
വേനല്‍ കടുക്കുമ്പോള്‍ വെട്ടിമാറ്റിയ ഓരോ മരത്തേയും ഒരു തുള്ളിപോലും ചൊരിയാതെ ഓടിപ്പോകുന്ന ഓരോ കാര്‍മേഘത്തെയും കുറിച്ച് വേവലാതിപ്പെടുമ്പോള്‍ ഒരു പുഴ പുനര്‍ജ്ജനിച്ചു എന്ന് പറഞ്ഞാല്‍ ഒരു അതിശയോക്തിയല്ലാതെ മറ്റൊന്നുമാകില്ല. എന്നാല്‍ മാലിന്യക്കൂമ്പാരം മൂലം ജീവന്റെ നൂല്‍പ്പാലത്തിലൂടെ പോയിരുന്ന പമ്പയുടെയും അച്ചന്കോവിലിന്റെയ ബന്ധുവായ കുട്ടംപേരൂര്‍ നദിയുടെ കാര്യത്തില്‍ ഒരു പുഴ ജനിക്കുന്നു എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയല്ല.
ഒരു ദശകമായി പമ്പയേയും അച്ചന്‍കോവില്‍ ആറിനെയും ബന്ധിപ്പിച്ചിരുന്ന കുട്ടംപേരൂര്‍ പുഴയ്ക്കാണ് പുനര്‍ജീവന്‍ ലഭിച്ചത്. ഒരു ദശകമായി വേസ്റ്റും മലിനവസ്തുക്കള്‍ കൊണ്ടും ഒഴുക്കു തടസ്സപ്പെട്ടു കിടന്ന നദിക്ക് വീണ്ടും ജീവന് നല്‍കിയത് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ഗ്രാമ പഞ്ചായത്താണ്. 700 ലധികം വരുന്ന പ്രദേശവാസികള്‍ ചേര്‍ന്ന് നദിയിലെ മാലിന്യം നീക്കം ചെയ്ത് തടസ്സപ്പെട്ടിരുന്ന ഒഴുക്കിനെ വീണ്ടും സജീവമാക്കി പുഴയുടെ നഷ്ടമായേക്കുമായിരുന്ന ചൈതന്യത്തേയും ശക്തിയേയും വീണ്ടെടുത്തു.
ഗ്രാമപഞ്ചായത്തിന് കീഴില്‍ മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ളോയ്മെന്റ് ഗ്യാരന്റി ആക്ടിന് കീഴില്‍ പുഴയെ രക്ഷിക്കാന്‍ നാട്ടുകാര്‍ കൈ കോര്‍ത്തത്. വെറും തൊഴിലുറപ്പ് എന്നതിനപ്പുറത്ത് പരിസ്ഥിതി സംരക്ഷണവും പ്രകൃതിവാദവും ഒക്കെ വിഷയമാകുന്ന ഇക്കാര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയുടെ നിറവേറലും കൂട്ടായ്മയും എല്ലാം സംഭവിക്കുകയായിരുന്നു. മാവേലിക്കരയിലെ അച്ചന് കോവിലിലെ ഉളുന്തില് നിന്നും ഉത്ഭവിക്കുന്ന നദി എണ്ണയ്ക്കാട്, ബുധനൂര്‍, കുട്ടംപേരൂര്‍, മാന്നാര്‍, പാണ്ടനാട് എന്നിവിടങ്ങളിലൂടെ കടന്നു പത്തനംതിട്ട ജില്ലയിലെ പരുമല നാക്കിടയില് പമ്പയുമായി ലയിക്കുകയാണ്.
ചരിത്രത്തില്‍ മനുഷ്യ നിര്‍മ്മിതമായി വിശേഷിപ്പിക്കുന്ന വിശാലമായ നദി ഒരിക്കല്‍ ജനജീവിതത്തിന്റെ ജീവനാഡി കൂടിയായി മാറിയിരുന്നു. വിശാലമായ തീരത്ത് ആയിരങ്ങള്‍ താമസിക്കുകയും സഞ്ചാരത്തിന്റെയും കച്ചവടത്തിന്റെയും പ്രതീകങ്ങളായി കെട്ടുവള്ളങ്ങളും നിറഞ്ഞു നിന്നിരുന്നു. വിശാലമായ 2000 ഏക്കര്‍ നെല്‍കൃഷിക്ക് ജലസേചനത്തെ ആശ്രമിക്കുകയും ചെയ്തിരുന്ന ഇവിടെ ഒരിക്കല്‍ പള്ളിയോടങ്ങളുടെ മത്സരവും നടന്നിരുന്നു. മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞിരുന്ന നദിയില്‍ വെള്ളംപൊങ്ങി ചിലപ്പോഴെല്ലാം ജനങ്ങള്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്നതും പതിവായിരുന്നു. മനുഷ്യന് ആധുനികതയിലൂടെ പ്രകൃതിയുടെ വേരുകള്‍ മാന്തിത്തുടങ്ങിയപ്പോള്‍ മുതലാണ് നദിയ്ക്കും തടസ്സം വന്നുതുടങ്ങിയത്. മാലിന്യങ്ങള്‍ വന്നടിഞ്ഞ് പുല്ലും ചെളിയും നിറഞ്ഞതോടെ നദി പലയിടത്തും ഇഴപൊട്ടി വേര്‍പെട്ടു പോയി.
സമീപത്ത് ഹോട്ടല്‍ വ്യവസായവും രാസകമ്പനികളും കട്ടക്കളങ്ങളും സജീവമായതോടെ നദി നിര്ജ്ജീവമായിത്തുടങ്ങി. ഹോട്ടല്‍ വ്യവസായം നദിയെ മാലിന്യകൂമ്പാരമാക്കി. മൂന്ന് പാലങ്ങള്‍ നദിക്ക് കുറുകെ നിര്‍മ്മിച്ചു. ഇതിനൊപ്പം മണല്‍വാരലും ചുടുകട്ട നിര്‍മ്മാണ യൂണിറ്റുകളും നദി കയ്യേറലും മറ്റും വന്നു തുടങ്ങിയതോടെ നദിയുടെ ശേഷി കുറഞ്ഞു. ഒടുവില്‍ ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ പഞ്ചായത്ത് നദിയെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുത്തു.
തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 2016 ഡിസംബറില്‍ ഗ്രാമപഞ്ചായത്ത് നദിയെ ഏറ്റെടുത്ത് നവീകരണ ജോലി പിറ്റേവര്‍ഷം ജനുവരിയില്‍ ആരംഭിച്ചു. 700 തൊഴിലാളികള്‍ കൂടുതലും സ്ത്രീകള്‍ നദിയെ വൃത്തിയാക്കാന്‍ ജോലി ആരംഭിച്ചു. 30,000 കൂലിയോളം പൂര്‍ത്തിയായപ്പോള്‍ 12 കിലോമീറ്റര്‍ നീളത്തില്‍ നദി വീണ്ടും ജനിച്ചു. മാര്‍ച്ച് 20 നായിരുന്നു ജോലി പൂര്‍ത്തിയായത്. യന്ത്രങ്ങള്‍ ഉപയോഗിച്ചതേയില്ല. ഇപ്പോള്‍ നദിയില്‍ വീണ്ടും മത്സങ്ങള്‍ കാണാന്‍ തുടങ്ങി. അഞ്ചു കിലോമീറ്റര്‍ അകലെയുള്ള കിണറുകളിലും കുളങ്ങളിലും പോലും ജലനിരപ്പ് ഉയരാന്‍ തുടങ്ങി. പതിനായിരങ്ങള്‍ക്കാണ് അലക്കും കുളിക്കുമായി നദി വീണ്ടും സജീവമായതെന്നു പരിസ്ഥിതി വാദികളും പറയുന്നു.






