
മാധവിക്കുട്ടിയുടെ ജീവിതം മലയാളിയുടെ ജീവിതത്തിലെ തുറന്ന് പാഠപുസ്തകമാണ്. സ്വപ്നങ്ങള്ക്കു ചിറകുമുളച്ചതും പ്രണയത്തിന്റെ നീലഞരമ്പുകള് തുള്ളിച്ചാടുന്നതും വായനക്കാരായ മലയാളികള് മാധവിക്കുട്ടിയുടെ രചനയിലൂടെ അനുഭവിച്ചറിയുകയായിരുന്നു.
വൈവിധ്യമാര്ന്ന മാനസിക ഭാവങ്ങളിലിരുന്ന് എല്ലാം പച്ചയായി തുറന്നെഴുതുന്ന മാധവിക്കുട്ടിയെന്ന എഴുത്തുകാരി മലയാളികള്ക്ക് ഒരുതരം കൗതുകമായിരുന്നു. മാധവിക്കുട്ടിയായി കമലാദാസായി രചനയുടെ സൗന്ദര്യത്തിലേറി ഒടുവില് കമലാസുരയ്യയായി മരണത്തിന്റെ ഖബറിടത്തില് സുഖസുഷുപ്തിയിലാണ്ടു പോയ മാധവിക്കുട്ടി മലയാള സാഹിത്യലോകത്ത് വായനക്കാരുടെ മനസ്സുകളിലെ നിത്യയൗവനമാണ്.
ജീവിതത്തിലുടനീളം നിര്ഭയത്തോടെ തനിക്കിഷ്ടമുള്ളതു പോലെ വൈവിധ്യമാര്ന്ന സ്വഭാവ സവിശേഷതകളില് അഭിരമിച്ച മാധവിക്കുട്ടി ഹിന്ദുവായി ജനിച്ച് ഇസ്ലാമായി മരിച്ച് തന്റേതായ ജീവിതദൗത്യം രേഖപ്പെടുത്തുയകയായിരുന്നു.
വര്ത്തമാനകാലത്ത് കെട്ടചിന്തകളുടെ കടലിരമ്പത്തിന്റെ പശ്ചാത്തലത്തില് മറ്റൊരാള്ക്കും പിന്തുടരാന് പോലും കഴിയാത്ത തരത്തില്, സങ്കീര്ണമായ ജീവിതാനുഭവങ്ങളുടെ മഹാസാഗരത്തിലൂടെ സഞ്ചരിച്ച മാധവിക്കുട്ടിയായിരുന്ന കമലാ സുരയ്യയുടെ ജീവിതം സിനിമയാവുകയാണെന്നറിഞ്ഞപ്പോള് അസഹിഷ്ണുതയുടെ തമ്പുരാക്കന്മാരുടെ നെറ്റിചുളിഞ്ഞത് സ്വാഭാവികം മാത്രം.
ആമിയെന്ന തലക്കെട്ടില് കമലാ സുരയ്യയുടെ ജീവിതം അഭപ്രാളിയിലെത്തുന്നുവെന്നറിഞ്ഞതോടെ പലരുടെയും മനസ്സുകളില് സംശയത്തിന്റെ മുളപൊട്ടുകയായിരുന്നു.മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്ന സംവിധായകന് കമലിന്റെ നിലപാടുകള് സംഘപരിവാര് സംഘടനകളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ദേശീയഗാന വിവാദത്തോടെ പ്രതിഷേധം കമലിന്റെ വീട്ടുപടിക്കല് വരെ എത്തുകയും ചെയ്തത് ആമിയെയും സ്വാധീനിച്ചു.
ചിത്രത്തില് മാധവിക്കുട്ടിയാകാമെന്ന് സമ്മതിച്ച വിദ്യാബാലന്റെ പിന്മാറ്റമാണ് ആമിയെന്ന ചിത്രത്തെ കൂടുതല് ചര്ച്ചാവിഷയമാക്കിയത്. ആര്.എസ്.എസിന്റെ നിര്ദ്ദേശപ്രകാരമാണ് വിദ്യാബാലന് പിന്മാറിയതെന്ന അഭിപ്രായവും ചൂടുപിടിച്ചതോടെ ആമിയുടെ തലവര മറ്റൊരു വഴിയിലൂടെ നീങ്ങുകയായിരുന്നു അഭിനേത്രി എന്നതിനേക്കാളുപരി കേരളീയ സമൂഹത്തിന്റെ പൊതുപ്രശ്നങ്ങളില് സജീവസാന്നിധ്യമായ മഞ്ജുവാര്യര് കമലാ സുരയ്യയാകാന് തയാറായതോടെ ആമിയെന്ന പ്രോജക്ടിന് പുനര്ജനിയുണ്ടാവുകയായിരുന്നു.
പുന്നയൂര്ക്കുളത്ത് മാധവിക്കുട്ടിയുടെ ജീവിതകാമനകള്ക്ക് പിറവിയുണ്ടാക്കിയ നീര്മാതളത്തിന്റെ ചുവട്ടില്നിന്നാണ് ആമിയുടെ ചിത്രീകരണത്തിന് തുടക്കംകുറിച്ചത്.മാധവിക്കുട്ടിയുടെ ബാല്യകൗമാരങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നതുകൊണ്ട് പുന്നയൂര്കുളത്തെ നീര്മാതളത്തിന്റെ തരളിതമായ എഴുത്തിന്റെ സൗരഭ്യത്തില്നിന്നും ഒറ്റപ്പാലത്തെ പോഴത്തുമനയിലേക്ക് ആമിയുടെ ചിത്രീകരണം എത്തുകയായിരുന്നു. പാരമ്പര്യത്തിന്റെ പ്രൗഢിയോടെ തലയുയര്ത്തി നില്ക്കുന്ന പോഴത്തുമന 'തിളക്കം' ഉള്പ്പെടെ നിരവധി മലയാളസിനിമകളില് നിറഞ്ഞുനില്ക്കുന്നുണ്ട്.

ആമിയുടെ ചിത്രീകരണത്തിന് വേണ്ടി കൂടുതല് പഴമയുടെ ഭാവം കൈവന്നിരിക്കുന്ന പോഴത്തുമനയിലാണ് ഇപ്പോള് ആമിയുടെ ചിത്രീകരണം നടക്കുന്നത്. നിരവധി നല്ല സിനിമകളുടെ പ്രൊഡക്ഷന് കണ്ട്രോളറായ അരോമ മോഹനാണ് ആമിയുടെയും പ്രൊഡക്ഷന് കണ്ട്രോളര്. അരോമ മോഹന് ക്ഷണിച്ചതനുസരിച്ചാണ് ഞങ്ങള് ഒറ്റപ്പാലത്തെ പോഴത്ത്മനയിലെത്തിയത്.
ഒരുപാട് ജൂനിയര് ആര്ട്ടിസ്റ്റുകള് പോഴത്തുമനയിലുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ ചെറുപ്പകാലത്തെ ഷോട്ടുകളാണ് ഓരോ കാലത്തെയും പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളെ മുന്നിര്ത്തി ഛായാഗ്രാഹകന് മധുനീലകണ്ഠന് ക്യാമറയിലേക്കു പകര്ത്തിയത്. മിക്കവരുടെയും വേഷങ്ങള് പോലും പഴയ രീതിയിലുള്ളതായിരുന്നു.
ഏഴു സംസ്ഥാന അവാര്ഡുകളും ഒരു ദേശീയ അവാര്ഡും നേടിയ പ്രശസ്ത ചമയക്കാരന് പട്ടണം റഷീദാണ് ആമിയുടെ മേക്കപ്പ് നിര്വഹിച്ചിരിക്കുന്നത്.
മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോള് മറ്റു സിനിമകളില്നിന്ന് വ്യത്യസ്തമായി എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തിയതെന്നും മഞ്ജുവിനെ മാധവിക്കുട്ടിയായി മാറ്റാനുള്ള ശ്രമങ്ങള് എന്തൊക്കെയാണെന്നു മേക്കപ്പ്മാന് പട്ടണം റഷീദിനോട് ഞാന് ചോദിച്ചു.
ഒരുപാട് പ്രതീക്ഷയുള്ള ആമിയെക്കുറിച്ച് മേക്കപ്പ്മാന് പട്ടണം റഷീദിന്റെ മറുപടി ഇങ്ങനെ. മാധവിക്കുട്ടിയുടെ ഒരുപാട് ഫോട്ടോകള് രേഖാചിത്രങ്ങള് ഉള്പ്പെടെയുള്ള കാര്യങ്ങള് ഞാന് റഫര് ചെയ്തിരുന്നു. കാരണം മാധവിക്കുട്ടിയെന്ന എഴുത്തുകാരിയെ പഠിക്കുകയായിരുന്നു. പിന്നീട് മാവധിക്കുട്ടിയാകുന്ന മഞ്ജുവാര്യരുടെ വേഷപ്പകര്ച്ചയിലേക്കുള്ള യാത്രയായിരുന്നു മനസ്സിലുണ്ടായിരുന്നത്. നാല്പതുവയസുള്ള മഞ്ജുവാര്യരായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്.
സിനിമയില് അപൂര്വ്വമായി ഉപയോഗിക്കുന്ന ലേറ്റസ്റ്റായ എയര്ബ്രഷ് മേക്കപ്പാണ് മഞ്ജുവാര്യര്ക്കുവേണ്ടി ആമിയില് ചെയ്യുന്നത്. പരസ്യചിത്രങ്ങളിലാണ് ഈ മേക്കപ്പ് ടെക്നോളജി പ്രയോഗിക്കുന്നതെങ്കിലും സിനിമയില് ഈ രീതി സജീവമായിട്ടില്ല. മാധവിക്കുട്ടിയുടെ അതേ രൂപം എന്നതിനേക്കാളുപരി മഞ്ജുവാര്യരിലൂടെയാണ് മാധവിക്കുട്ടിയെ ഞാന് സൃഷ്ടിക്കുന്നത്. കാരണം എത്രതന്നെ മേക്കപ്പിലൂടെ മാറ്റാന് ശ്രമിച്ചാലും മാധവിക്കുട്ടിയായി അഭിനയിക്കുന്നത് മഞ്ജുവാര്യരാണെന്ന ബോധം പ്രേക്ഷകരുടെ മനസ്സില് നിറഞ്ഞിരിക്കുമെന്നും പട്ടണം റഷീദ് സിനിമാമംഗളത്തോടു പറഞ്ഞു.
1970 മുതല് 2009 വരെയുള്ള കാലത്തിലൂടെയാണ് മാധവിക്കുട്ടിയായി മഞ്ജുവാര്യര് സഞ്ചരിക്കുന്നത്. മാധവിക്കുട്ടിയില്നിന്ന് കമലാദാസിലൂടെ കടന്ന് കമലാ സുരയ്യയിലെത്തുന്ന കൗതുകപൂര്വമായ ജീവിതാനുഭവങ്ങളാണ് മഞ്ജുവാര്യരെന്ന അഭിനേത്രി യാഥാര്ത്ഥ്യമാക്കാന് പോകുന്നത്.
ചിത്രത്തില്നിന്ന് വിദ്യാബാലന് പിന്മാറിയതിനെക്കുറിച്ച് ചോദിച്ചപ്പോള് പ്രൊഡക്്ഷന് കണ്ട്രോളര് അരോമ മോഹന് ഇങ്ങനെ പറഞ്ഞു. വിദ്യാബാലന് പൂര്ണ മനസോടെയാണ് ആമിയില് അഭിനയിക്കാന് തയാറായത്. കഥ കേട്ടപ്പോള് വളരെയധികം ആഹ്ളാദത്തോടെയാണ് വിദ്യാബാലന് ഞങ്ങള്ക്കു ഡേറ്റ് നല്കിയത്. ബോംബെയില് പോയാണ് കാര്യങ്ങളെല്ലാം സംസാരിച്ചത്. ഫോട്ടോ ഷൂട്ട് പോലും കഴിഞ്ഞു. ഷൂട്ടിംഗ് അടുത്ത ഘട്ടത്തിലാണ് പ്രോജക്ടില്നിന്നും മാറിയത്. ശരിക്കും ഞങ്ങള് വല്ലാതെയായി. സിനിമാ ഇന്ഡസ്ട്രിയില് വേണ്ട സാമാന്യ എത്തിക്സിനു വിരുദ്ധമായ നിലപാടായിരുന്നു വിദ്യാബാലന്റേതെന്നും അരോമ മോഹന് സൂചിപ്പിച്ചു.







Comments