
മഹേഷിന്റെ പ്രതികാരം കണ്ടവരൊന്നും ഇപ്പോഴും അതിന്റെ ഹാങ്ഓവറില്‍ നിന്നും മുക്തമായിട്ടില്ലെന്നു വേണം പറയാന്‍. വന്‍ ബഡ്ജറ്റിലുള്ള ചിത്രങ്ങള്‍ക്കിടയില്‍ വന്ന ഈ കൊച്ചു ചിത്രത്തിന് പ്രേക്ഷകര്‍ നല്കിയ സ്വീകരണത്തിന് പുറമേ മികച്ച തിരക്കഥയ്ക്കും ജനപ്രിയ മലയാള ചിത്രത്തിനുമുള്ള ദേശീയ പുരസ്ക്കാരം കൂടി കിട്ടി. ഫഹദ് ഫാസിലും ശ്യാം പുഷ്ക്കരനും ദിലീഷ് പോത്തനും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്നാതാണ് ഏറ്റവും പുതിയ വര്‍ത്തമാനം.
അതേസമയം സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ മധുവാണ്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ആയിട്ടില്ലെങ്കിലൂം ഈ വര്‍ഷം തന്നെ സിനിമ ഉണ്ടാകുമെന്നും കുടുംബകഥയായിരിക്കും ഇതെന്നും ശ്യാം പുഷ്ക്കരന്‍ പറയുന്നു. ആഷിക് അബുവിന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് ശ്യാം പുഷ്ക്കരന്‍ ഇപ്പോള്‍. ദിലീഷ് നായര്‍ക്കൊപ്പമാണ് ഇതിന്റെ ജോലി ചെയ്യുന്നത്. അമല്‍ നീരദിന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ടെവീനോ നായകനാകും.
മെയ് മാസം ഈ ചിത്രം ആരംഭിക്കുമെന്നും ഇതുവരെ നടീനടന്മാരുടെ നിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ലെന്നും ശ്യാം പറയുന്നു. അതേസമയം ശ്യാം മോഹന്‍ലാലിന് വേണ്ടിയും ഒരു തിരക്കഥ എഴുതുന്നതായി കേള്‍ക്കുന്നുണ്ട്. ചിത്രം ഉടനുണ്ടാകും. നേരത്തേ സോള്‍ട്ട് ആന്റ് പെപ്പര്‍ കഴിഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാലിനൊപ്പം ഒരു സിനിമ പദ്ധതിയിട്ടിരുന്നു. ഈ സിനിമ ഷാഫിയായിരിക്കും സംവിധാനം ചെയ്യുന്നത്.






