ന്യൂയോര്‍ക്ക്: പടുകൂറ്റന്‍ നിര്മ്മിതികൊണ്ടു പ്രശസ്തമായ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഏറ്റവും മുകളിലെ ട്രാന്സ്മിഷന് ടവറില്‍ അനധികൃതമായി കയറി വിവാഹാഭ്യര്‍ത്ഥന നടത്തിയ റഷ്യന്‍ ദമ്പതികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പ്രശസ്ത റൂഫ്ടോപ്പ് ക്ലൈംബര്മാരായ ആഞ്ചല നിക്കോളാവു, വന്യ ബീര്‍ക്കസ് എന്നിവരുടെ സാഹസീകതയാണ് അതിരുകടന്നത്. 1,454 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് ഇവര്‍ കയറിയത്. ടവറിന് മുകളില്‍ കയറിയ ദമ്പതികള്‍ ലോകസമാധാനം ആഹ്വാനം ചെയ്യുന്ന ഒരു ബാനര്‍ അവിടെ ഉയര്‍ത്തി.
തൊട്ടു പിന്നാലെ താഴെയുള്ള ഒരു പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയ വന്യ ബീര്‍ക്കസ്, ആഞ്ചലയ്ക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. ആഞ്ചല സ്വീകരിക്കുകയും ചെയ്തു. ഉടനെത്തിയ പോലീസ് കെട്ടിടത്തിന്റെ നിരീക്ഷണ ഡെക്ക് ഒഴിപ്പിക്കുകയും ചുറ്റുമുള്ള റോഡുകള്‍ താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തു. താഴെയിറങ്ങിയ ദമ്പതികളെ ന്യൂയോര്‍ക്ക് പോലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു.
'സ്കൈവാക്കേഴ്സ്: എ ലവ് സ്റ്റോറി' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലൂടെ പ്രശസ്തരായവരാണ് ഈ ദമ്പതികള്‍. മലേഷ്യയിലെ മെര്‍ദേക്ക 118 ഉള്‍പ്പെടെ ലോകത്തിലെ പല വമ്പന്‍ കെട്ടിടങ്ങള്‍ക്ക് മുകളിലും ഇവര്‍ മുന്‍പ് കയറിയിട്ടുണ്ട്. അതീവ അപകടകരമായ റേഡിയോ-ടെലിവിഷന്‍ തരംഗങ്ങള്‍ പ്രസരിപ്പിക്കുന്ന ഈ ടവറിലേക്ക് ഇവര്‍ എങ്ങനെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറി എന്നത് വ്യക്തമല്ല. മുന്‍പ് നടന് ജാരെഡ് ലെറ്റോ അനുമതിയോടെയും, ഫ്രഞ്ച് സ്പൈഡര്മാന് എന്നറിയപ്പെടുന്ന അലൈന്‍ റോബര്‍ട്ട് അനുമതിയില്ലാതെയും ഈ കെട്ടിടത്തില്‍ കയറിയിട്ടുണ്ട്.






