
ന്യൂഡല്‍ഹി: വ്യോമയാന സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിടുന്ന 'ഉഡാന്‍' പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഉദ്ഘാടനം ചെയ്യും. ചെലവുകുറഞ്ഞ വിമാനയാത്രയാണ് ഉഡാന്‍ കൊണ്ട് വിഭാവനം ചെയ്യുന്നത്. ഷിംലയില്‍ നിന്നാണ് ആദ്യ ഉഡാന്‍ സര്‍വീസ് നടത്തുന്നത്. സബ്സിഡി നിരക്കില്‍ പ്രദേശിക മേഖലകളില്‍ വിമാന യാത്രയ്ക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി.
ആഴ്ചയില്‍ അഞ്ചു ദിവസം തുടര്‍ച്ചയായി സര്‍വീസ് നടത്തുന്ന ഉഡാന്‍ രാവിലെ 6.10ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് 7.25ന് ഷിംലയില്‍ എത്തിച്ചേരും. 7.45ന് തിരിച്ചുപോകുന്ന ഉഡാന്‍ 8.45 ഓടെ തിരിച്ച് ഡല്‍ഹിയില്‍ എത്തും. ടൂറിസം, മേഖലയ്ക്ക് പ്രത്യേകിച്ച് വിദേശികള്‍ക്കും ബിസിനസുകാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതായിരിക്കും ഈ പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി കഡപ്പ- ഹൈദരാബാദ്, നന്ദീദ് -ഹൈദരാബാദ് സെക്ടറില്‍ നിര്‍വഹിക്കും.






