
അവിടെയുണ്ടായിരുന്ന ഓരോരുത്തരായി എന്റെ ശരീരം ഉപയോഗിച്ചു. ഈ സമയമെല്ലാം നാലുപേര് ചേര്ന്ന് എന്റെ കൈകളും കാലുകളും ബലമായി അകറ്റി പിടിച്ചു വെച്ചിരിക്കുകയായിരുന്നു. അവരുടെ കാലുകള് വായിലും കഴുത്തിലും അമര്ന്നിരിക്കുയായിരുന്നതിനാല് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുമ്പോള് താന് അഞ്ചുമാസം ഗര്ഭിണിയാണെന്ന് പറയാന് പോലും എനിക്ക് കഴിഞ്ഞില്ല. ബില്ക്കിസ് ബാനു താന് നേരിട്ട ദുരനുഭവം കുറിച്ച വാര്ത്താകുറിപ്പിലെ വിവരങ്ങള് ഞെട്ടിക്കും.
2002 മാര്ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെ നടന്ന പൈശാചിക അനുഭവത്തിന് ഇരയാകുമ്പോള് ബില്ക്കീസ് ബാനൂ കൂട്ട ബലാത്സംഗക്കേസിലെ ഇര ബില്ക്കീസ് ബാനുവിന് 19 വയസ്സായിരുന്നു പ്രായം. അഞ്ചു മാസം ഗര്ഭിണിയുമായിരുന്നു. കേസില് 15 വര്ഷത്തെ നിയമയുദ്ധത്തിന് ശേഷം വ്യാഴാഴ്ച ബോംബെ ഹൈക്കോടതി കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവ് ശരി വെച്ചത് ഇന്നലെയായിരുന്നു. അഞ്ചു പോലീസുകാരും രണ്ടു ഡോക്ടര്മാരും ഉള്പ്പെടെ ഏഴുപേരെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കി.
കലാപത്തിനിടെ ദിവസങ്ങള് മാത്രം പ്രായമുള്ള കുട്ടികള് ഉള്പ്പെടെ ബില്ക്കീസിന്റെ കുടുംബത്തിലെ 17 പേര് അക്രമികളില് നിന്നും രക്ഷ തേടി ട്രക്കില് പലായനം ചെയ്യുകയായിരുന്നു. ദൊഹാദ് ജില്ലയിലെ രണ്ധീക്പൂര് ഗ്രാമത്തിലേക്കായിരുന്നു അവരുടെ യാത്ര. സായുധരായ ആള്ക്കൂട്ടം ട്രക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
ക്രൂരമായ ബലാത്സംഗത്തിന് ശേഷം തൊഴിക്കുകയും ദണ്ഡുകൊണ്ട് അടിക്കുകയും മരിച്ചെന്ന് കരുതി അടുത്തുള്ള കുറ്റിക്കാട്ടില് ഉപേക്ഷിക്കുകയുമായിരുന്നു. ഇതിന് മുമ്പ് എന്റെ മൂന്ന് വയസ്സുള്ള കുഞ്ഞിനെ കല്ലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. എന്റെ കുടുംബത്തിലെ നാലു പുരുഷന്മാരും അതിക്രൂരമായിട്ടാണ് കൊല്ലപ്പെട്ടത്. സ്ത്രീകള് വിവസ്ത്രരാക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. എന്റെ അമ്മ ഹലീമയെയും ബന്ധു ഷമീമിനെയും എനിക്ക് നോക്കാനായില്ല. എന്നെയും അവര് പിടികൂടി. മൂന്ന് വയസ്സുള്ള മകള് സലേഹ എനിക്കൊപ്പം ഉണ്ടായിരുന്നു. അവളെ പിടിച്ചുപറിച്ച് അവര് എറിഞ്ഞു. ആ കുഞ്ഞു ശിരസ്സ് കല്ലില് തട്ടി ചിതറിയപ്പോള് ഹൃദയം തകര്ന്നു.
അക്രമികള് അങ്ങേയറ്റം മോശമായ ഭാഷയാണ് സംസാരിച്ചത്. ലൈംഗികമായി ആക്ഷേപിക്കുന്ന വാക്കുകളായിരുന്നു ഉപയോഗിച്ചത്. ഉമ്മയേയും സഹോദരിയെയും ബന്ധുക്കളായ 12 പേരെയും അവര് എന്റെ മുന്നില് വെച്ചു തന്നെ കൊന്നു. ക്രൂരമായ ബലാത്സംഗത്തിനിരയായി അക്രമികള് ഉപേക്ഷിച്ചു പോയ തനിക്ക് നാലു മണിക്കൂര് കഴിഞ്ഞാണ് ബോധം വീണ്ടു കിട്ടിയത്. ഈ സമയത്ത് പൂര്ണ്ണനഗ്നമായി കിടന്ന ശരീരം മറയ്ക്കാന് ഒരു തുണിക്കഷ്ണം പോലും കിട്ടിയില്ല. ഭക്ഷണവും വെള്ളവുമില്ലാതെ ഒരു കുന്നിന് മുകളില് കിടന്നത് ഒന്നര ദിവസമായിരുന്നു. മരിക്കാന് ആഗ്രഹിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില് ഒരു ഗോത്ര കോളനിയില് ഹിന്ദുവാണെന്ന് പറഞ്ഞ് അഭയം തേടുകയായിരുന്നു.
പോലീസ് സ്റ്റേഷനില് സംഭവം അറിയിച്ചപ്പോള് പിന്മാറാനാണ് അവര് ആവശ്യപ്പെട്ടത്. ഒരു വര്ഷത്തിന് ശേഷം വീണ്ടും പരാതി നല്കാന് ശ്രമിച്ചപ്പോള് സ്വീകരിക്കാന് പോലും പോലീസ് കൂട്ടാക്കിയില്ല. പ്രത്യാഘാതം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി. തുടര്ന്ന അവര് ദേശീയ മനുഷ്യവാകാശ കമ്മീഷനെയും സുപ്രീംകോടതിയെയും സമീപിക്കുകയും കേസ് സിബിഐയ്ക്ക് വിടുകയുമായിരുന്നു. ഇതിനിടയില് ബില്ക്കീസിനും കുടുംബത്തിനും സാക്ഷികള്ക്കും നേരിടേണ്ടി വന്നത് കടുത്ത ഭീഷണി. കേസ് ഗുജറാത്തില് നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന് പറഞ്ഞ ബില്ക്കീസ് വീണ്ടും സുപ്രീംകോടതിയില് എത്തി. ഈ ആവശ്യം അംഗീകരിച്ച് കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റി. 2008 ജനുവരിയില് കേസിലെ 11 പ്രതികള്ക്ക് വിചാരണകോടതി ജീവപര്യന്തം വിധിച്ചു. പ്രതികേള് വിധിക്കെതിരേ ഹൈക്കോടതിയില് അപ്പീല് നല്കി.
അപൂര്വ്വത്തില് അപൂര്വ്വമായ കേസായതിനാല് പ്രതികള്ക്ക് വധശിക്ഷ നല്കണമെന്ന ആവശ്യം പക്ഷേ കോടതി തള്ളി. താനൊരു സ്ത്രീയും അമ്മയുമാണെന്നും മൃഗീയമായ രീതിയില് തന്റെ എല്ലാ അവകാശങ്ങളും ഹനിക്കപ്പെട്ടെന്നും എന്നാല് ഇന്ത്യന് ജനാധിപത്യ വ്യവസ്ഥയില് തനിക്ക് വിശ്വാസമുണ്ടെന്നും തനിക്കും കുടുംബത്തിനും ഭയരഹിതമായി സാധാരണ നിലയില് ജീവിക്കാന് കഴിയുമെന്നാണ് കരുതുന്നതെന്നും ബില്ക്കീസ് പറഞ്ഞു.







Comments