തിരുവനന്തപുരം : സൂര്യാതപം, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആളുകള്‍ക്ക് പൊള്ളലേറ്റു. ചെമ്മാട് വാഹനം കാത്തു നിൽക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് സൂര്യാതപമേറ്റിരുന്നു. തിരൂരങ്ങാടി കെ സി റോഡ് സ്വദേശി അസീസ് - ഫരീദ ദമ്പതികളുടെ മകൻ അഫ്നാൻ ആണ് പരിക്കേറ്റത്.
കൊല്ലത്ത്കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം. രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിടത്തിലേക്ക് പോയതാണ് ബേബി. 11.30 യോടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് മരിച്ച ബേബി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.
ഹരിത കര്‍മ്മ സേനാംഗത്തിന് സൂര്യാഘാതത്തില്‍ പൊള്ളലേറ്റു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മസേനാഗം ലതിക (56) യ്ക്കാണ് പൊളളലേറ്റത്. കടകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സൂര്യാഘാതം ഏറ്റത്.
കൈയ്യിലും കാലിലും കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റു. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. അതേസമയം ഇടുക്കിയിലും രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റിട്ടുണ്ട്. മുട്ടം കളപ്പുരക്കല്‍ നാരായണന്, പെരുമറ്റം സ്വദേശിനി ആശ എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. ഇരുവരും ചികിത്സ തേടി.
കണ്ണൂർ ചെറുപുഴ കുണ്ടംതടം സ്വദേശിക്ക് സൂര്യാതപമേറ്റു. കാഞ്ഞിരത്താംകുന്നേൽ ബെന്നി ഫിലിപ്പിന് (50) ആണ് .പൊള്ളലേറ്റത്. ഇന്ന് രാവിലെ 11.30 ആണ് സംഭവം. ഇദ്ദേഹത്തിന്റെ വയറിനാണു പൊള്ളലേറ്റത്.
കാസര്‍കോട് നഗരത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് സൂര്യാതപമേറ്റു. നഗരത്തിലെ വിഡിയോ ഗ്രാഫര്‍ തുരുത്തിയിലെ ഉനൈസിനാണ് സൂര്യാതപമേറ്റത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കഴുത്തിന്റെ പിറക് വശത്ത് ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊലി പൊള്ളിയ നിലയില്‍ കണ്ടത്.
കോഴിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് രണ്ടാമത് സൂര്യാതപമേറ്റത്. ബൈക്കിൽ പോകുമ്പോൾ ചെറുവാടി വയലിന്റെ ഭാഗത്തു വെച്ചാണ് പൊള്ളലേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു. ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.
മലപ്പുറം ജില്ലയില്‍ താനൂരില്‍ യുവാവിന് സൂര്യാതപമേറ്റു. താനൂര്‍- മഠത്തി റോഡില്‍ താമസിക്കുന്ന യുവാവിനാണ് സൂര്യാതപമേറ്റത്. അട്ടത്തോടിന് സമീപം ജോലി എടുക്കുന്നതിനിടയിലാണ് സംഭവം. കൈയിലാണ് സൂര്യാതപമേറ്റത്. ഉടനെ കുന്നുംപ്പുറം ഹെല്‍ത്ത് സെന്ററില്‍ എത്തി ചികിത്സ നേടി. മലപ്പുറത്ത് ഇതിനകം നാല് പേര്‍ക്ക് സൂര്യാതപം ഏറ്റതായാണ് റിപ്പോര്‍ട്ട്.
വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങുംതോട്ടത്തില്‍ പ്രമോദ് - ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുമുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്.വീടിനു ചേര്‍ന്നുള്ള പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. മൂന്നു വയസ്സുകാരന്റെ കൈകള്‍ക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസ്സുകാരന്റെ കൈകള്‍ക്കും പൊള്ളലുണ്ട്.






