ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന കേസില്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. വൈകുന്നേരം മൂന്ന് മണിയോടെ ഡല്‍ഹി ചാണക്യപുരിയിലെ ക്രൈംബ്രാഞ്ച് ഇന്റര്‍സ്റ്റേറ്റ് സെല്ലിന് മുമ്പാകെ ഹാജരായാണ് ദിനകരന് ചോദ്യം ചെയ്യലിന് വിധേയനായത്.
അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ദിനകരന് നോട്ടീസ് നല്‍കിയിരുന്നു. ദിനകരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്, എ.ഐ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നം മരവിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തൊപ്പി ചിഹ്നമാണ് ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന് ശശികല വിഭാഗത്തിന് അനുവദിച്ചത്്.
തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്കാന് ശ്രമിച്ചുവെന്ന കേസില്‍ ദിനകരന്റെ അടുത്ത അനുയായി സുകേഷ് ചന്ദ്രശേഖരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടില ചിഹ്നം നിലനിര്‍ത്തുന്നതിന് ഇയാള്‍ ദിനകരന് വിഭാഗത്തിന് 50 കോടി രൂപ നല്കി സഹായിച്ചുവെന്നാണ് ആരോപണം. ഇയാളുടെ ആഡംബര കാറുകളില്‍ നിന്നും 1.3 കോടി രൂപയോളം ക്രൈം ബ്രാഞ്ച് കണ്ടെടുത്തിരുന്നു.
