
ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണിലേക്ക് 250 മീറ്റര്‍ ഉള്ളിലേക്ക് കടന്നു കയറുകയും സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിന് പിന്നാലെ വീണ്ടും അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം. ജമ്മു കശ്മീര്‍ പുഞ്ചിലെ നിയന്ത്രണ രേഖയ്ക്കടുത്ത് മെന്ദറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന് വെടിവെച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ 2.30 ന് ആയിരുന്നു ആക്രമണം. ആളപായമില്ലെന്നും ഇന്ത്യ ഇതിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയെന്നുമാണ് വിവരം. 24 മണിക്കൂറിനിടയില്‍ ഇത് രണ്ടാം തവണയാണ് പാകിസ്താന് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോളിംഗിന് പോയ ബിഎസ്എഫ് സംഘത്തിലെ രണ്ടു സൈനികരെ പാക് സൈന്യത്തിലെ ബാറ്റ് വിഭാഗം വധിക്കുകയും മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തു.
ഇതിനെതിരേ ഇന്ത്യയില്‍ ശക്തമായി വികാരം ഉയരുമ്പോഴാണ് പാക് വീണ്ടും കരാര്‍ ലംഘിക്കുന്നത്. ഇന്ത്യന്‍ പോസ്്റ്റുകള്ക്ക് നേരെ മോര്‍ട്ടാര്‍ ആക്രമണം നടത്തി ശ്രദ്ധ തിരിച്ച ശേഷമാണ് പാക് കമാന്റോയിലെ ഉദ്യോഗസ്ഥരെയും തീവ്രവാദികളെയും ചേര്‍ത്ത് തയ്യാറാക്കിയിട്ടുള്ള ബാറ്റ് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞു കയറിയത്.
അവിടെ ഇന്ത്യന്‍ പെട്രോള്‍ സംഘത്തിനായി കാത്തിരിക്കുകയും രണ്ടു സൈനികരെ വെടിവെച്ചു കൊല്ലുകയുമായിരുന്നു. പിന്നീട് ഇവരുടെ ശരീരത്ത് നിന്നും തല വെട്ടി മാറ്റുകയും ചെയ്തു. യുദ്ധഭൂമിയില്‍ പോലും കണ്ടിട്ടില്ലാത്ത ക്രൂരത എന്നാണ് ഇന്ത്യന്‍ അധികൃതര്‍ ഇക്കാര്യത്തോട് പ്രതികരിച്ചത്.
