തിരുവനന്തപുരം: ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട സാഹചര്യത്തെ നേരിടാന്‍ പദ്ധതികളുമായി സര്‍ക്കാര്‍. പൊതുഇടങ്ങളില്‍ തണ്ണീര്‍പന്തലുകളും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കൂള്റൂഫും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കുടുതല്‍ തുക വകയിരുത്തും. ഇന്ന് ഓണ്‍ലൈനായി മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കും. കുടിവെള്ളം ഒ.ആര്.എസ്. എന്നിവയോടെ ബസ്, ഓട്ടോ, ടാക്സി സ്റ്റാന്റുകള്‍ പോലെയുള്ള പൊതുഇടങ്ങളില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കും. അംഗന്‍വാടികളിലും സ്കുളുകളിലും കൂള്റൂഫ് സജ്ജീകരിക്കാനും നിര്‍ദേശമുണ്ട്. ട്രാഫിക്കിന്റെ ഭാഗമായി ഇരുചക്രവാഹനത്തില്‍ എത്തുന്നവര്‍ ഏറെ സമയം നില്‍ക്കേണ്ടി വരുന്നത് സൂര്യാഘാതത്തിന് കാരണമായി മാറുന്നതിനാല്‍ സിഗ്നലിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും തീരുമാനമുണ്ട്.






