
യൂണിയന് നേതാവ്, സംവിധായകന്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് എ.കെ.ജി ശ്രീകുമാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പി. ശ്രീകുമാര്‍. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരന്. ചതിയും വഞ്ചനയും ചെയ്യാത്ത സഖാവ്. കാര്യം കാണാന്‍ കഴുതക്കാല് പിടിക്കുന്നവരുടെ കൂട്ടത്തിലും പി. ശ്രീകുമാറിനെ കാണില്ല. സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാറില്ല.
ഇപ്പോള്‍ കേരള സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന്. കഴിഞ്ഞ 50 വര്‍ഷമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികന്. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത 'എ.കെ.ജി.' എന്ന സിനിമയില്‍ എ.കെ.ജി.യായി അഭിനയിച്ചതു മുതലാണ് ശ്രീകുമാര്‍, എ.കെ.ജി. ശ്രീകുമാര്‍ എന്നപേരില്‍ അറിയപ്പെട്ടത്. വടക്കന്‍ മലബാറിലെ സഖാക്കള്ക്കിടയിലാണ് എ.കെ.ജി. ശ്രീകുമാര്‍ എന്ന പേരിനു പ്രസക്തി.
കഴിഞ്ഞ 18 വര്‍ഷമായി 'കര്ണ്ണന്' എന്ന വലിയ പ്രോജക്ടിന്റെ പുറകെയാണ് ശ്രീകുമാര്‍. 101 ആവര്‍ത്തിച്ചതുപോലെ പല പ്രാവശ്യം തിരക്കഥ മാറ്റിയെഴുതി. എം.ടി. വാസുദേവന്‍ നായരുടെ അഭിനന്ദനങ്ങള്‍ പിടിച്ചുപറ്റിയ തിരക്കഥകൂടിയാണ് 'കര്ണ്ണന്.' മമ്മൂട്ടിയാണ് കര്‍ണ്ണനായി അഭിനയിക്കുന്നത്.
? താങ്കളുടെ പല്ല് ആരാണ് അടിച്ചുതകര്‍ത്തത്...
ഠ വിമോചനസമരം നടന്ന കാലഘട്ടത്തില്‍ ഞാന്‍ എസ്.എസ്.എല്‍.സി.ക്ക് പഠിക്കുകയായിരുന്നു. അന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്നു ഞാന്‍. അന്നത്തെ കല്ലേറിലാണ് എന്റെ പല്ല് നഷ്ടപ്പെട്ടത്. അന്നു തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
? സമരത്തിനു മുന്നില്‍ കല്ലേറിലാണ് സ്പെഷലൈസ് ചെയ്തിരിക്കുന്നത് അല്ലെ...
ഠ (ശ്രീകുമാര്‍ പൊട്ടിച്ചിരിക്കുന്നു.) അന്നത്തെ ആയുധം കല്ലുകളാണ്. ഒന്നും മനഃപൂര്‍വം ചെയ്തതല്ല. സാഹചര്യമനുസ്സരിച്ച് സംഭവിച്ചതാണ്.
? പല പ്രാവശ്യം കല്ലെറിഞ്ഞിട്ടുണ്ടാവുമല്ലോ. ഓര്‍മ്മയില്‍ നില്ക്കുന്ന കല്ലേറ്.
ഠ കന്യാകുമാരി ജില്ല തമിഴ്നാടിന് വിഭജിച്ചു കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തില്‍ ബസുകള്‍ക്ക് കല്ലെറിയാന്‍ മുന്നില്‍ നിന്നതു ഞാനാണ്.
എത്ര ബസുകള്‍ തകര്‍ത്തെന്ന് എനിക്കറിഞ്ഞുകൂടാ. ഭ്രാന്തമായ ആവേശമായിരുന്നു. അന്നു നടന്ന ഒരു കല്ലേറാണ് എപ്പോഴും എന്റെ മനസില്‍ നിറഞ്ഞുനില്ക്കുന്നത്.
അതിനുശേഷം രാഷ്ട്രീയത്തില്‍ സജീവമായി. പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി എന്നെ കൂടുതല്‍ അടുപ്പിച്ചത് എം.പി. പത്മനാഭന് എന്ന നേതാവാണ്. അദ്ദേഹത്തിന്റെ അമ്മാവനാണ് എന്‍. അനിരുദ്ധന്. അദ്ദേഹം ഈ അടുത്തകാലത്ത് അന്തരിച്ചു. ഇവര്‍ രണ്ടുപേരുടെയും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായിട്ടാണ് ഞാന്‍ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി മാറിയത്.
? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി താങ്കള്‍ എന്താണ് ചെയ്തത്...
ഠ ട്രാന്‍സ്പോര്‍ട്ടില്‍ ജോലിക്കാരനായിരുന്നു ഞാന്‍. ജോലിക്കു കയറിയ സമയം മുതല്‍ സി.ഐ.ടി.യു. യൂണിയന്റെ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സജീവപ്രവര്‍ത്തകനായി. അന്ന് ഞങ്ങള്‍ നാലായിരം പേ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അന്ന് വിശ്വനാഥ മേനോന്റെയും നാടകകൃത്ത് കൂടിയായ എന്‍.ബി. ത്രിവിക്രമന്‍ പിള്ളയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സജീവമായി പ്രവര്‍ത്തിച്ച് പതിനാലായിരം മെമ്പര്‍മാരെ ഉണ്ടാക്കി റഫറണ്ടത്തില്‍ ഞങ്ങള്‍ ഒന്നാമതെത്തി.
? വീട്ടില്‍ എത്ര വ്യത്യസ്ത രാഷ്ട്രീയക്കാര്‍ ഉണ്ടായിരുന്നു.
ഠ എന്റെ അനുജന് ദിലീപ് നക്സലൈറ്റ് നേതാവായിരുന്നു. അങ്ങനെയുള്ള ഒരു വീട്ടില്‍നിന്നാണ് ഞാന്‍ വന്നത്. എന്നാല്‍ എന്റെ വീട്ടിലെ ഭൂരിഭാഗം പേരും കോണ്‍ഗ്രസുകാരാണ്. എന്റെ വീട്ടിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരന് എന്നു പറയുന്നത് എന്റെ അനുജന് ദിലീപാണ്.
? മലയാളസിനിമയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടാണ് കര്ണ്ണന്. തിരക്കഥ താങ്കളുടേതാണ്. കര്‍ണ്ണന്റെ തുടക്കവും മറ്റും എങ്ങനെയാണ്...
ഠ ദുബായിലുള്ള എന്റെ ഒരു നല്ല ഫ്രണ്ട് തന്റെ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് നല്ലൊരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഞാനവരോട് കര്‍ണ്ണന്റെ കഥ പറഞ്ഞു. അപ്പോള്‍ അവര്‍ ഒരേയൊരു കാര്യം മാത്രം പറഞ്ഞു.
'തിരക്കഥ എം.ടി.യെക്കൊണ്ട് എഴുതിക്കണം. ഞാന്‍ എം.ടി.യെ കണ്ടു. അദ്ദേഹം സമ്മതിച്ചു. അഡ്വാന്‍സ് കൊടുത്തു. കര്ണ്ണന് എഴുതാനുള്ള തയാറെടുപ്പില്‍ അദ്ദേഹത്തിന് ഡയബറ്റീസിന്റെ അസുഖമുണ്ടായി.
അന്ന് തിരുവനന്തപുരം കുഴിത്തുറയില്‍ ഡയബറ്റീസിന്റെ സ്പെഷലിസ്റ്റായ ഡോ. കുറുപ്പിനെക്കുറിച്ച് എം.ടി.യോട് പറഞ്ഞു. എം.ടി.ക്ക് സമ്മതം. ഡോ. കുറുപ്പിനെ കണ്ട് എം.ടി. ചികിത്സയ്ക്കു വേണ്ടി വരുന്ന കാര്യം ഓര്‍മ്മപ്പെടുത്തി.
എം.ടി. വാസുദേവന്‍ നായര്‍ ചികിത്സയ്ക്ക് ചെല്ലുമെന്നറിഞ്ഞപ്പോള് കുറുപ്പ് രണ്ടു മുറികള്‍ ഇടിച്ചുനിരത്തി വലിയ മുറിയാക്കി മാറ്റി. അദ്ദേഹത്തിന് സ്പെഷല്‍ സംവിധാനം ഒരുക്കുന്നതില്‍ കുറുപ്പ് സജീവമായി നിന്നു.
മുറിയുടെ മുന്നില്‍ എം.ടി. വാസുദേവന്‍ നായരുടെ പേര് എഴുതിവയ്ക്കുകയും ചെയ്തു. രണ്ടാഴ്ച എം.ടി.യെ അവിടെ കിടത്തി ചികിത്സിച്ചു. അവിടെവച്ച് ഡിസ്കഷന് തുടങ്ങാമെന്നും അതിനു ശേഷം എഴുത്തിലേക്ക് കടക്കാമെന്നും എം.ടി. പറയുകയുണ്ടായി.
അതനുസ്സരിച്ച് ഞാനും തൊട്ടടുത്ത മുറിയില്‍ താമസിച്ചു. രാവിലെ ഞങ്ങള്‍ നടക്കാന്‍ പോകും. നടക്കുന്നതിടയിലാണ് സിനിമയെക്കുറിച്ചുള്ള ചര്‍ച്ച. ഇതൊക്കെ നടന്നത് 1994-ല്‍ ആണെന്ന് ഓര്‍ക്കണം.
'കര്ണ്ണന്' ഷൂട്ടിംഗ് എത്രയും വേഗം തുടങ്ങുന്നതിനു വേണ്ടി എല്ലാം വളരെ വേഗത്തിലാക്കി. ഇതിനിടയില്‍ ഈ സിനിമയുടെ വിതരണത്തിനായി എം.ടിയുമായി അടുപ്പമുള്ള ഒരു നിര്‍മ്മാതാവ് വന്നു. എന്നാല്‍ അയാള്‍ക്ക് സിനിമ കൊടുക്കാന്‍ എന്റെ നിര്‍മ്മാതാക്കള്‍ക്ക് താല്പര്യമില്ലായിരുന്നു.
കാരണം വൈശാലിയുടെ പ്രൊഡ്യൂസര്ക്കുണ്ടായ അനുഭവം അറിഞ്ഞതുകൊണ്ട് സിനിമ കൊടുക്കില്ലെന്നു സൂചിപ്പിച്ചു. അതിന്റെ ഫലമായി ആ നിര്‍മ്മാതാവിന്റെ സ്വാധീനത്തിലാണെന്ന് തോന്നുന്നു.
? കര്‍ണ്ണന്റെ കഥ മഹാഭാരതമാണല്ലൊ. താങ്കള്‍ മഹാഭാരത പ്രഭാഷണങ്ങള്‍ക്കു പോകാറുള്ള വ്യക്തിയാണ്. എന്നാല്‍ മഹാഭാരതം ഹിന്ദുക്കളുടേതല്ല എന്നു താങ്കള്‍ പറഞ്ഞിട്ടുണ്ടല്ലോ.
ഠ ഞാന്‍ മഹാഭാരതം നന്നായി പഠിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രഭാഷണകല എന്ന നിലയില്‍ മഹാഭാരത പ്രഭാഷണങ്ങള്‍ക്കു പോകാറുണ്ട്. അവിടെ പറയുന്നത് മഹാഭാരതം ഒരു മിഥോളജിയല്ല, ഹിന്ദുവിന്റേതുമല്ല. ഹിന്ദുമതം എന്നൊന്നില്ല. ഹിന്ദു ഫിലോസഫിയാണുള്ളത്.
ഞാന്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ്. മനുഷ്യനെ മലിനപ്പെടുത്തുന്ന, ഇന്നു നമ്മള് കൊട്ടിഘോഷിക്കപ്പെടുന്ന ഒരു പ്രവണതയുണ്ടല്ലോ. അതൊന്നും മഹാഭാരതത്തില്‍ ഇല്ല. മഹാഭാരതം ഒരു പ്രത്യേക വര്‍ഗത്തിന്റേതല്ല.
ഇന്ത്യയില്‍ ജനിക്കുന്ന എല്ലാവരുടെയും ആധികാരികമായ ഒരു ഗ്രന്ഥമാണ് മഹാഭാരതം. ശ്രീകൃഷ്ണന് ദൈവമല്ല. അദ്ദേഹം ഒരു നാട്ടുരാജാവാണ്.
നാലു രാജാക്കന്മാര് കുടുന്നിടത്ത് ഒരു പ്രശ്നമുണ്ടായാല്‍ മറ്റു മൂന്നുപേരെയും പറഞ്ഞുനിര്‍ത്താന്‍ സാധ്യതയുള്ള കരുത്തും ശേഷിയുമുള്ള ഒരു അണ്ണന് രാജാവ്. യാദവ കുലത്തിലെ രാജാവാണ് ശ്രീകൃഷ്ണന്. അല്ലാതെ ശ്രീകൃഷ്ണന്, ദിവ്യശക്തിയുള്ള, മാസ്മരികത കാണിച്ചുനടക്കുന്ന ദൈവമല്ല.
അവര്‍ണ്ണനെ തിരസ്കരിക്കുന്നത് ഇന്നാണെന്ന് വിചാരിക്കരുത്. മഹാഭാരതം ഉണ്ടായതുമുതല്‍ അവര്ണ്ണന് അവഗണനയാണ്. ഇത് ഒരുദിവസംകൊണ്ട് ഉണ്ടായിട്ടുള്ളതല്ല. അപാര കഴിവുള്ളവരാണ് അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം. അവരുടെ പ്രതിനിധിയാണ് ശ്രീകൃഷ്ണന്. ഏകലവ്യനെ കൂടെ ഇരുത്തി പഠിപ്പിക്കാന്‍ തയാറായില്ലല്ലോ.
ഇന്നും ഇതൊക്കെ നടക്കുന്നില്ലെ? ഏകലവ്യനെ അകറ്റിനിര്‍ത്തിയിട്ടും ഗുരുവിന്റെ പ്രതിമയുണ്ടാക്കി മനസ്സില്‍ സ്ഥാപിച്ചിട്ട് സ്വയം പഠിച്ചു, സ്വയം പഠിച്ച വിദ്യകള്‍ ഗുരുവിന്റെ അടുത്തുവന്ന് പ്രദര്‍ശിപ്പിച്ചപ്പോള്‍, ഗുരു പഠിപ്പിച്ച വില്ലാളി വീരന്മാര് എന്നു പേരെടുത്ത അര്‍ജുനനെക്കാളും വലിയ വില്ലാളിയായി മാറുല്ലെ? അതില്ലാതാക്കാനാണ് ചതിവിലൂടെ ഗുരുദക്ഷിണ ചോദിച്ച് മുറിച്ചുവാങ്ങിയത്.
ഇതൊക്കെ ചെയ്തത് അര്ജുനനുവേണ്ടിയാണെന്ന് പറയാമെങ്കിലും വാസ്തവമെന്താണ്? അവര്ണ്ണന് വളര്‍ന്നുവരാതിരിക്കാനുള്ള കൊടും ചതി. ഇതുകൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത്.