മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ മതിലും ഗേറ്റും തകർന്നു. പെരുമ്പത്തൂർ ആലോടി നാലകത്ത് ഹൈദരാലിയുടെ വീടിനാണ് കാട്ടാന നാശം വരുത്തിയത്. വീട്ടുവളപ്പിലെ കൃഷിയും ആന നശിപ്പിച്ചു.
വീടിന്റെ മുറ്റത്തെത്തിയ കാട്ടാന ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. ആറുമാസം മുൻപും ഇതേ വീടിന്റെ മതിലും ഗേറ്റും കാട്ടാന തകർത്തിരുന്നു.
കാനകുത്ത് വനമേഖലയിൽ നിന്ന് കാഞ്ഞിരപ്പുഴ നീന്തിക്കടന്നാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ദിവസവും പ്രദേശത്ത് സോളാർ വൈദ്യുത വേലി തകർത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
അതേസമയം, കോതമംഗലം–കട്ടപ്പന പാതയിലും കാട്ടാന ശല്യം തുടരുകയാണ്. നേര്യമംഗലം ചെമ്പൻകുഴിയിൽ എത്തിയ രണ്ട് കാട്ടാനകളിൽ നിന്ന് ബൈക്ക് യാത്രികനും കാർ യാത്രികനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അശാസ്ത്രീയമായ ഫെൻസിങ് സംവിധാനമാണ് വന്യമൃഗ ശല്യം വർധിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.






