ബംഗളൂരു: കർണാടക പരീക്ഷാ അതോറിറ്റിയുടെ കർശന നിർദേശം ഉണ്ടായിരുന്നിട്ടും കെസെറ്റ് (കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ്) പരീക്ഷയ്ക്ക് എത്തിയ മൂന്ന് വിദ്യാർത്ഥികളുടെ പൂണൂൽ ഊരിച്ചതായി പരാതി. മതപരമായ ചിഹ്നങ്ങൾ നീക്കം ചെയ്യാൻ വിദ്യാർത്ഥികളെ നിർബന്ധിക്കരുത് എന്ന നിർദേശമാണ് കോളജ് അധികൃതർ മറികടന്നത്.
ഒരു വിദ്യാർത്ഥിയുടെ രക്ഷകർത്താവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മൂന്ന് ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന കെസെറ്റ് പരീക്ഷയിൽ ബംഗളൂരുവിലെ കൃപാനിധി കോളജിലാണ് സംഭവം നടന്നത്. പരീക്ഷയ്ക്ക് മുന്നോടിയായി ദേഹപരിശോധന നടത്തിയ കോളജ് ജീവനക്കാർ നിർബന്ധപൂർവം പൂണൂൽ അഴിപ്പിക്കുകയായിരുന്നു. മൂന്ന് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും നൽകിയ പരാതിയെ തുടർന്ന് കോളജ് അധികൃതർ മൂന്ന് ജീവനക്കാരെയും സസ്പെൻഡ് ചെയ്തു.
അതേസമയം, സിദ്ധരാമയ്യ സർക്കാർ ഹിന്ദു വിരുദ്ധമാണെന്ന് സംഭവത്തെ വിമർശിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷിയായ ബിജെപി രംഗത്ത് വന്നു. ഭരണഘടനയെ കുറിച്ച് അനന്തമായി സംസാരിക്കുന്ന സിദ്ധരാമയ്യ വിദ്യാർത്ഥികളുടെ മതസ്വാതന്ത്ര്യം ലംഘിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് പറഞ്ഞു.






