കണ്ണൂര്‍: അഞ്ചരക്കണ്ടി ബിഡിഎസ് കോളേജില്‍ വിദ്യാര്‍ത്ഥി നിതിന്‍രാജ് മരണമടഞ്ഞ സംഭവത്തില്‍ കോളേജിലെ അദ്ധ്യാപകനും കേസിലെ പ്രധാനപ്രതിയുമായ ഡോ. എം.കെ. റാമിന് മുന്‍കൂര്‍ജാമ്യം നിഷേധിച്ചു. കേസിലെ രണ്ടാമത്തെ പ്രതിയായ സംഗീതയ്ക്ക് മുന്‍കൂര്‍ജാമ്യം നല്‍കുകയും ചെയ്തു. തലശ്ശേരി സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
പട്ടികവിഭാഗത്തില്‍ പെടുന്ന ജാതിയില്‍ പെട്ടയാളാണ് താനെന്നും ഒരിക്കലും ജാതി പറയാന്‍ ശ്രമിച്ചിട്ടില്ലെന്നുമുള്ള ഡോ. റാമിന്റെ വാദം കോടതി തള്ളി. റാം ഒബിസി വിഭാഗത്തില്പെടുന്നയാള് അല്ല മുന്‍കൂര്‍ജാമ്യത്തിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയും ചെയ്തു. സ്ളംഡോഗ് എന്ന രീതിയില്‍ നിതിനെതിരേ ഡോ. റാം നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ നല്കിയ മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമായി കോടതി കണക്കാക്കുകയും ചെയ്തു.
നിതിന്‍ ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ റാം നടത്തിയ പരാമര്‍ശവും കുട്ടികള്‍ കോടതിയില്‍ മൊഴിയായി നല്‍കിയിരുന്നു. സംഭവം നടന്ന ശേഷം റാം പറഞ്ഞത് സഹതാപം കിട്ടാന്‍ അങ്ങിനെ ചെയ്തതാണെന്നായിരുന്നു പ്രതികരിച്ചത്. നിതിന്‍രാജിന്റെ മരണത്തിന് പിന്നില്‍ റാം തന്നെയാണെന്നായിരുന്നു പ്രോസിക്യൂഷന് വാദം. നേരത്തേ ലോണ്‍ ആപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന തരത്തിലായിരുന്നു ആദ്യം പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ മരണമടയുന്നതിന് മുമ്പായി കോളേജില്‍ നിതിന്‍രാജ് കടുത്ത മാനസീക സമ്മര്‍ദ്ദത്തിന് ഇരയായതായും നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു.






