
ചെന്നൈ: ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എംകെയിലെ ഇരുവിഭാഗങ്ങളും ബിജെപിയെ പിന്തുണയ്ക്കുമെന്നത് ഏറെക്കൂറെ ഉറപ്പായി. ഇരുവിഭാഗം നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത ബി.ജെ.പി കേന്ദ്രനേതൃത്വം പിന്തുണ ഉറപ്പാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെയ് 10 മുതല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് തമിഴ്നാട്ടില്‍ എത്തുന്നുണ്ട്. അണ്ണാ ഡി.എം.കെ പിന്തുണ ഉറപ്പാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ.യുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയും മാധ്യമങ്ങളോട് പറഞ്ഞു.
