
മുഴുനീള സങ്കൽപ്പ കഥകളിൽ പോലും ഇത്തരമൊരു നിയമത്തെ കുറിച്ച് പലരും അറിഞ്ഞിരിക്കില്ല. ഭൂമിയിൽ മരിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുണ്ട്, ചിലയിടങ്ങളിൽ ജനിക്കാനും പാടില്ല! ഇത്തരം നിയമങ്ങൾ ഭരണാധികാരികളുടെ വിചിത്രമായ ശാഠ്യം എന്നതിലുപരി, മൃതദേഹങ്ങൾ ജീർണിക്കാത്ത തണുത്തുറഞ്ഞ പ്രദേശങ്ങളും നിറഞ്ഞു കവിഞ്ഞ സെമിത്തേരികളും ഉൾപ്പെടെയുള്ള കടുത്ത പ്രായോഗിക ബുദ്ധിമുട്ടുകളിൽ നിന്നാണ് ഈ മരണവിരുദ്ധ ഉത്തരവുകൾ പിറവിയെടുത്തത്.
ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നായ നോർവേയിലെ ലോങ്യിയർബയനിൽ മരിക്കുന്നത് നിയമവിരുദ്ധമാണ്. ഈ വിചിത്രമായ നിയമത്തിന് പിന്നിൽ കൃത്യമായ ഒരു കാരണമുണ്ട്. പ്രാദേശിക സെമിത്തേരിയിൽ അടക്കം ചെയ്ത മൃതദേഹങ്ങൾ കടുത്ത തണുപ്പ് കാരണം അഴുകുന്നില്ലെന്ന് അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് 1950-ൽ ഈ നിയമം പ്രാബല്യത്തിൽ വന്നത്. 1918-ലെ വിനാശകരമായ സ്പാനിഷ് ഫ്ലൂ പാൻഡെമിക്കിന് കാരണമായ വൈറസിന്റെ ജീവനുള്ള സാമ്പിളുകൾ ചില മൃതദേഹങ്ങളിൽ നിന്ന് വേർതിരിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്
അന്നുമുതൽ, ഈ നഗരത്തിൽ മരിക്കാറായ ആളുകളെ നോർവേയിലെ പ്രധാന കരഭാഗങ്ങളിലേക്ക് വിമാനമാർഗ്ഗം മാറ്റുകയാണ് പതിവ്. പ്രധാന കരയിലെത്തുന്നതിന് മുമ്പ് ആരെങ്കിലും നഗരത്തിൽ വെച്ച് മരണപ്പെടുകയാണെങ്കിൽ, മൃതദേഹം ദഹിപ്പിക്കും. എന്നിരുന്നാലും, ഇതിന് ദൈർഘ്യമേറിയ നടപടിക്രമങ്ങൾ ആവശ്യമാണ്. രസകരമായ വസ്തുതയെന്തെന്നാൽ, ഇവിടെ മരണവും പ്രസവവും ഒരുപോലെ നിയമവിരുദ്ധമാണ്. ആവശ്യത്തിന് മെഡിക്കൽ സൗകര്യങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണം.
മെഡിറ്ററേനിയൻ നഗരമായ ലെ ലാവാൻഡു ഒരിക്കൽ ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു നിയമം പുറപ്പെടുവിച്ചു. പ്രാദേശിക സെമിത്തേരിയിൽ സ്ഥലം തികയാതെ വന്നതോടെ അവിടെ മരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അന്നത്തെ മേയർ ഗിൽ ബെർണാർഡി പ്രഖ്യാപിച്ചു. "സ്വന്തമായി കുടുംബ കല്ലറയില്ലാത്ത ഒരു വ്യക്തിയും ഗ്രാമത്തിന്റെ അതിർത്തിക്കുള്ളിൽ വെച്ച് മരിക്കാൻ പാടില്ല," എന്നായിരുന്നു ഉത്തരവ്. "ഒരു വിചിത്രമായ സാഹചര്യം കാരണം നടപ്പിലാക്കിയ വിചിത്രമായ നിയമമാണിത്," നിരോധനം ഏർപ്പെടുത്തിയ ശേഷം ബെർണാർഡി പ്രതികരിച്ചു.
സ്പെയിനിലെ ലാഞ്ചറോൺ ഗ്രാമത്തിലും സാങ്കേതികമായി മരിക്കുന്നത് നിയമവിരുദ്ധമാണ്. സെമിത്തേരി നിറഞ്ഞതിനെ തുടർന്ന് 1999-ൽ അന്നത്തെ മേയർ ഹോസെ റൂബിയോ നഗരത്തിൽ മരണം നിരോധിച്ചുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
"ലാഞ്ചറോണിൽ മരിക്കുന്നത് ഇതിനാൽ നിരോധിച്ചിരിക്കുന്നു" എന്ന് റൂബിയോ ഉത്തരവിറക്കി. "ഞാൻ ഒരു മേയർ മാത്രമാണ്," അന്ന് റൂബിയോ വിശദീകരിച്ചു: "എനിക്ക് മുകളിൽ ദൈവമുണ്ട്, അന്തിമമായി കാര്യങ്ങൾ നിയന്ത്രിക്കുന്നത് ദൈവമാണ്".






