ക് വരേണ്ടതില്ലെന്നുമുള്ള തരത്തില്‍ പ്രചാരണം നടത്താനാണ് ഗ്രൂപ്പിലെ നിര്‍ദ്ദേശം.
സംഘടനാകാര്യ ജനറല്‍ സെക്രട്ടറി പ്രവര്‍ത്തിക്കേണ്ടത് കേരളത്തില്‍ മാത്രമല്ലെന്ന് ചാറ്റില്‍ വിമര്‍ശനം.
ഈ പണി മറ്റ് സംസ്ഥാനങ്ങളില്‍ എടുത്താല്‍ ജയിക്കാമായിരുന്നു എന്ന് പരിഹാസം. മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന് സംസ്ഥാനങ്ങളിലെ തിരിച്ചടിക്ക് കാരണം കെ.സി. വേണുഗോപാലെന്നും കുറ്റപ്പെടുത്തല്‍. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ് ആഹ്വാനം ചെയ്യുന്നത്.
കെ.സി. മുഖ്യമന്ത്രിയാകണന്ന ആവശ്യം കെ. സുധാകരന് അടക്കമുള്ളവര്‍ ഉയര്‍ത്തിയപ്പോഴായിരുന്നു ഈ നീക്കം. 'കണ്ണൂര്‍ സിംഹമല്ല, ഏതു... സിംഹം അലറിയാലും കഷ്ടപ്പെടുന്നവനോടൊപ്പമാണ് ജനങ്ങള്‍' എന്ന നിലയില്‍ കെ. സുധാകരനെതിരേയും പ്രചാരണം നടത്താന്‍ ഗ്രൂപ്പില്‍ ആവശ്യപ്പെടുന്നുവെന്നാണ് വിവരം.
വേണുഗോപാലിനെ പിന്തുണച്ച റോജി എം. ജോണിനെതിരേ സൈബര്‍ ആക്രമണം നടത്താനും ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്. റോജിയെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യണം എന്നതാണ് ഇതില്‍ സൂചിപ്പിക്കുന്നത് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിയില്‍ മൂന്ന് പ്രമുഖ നേതാക്കളും മൂന്ന് തന്ത്രങ്ങളുമായാണ് മുന്നോട്ട് നീങ്ങുന്നത്. അഞ്ചു വര്‍ഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ തനിക്ക് സ്വാഭാവികമായ അര്‍ഹത നല്‍കുന്നുവെന്ന് വി.ഡി. സതീശനും അദ്ദേഹത്തിന്റെ അനുയായികളും ഉറച്ചു വിശ്വസിക്കുന്നു. സോഷ്യല്‍ മീഡിയയിലെ വലിയ പിന്തുണയും ഇവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
എന്നാല്‍, സംഘടനാ രംഗത്തെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയവും മുതിര്‍ന്ന നേതാവെന്ന പരിഗണനയും തനിക്ക് തുണയാകുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ. സമുദായ നേതാക്കളുടെ പിന്തുണയും തന്റെ ക്യാമ്പിന് അനുകൂലമാകുമെന്ന് അദ്ദേഹം കരുതുന്നു.
അതേസമയം, പരസ്യമായ അവകാശവാദങ്ങളുമായി രംഗത്തില്ലെങ്കിലും ഹൈക്കമാന്‍ഡിലുള്ള സ്വാധീനവും ഒരു വിഭാഗം യുവ എം.എല്‍.എമാരുടെ പിന്തുണയും കെ.സി. വേണുഗോപാലിന്റെ സാധ്യതകള്‍ക്ക് കരുത്തു പകരുന്ന ഘടകങ്ങളാണ്.






