പട്ടണം റഷീദ് 35 വര്‍ഷം പിന്നിട്ട മേക്കപ്പ് മാന്ത്രികന്
പട്ടണം റഷീദ് 35 വര്‍ഷം പിന്നിട്ട മേക്കപ്പ് മാന്ത്രികന്
Authored by Web Desk | Last updated: 10 May 2017, 2:18 PM | 5 min read
പട്ടണം റഷീദ് ചമയരംഗത്തെ പാഠപുസ്തകമാണ്. അനുഭവങ്ങളുടെ ഊര്‍ജപ്രവാഹമാണ് മേക്കപ്പ് ശാഖയില്‍ പട്ടണം റഷീദിനെ ഗുരുസ്ഥാനീയനാക്കുന്നത്.
കാഴ്ചയിലൂടെയും കേട്ടറിവിലൂടെയും വായനയിലൂടെയും സ്വായത്തമാക്കിയ ചമയമെന്ന കലയിലെ ലാവണ്യാത്മകതയെ ഒരുതരം ധ്യാനം പോലെ പട്ടണം റഷീദ് മനനം ചെയ്യുകയാണ്.
തിയേറ്ററിന്റെ കരുത്താണ് പട്ടണം റഷീദെന്ന ചമയക്കാരനെ മോള്‍ഡ് ചെയ്തെടുത്തത്. നാടകത്തിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ അടുത്തറിഞ്ഞ പട്ടണം റഷീദ് മേക്കപ്പില്‍ തന്റേതായ പ്രതിഭ തെളിയിക്കുകയായിരുന്നു.
ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല ബോളിവുഡ്ഡിലെയും ശ്രദ്ധേയനായ ചമയക്കാരനാണ് പട്ടണം റഷീദ്. സിനിമയിലെ ചമയശാഖയില് 35 വര്‍ഷം പിന്നിട്ട പട്ടണം റഷീദ് ഇതിനകം നാനൂറോളം സിനിമകളിലാണ് മേക്കപ്പ് നിര്‍വഹിച്ചത്.
മലയാളത്തിനു പുറമേ ഇരുപതോളം തമിഴ് സിനിമകളിലും പത്തു ബോളിവുഡ് ചിത്രങ്ങളിലും അറബിയില്‍ പത്തു സിനിമകളിലും പട്ടണം റഷീദ് മേക്കപ്പ്മാനായി പ്രവര്‍ത്തിക്കുകയും ആഗോള ചമയശാഖയിലെ ചലനങ്ങള്‍ സൂക്ഷ്മതയോടെ ഹൃദിസ്ഥമാക്കുകയും ചെയ്തു.
ഏഴ് സംസ്ഥാന അവാര്‍ഡുകളും ഒരു ദേശീയ അവാര്‍ഡും നേടിയ പട്ടണം റഷീദിനെ ഒറ്റപ്പാലത്ത് പോഴത്തുമനയില് ചിത്രീകരണം നടന്ന ആമിയുടെ സെറ്റിലാണ് കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി പട്ടണം റഷീദ് സംസാരിക്കുകയാണ്.
? മാധവിക്കുട്ടിയുടെ ജീവിതം അനാവരണം ചെയ്യുന്ന ആമിയില്‍ മഞ്ജുവാര്യരെ മാധവിക്കുട്ടിയാക്കാനുള്ള വെല്ലുവിളിയെക്കുറിച്ച്...
ഠ ആമിയില്‍ വര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍തന്നെ സംവിധായകന്റെ മനസ്സിലുള്ള കാര്യങ്ങള്‍ കൃത്യമയി പറഞ്ഞുതന്നിരുന്നു. മാധവിക്കുട്ടിയുടെ പഴയകാലത്തെ ഒട്ടേറെ ചിത്രങ്ങള്‍ മാതൃഭൂമി ആര്ക്കൈവ്സില്നിന്നു കണ്ടിരുന്നു.
മാത്രമല്ല, ഒട്ടേറെ രേഖാചിത്രങ്ങളും ലഭിച്ചിരുന്നു. മാധവിക്കുട്ടിയുടെ ഓരോ കാലത്തെയും ജീവിതത്തെ ആധാരമാക്കിയുള്ള റഫറന്‍സിനാണ് ഞാന്‍ മുന്‍തൂക്കം നല്‍കിയത്. മാധവിക്കുട്ടിയുടെ ബാല്യകൗമാരങ്ങളിലൂടെ കടന്നുവന്നാണ് മുപ്പതുകാരിയായ മാധവിക്കുട്ടിയിലെത്തുന്നത്.
ഠ മഞ്ജുവാര്യരെ ഒരു ബിംബം പോലെ മേക്കപ്പിന്റെ സാധ്യത ഉപയോഗപ്പെടുത്തി രൂപപ്പെടുത്തിയെടുക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. മഞ്ജുവാര്യരെന്ന അഭിനേത്രിയില്‍ നിന്നുകൊണ്ടാണ് ഞാന്‍ മാധവിക്കുട്ടിയെ സൃഷ്ടിക്കുന്നത്.
കാരണം മേക്കപ്പില്‍ എന്തെല്ലാംപുതുമകള് ചെയ്താലും മാധവിക്കുട്ടിയായി അഭിനയിക്കുന്നത് മഞ്ജുവാര്യരാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. മാത്രമല്ല ആമിയില്‍ മഞ്ജുവാര്യര്‍ക്കു വേണ്ടി എയര്‍ ബ്രഷ് മേക്കപ്പാണ് ഉപയോഗിക്കുന്നത്.
മലയാളത്തില്‍ ഇത്തരം മേക്കപ്പ് രീതി സാധാരണഗതിയില്‍ ഉപയോഗിക്കാറില്ല. പരസ്യചിത്രങ്ങളില്‍ ഉപയോഗിക്കുന്ന എയര്‍ബ്രഷ് മേക്കപ്പ് ഏറ്റവും ലേറ്റസ്റ്റായ ടെക്നോളജിയാണ്.
? സിനിമയിലെ ചമയരംഗത്ത് 35 വര്‍ഷം പിന്നിട്ട താങ്കള്‍ ഇതിനകം വിവിധ ഭാഷകളിലായി നാനൂറോളം സിനിമകളില്‍ ചമയം നിര്‍വഹിച്ചിരിക്കുന്നു. ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തു തോന്നുന്നു....
ഠ വളരെയധികം സംതൃപ്തിയാണുള്ളത്. നാടകങ്ങളിലൂടെയാണ് ഞാന്‍ മേക്കപ്പിന്റെ ബാലപപാഠം അഭ്യസിച്ചത്. ഒട്ടേറെ നാടകങ്ങളില്‍ മേക്കപ്പ് ചെയ്തു. സിനിമയില്‍ മേക്കപ്പ്മാനാവണമെന്ന് ആഗ്രഹം തോന്നിയപ്പോള്‍ ഞാന്‍ മദിരാശിയിലേക്ക് വണ്ടികയറി.
അങ്ങനെ മേക്കപ്പ്മാന് കെ.വി. ബോസിന്റെ സഹായിയായി ഞാന്‍ സിനിമയിലെ ചമയശാഖയിലേക്ക് കടന്നുവന്നു. തുടര്‍ന്ന് പുനലൂര്‍ രവി, കരിമം മോഹന്‍, വി.ബി. ശങ്കര്‍, പി.എന്‍. മണി, തൃശൂര്‍ മോഹന്‍ എന്നിവരുടെ കൂടെ വര്‍ക്ക് ചെയ്തു.
നവോദയായുടെ ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സ്വതന്ത്ര മേക്കപ്പ്മാനായത്. പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
? പുതിയ കാലത്ത് സ്വയം മേക്കപ്പ് ചെയ്യാനാണ് പലരും ശ്രമിക്കുന്നത്. പ്രയാഗാ മാര്‍ട്ടിനെന്ന നടി റഹിം കൊടുങ്ങല്ലൂരെന്ന മേക്കപ്പ്മാനെ അടിച്ച സംഭവംകൂടി അടുത്തകാലത്തുണ്ടായിരുന്നു. മേക്കപ്പ്മാന് സിനിമയില്‍ വില കല്പിക്കാത്ത സാഹചര്യം വര്‍ദ്ധിച്ചുവരുകയാണല്ലോ.
ഠ സംവിധായകന് കഥാപാത്രത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ മേക്കപ്പ്മാന് കഥാപാത്രത്തിന്റെ പ്രായം, രൂപം, ഭാവം എന്നീ തലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. സംവിധായകന്റെ മനസ്സറിഞ്ഞാണ് മേക്കപ്പ്മാന് പ്രവര്‍ത്തിക്കുന്നത്. നടന്റെയും നടിയുടെയും സ്നേഹപൂര്‍ണ്ണമായ സഹകരണമുണ്ടെങ്കിലേ മേക്കപ്പ് വിജയിക്കുകയുള്ളൂ.
മേക്കപ്പിലൂടെയാണ് ഒരു നടന് ക്യാരക്ടറിലേക്ക് നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ മേക്കപ്പ് എന്നത് നീണ്ട ധ്യാനമാണ്. ശക്തിയും ഊര്‍ജവും മേക്കപ്പിലൂടെ അഭിനേതാവിന് ലഭിക്കുന്നു.
എന്താണ് ക്യാരക്ടറെന്ന് അറിയുമ്പോള്‍ നടനാണെങ്കിലും നടിയാണെങ്കിലും മേക്കപ്പിലൂടെ കഥാപാത്രമായി മാറാനുള്ള ശ്രമം നടത്തുന്നു. അത്തരം ശ്രമങ്ങളാണ് വിജയിക്കുന്നത്.
? മേക്കപ്പ് ശാഖയില്‍ താങ്കള്‍ക്കു ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച്...
ഠ ജോര്‍ജ് കിത്തുവിന്റെ ആധാരമെന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ്മാനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു. മേക്കപ്പിന് അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷത്തെ പ്രഥമ അവാര്‍ഡാണ് എനിക്കു ലഭിച്ചത്.
അമ്പത്തിയഞ്ചാമത് ദേശീയ അവാര്‍ഡില്‍ മികച്ച മേക്കപ്പ്മാനുള്ള ആദ്യ ദേശീയ അവാര്‍ഡ് പരദേശിയിലൂടെ എനിക്ക് ലഭിച്ചു. ഇതിനകം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് എനിക്കു ലഭിച്ചത്.
അവാര്‍ഡ് ലഭിച്ച സിനിമകള്‍ കാണുമ്പോള്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പാകപ്പിഴവുകള്‍ ഉണ്ടെന്ന് എനിക്കു തോന്നിയിട്ടുമുണ്ട്.
ഠ അതെ. കേന്ദ്രസര്‍ക്കാരിന്റെ കള്‍ച്ചറല്‍ വിഭാഗം സീനിയര്‍ കലാകാരന്മാര്ക്ക് സീനിയര്‍ ഫെലോഷിപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനുവേണ്ടി രണ്ടു വര്‍ഷമാണ് ഞാന്‍ പഠനം നടത്തിയത്.
മേക്കപ്പ് പൂര്‍ണ്ണമാകുമ്പോള്‍ മമ്മൂട്ടി സ്വയം കണ്ണാടിയില്‍ നോക്കി എന്റെ അഭിനയം ഇങ്ങനെയായിരിക്കണമെന്ന തിരിച്ചറിവില്‍ എത്തിച്ചേരാറുണ്ട്് മമ്മുക്കയെപ്പോലുള്ള പ്രഗത്ഭരായ നടന്മാര് കാണിക്കുന്ന ഇത്തരമൊരു തിരിച്ചറിവാണ് ഓരോരുത്തര്‍ക്കും ഉണ്ടാവേണ്ടത്. സ്വയം മേക്കപ്പ് ചെയ്യുന്നവര്‍ക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കേണ്ട കഥാപാത്രങ്ങളുടെ ആത്മാവ് തൊട്ടറിയാന്‍ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
തമിഴില്‍ പ്രകാശ്രാജും തലൈവാസല്‍ വിജയ്്യും നാസറും എന്റെ സൗകര്യം നോക്കി മേക്കപ്പിനായി കാത്തിരുന്നവരാണ്. എന്നെ സംബന്ധിച്ച് ഇതൊക്കെ വല്ലാത്തൊരനുഭവം തന്നെയാണ്.
ഠ ശരിക്കും അര്ത്ഥശൂന്യായ പ്രചരണമാണിത്. ന്യൂജനറേഷന് സിനിമകളുടെ കടന്നുവരവോടെയാണ് മേക്കപ്പ് അനിവാര്യമല്ലെന്ന പ്രചരണം സജീവമായതെന്ന് തോന്നുന്നു. മേക്കപ്പ് വേണ്ടെന്നു പറയുന്നത് കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പൂര്‍ണ്ണതയെ ആണ് ഇല്ലാതാക്കുന്നത്.
? മലയാളത്തിലേത് പോലെ തമിഴിലും താങ്കള്‍ സജീവമാണല്ലോ...
ഠ അതെ, കാഞ്ചിപുരം, മദിരാശി പട്ടണം, ശൈവം, കാവ്യതലൈവന് ഉള്‍പ്പെടെ മുപ്പതോളം തമിഴ് സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തു. തമിഴില്‍ വളരെയധികം ഫ്രീഡമുണ്ട്. നല്ല പ്രതിഭയുള്ള ഒട്ടേറെ സംവിധായകര്‍ തമിഴിലുണ്ട്. കാവ്യതലൈവനിലെ വര്‍ക്കിന് എനിക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിക്കുകയുണ്ടായി.
? അറബി സിനിമകളിലെ മേക്കപ്പിന്റെ എക്സ്പീരിയന്‍സിനെക്കുറിച്ച്.
ഠ തികച്ചും അപ്രതീക്ഷിതമായാണ് ഞാന്‍ അറബിസിനിമയിലെത്തുന്നത്. കുവൈറ്റ്, മസ്കറ്റ്, സൗദി അറേബ്യ, ബഹറിന്‍ എന്നിവിടങ്ങളിലെ അറബി സിനിമകളില്‍ മേക്കപ്പ്മാനായി വര്‍ക്ക് ചെയ്തു. അറബി സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വളരെ ഫോഴ്സുള്ള മേക്കപ്പാണ് ഞാന്‍ ചെയ്തത്. പത്തോളം അറബി സിനിമകളില്‍ മേക്കപ്പ് ചെയ്യാന്‍ സാധിച്ചു.
? ഹോളിവുഡ്-ബോളിവുഡ് സിനിമകളില്‍ മേക്കപ്പ്മാനായി ജോലി ചെയ്യാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ച്...
മേക്കപ്പ് രംഗത്തുനിന്ന് ഞാനാണ് ആദ്യമായി അപേക്ഷ നല്‍കിയത്. എഴുതി തയാറാക്കിയ ഒരു സബ്ജക്ട് വേണമായിരുന്നു. 'നടനെ കഥാപാത്രമാക്കി മാറ്റുന്നതില്‍ മേക്കപ്പിന്റെ പങ്ക്' എന്ന വിഷയത്തെ ആധാരമാക്കിയുള്ള പേപ്പറാണ് ഞാന്‍ സമര്‍പ്പിച്ചത്.
അങ്ങനെ ആദ്യമായി മേക്കപ്പിനുള്ള ഫെലോഷിപ്പ് എനിക്കു ലഭിച്ചു. നാലുലക്ഷത്തി ഇരുപതിനായിരം രൂപയായിരുന്നു ഫെലോഷിപ്പ് ലഭിച്ചത്. അടുത്തുതന്നെ പുറത്തിറങ്ങാനിരിക്കുന്ന 'ചമയം പട്ടണം റഷീദ്' എന്ന എന്റെ പുസ്തകത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
? മേക്കപ്പ് പഠിപ്പിക്കാന്‍ എറണാകുളത്ത് താങ്കളുടെ ഉടമസ്ഥതയിലുള്ള പട്ടണം ഡിസൈനിങ് എന്ന സ്ഥാപനത്തെക്കുറിച്ച്...
ഠ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ സ്ഥാപനം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാരണം മേക്കപ്പെന്ന കലയെ സീരിയസ്സായി കാണുന്ന തലമുറയാണിത്.
സ്റ്റേജ് ഷോകള്‍ ടെലിവിഷന്‍ പരിപാടികള്‍, ഫോട്ടോഗ്രാഫി, പ്രൊഫഷണല്‍ മേക്കപ്പ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ മേക്കപ്പിന്റെ സാധ്യതകള്‍ വളരെ വലുതാണ്.
ഫ്രീലാന്‍സ് ഫാഷന്‍ പ്രോഗ്രാമുകളിലും മേക്കപ്പ് ഒഴിച്ചുകൂടാനാവാത്തതാണ്. എന്റെ സ്ഥാപനത്തില്‍ ഒരുവര്‍ഷം, ആറുമാസം, മൂന്നുമാസം മേക്കപ്പ് കോഴ്സുകളാണ് പഠിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇവിടെനിന്നും പഠിച്ചിറങ്ങിയ ധാരാളം പേര് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്.
? മേക്കപ്പ്മാനും താരങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച്.
ഠ സംവിധായകന് മേക്കപ്പ്മാനോട് കഥാപാത്രങ്ങളെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ മേക്കപ്പ്മാന് അത്തരം കഥാപാത്രങ്ങളെ തന്റെ മനസ്സിലിട്ട് വിശകലനം ചെയ്യാറുണ്ട്. അയാളുടെ ഉള്ളില്‍ കഥാപാത്രം രൂപപ്പെടുമ്പോഴാണ് മേക്കപ്പിന്റെ ഫൈനല്‍ ഔട്ട്പുട്ട് ഉണ്ടാവുന്നത്. ഇതാവട്ടെ കഥാപാത്രത്തിന്റെ വിജയത്തിന് കാരണമാകുന്നു.
തന്റെ മുന്നിലിരിക്കുന്ന ഒരു താരത്തെ കഥാപാത്രമാക്കി മാറ്റിയെടുക്കാന്‍ മേക്കപ്പ് ചെയ്യുമ്പോള്‍ മേക്കപ്പിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി മേക്കപ്പ്മാനും ആര്‍ട്ടിസ്റ്റും തമ്മിലുള്ള മാനസികമായ ബന്ധം അനിവാര്യമാണ്. മമ്മുക്കയും ലാലേട്ടനുമൊക്കെ മേക്കപ്പിലൂടെ കഥാപാത്രത്തിന്റെ ഭാവപ്പകര്‍ച്ച തിരിച്ചറിഞ്ഞവരാണ്.
ഠ ഹോളിവുഡില്‍ വിഖ്യാത ചലച്ചിത്രകാരന് പോള്‍ കോക്സിന്റെ 'ഫോഴ്സ് ഓഫ് ഡെസ്റ്റി'നിയില്‍ മേക്കപ്പ്മാനായി വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവം തന്നെയാണ്.
ഇസ്മയില്‍ മര്ച്ചന്റ്മാന്റെ 'കോട്ടന്മേരി' ഉള്‍പ്പെടെ പത്തോളം ഹോളിവുഡ് സിനിമകളില്‍ മേക്കപ്പ് നിര്‍വഹിച്ചു. ബോളിവുഡ്ഡില്‍ രാംഗോപാല്‍ വര്‍മ്മയുടെ 'ആഗ്' ആണ് ഞാന്‍ ചെയ്ത ശ്രദ്ധേയമായ ചിത്രം.
? സിനിമയില്‍ 35 വര്‍ഷം പിന്നിടുന്ന പട്ടണം റഷീദെന്ന മേക്കപ്പ്മാന് വെല്ലുവിളി ഉയര്‍ത്തിയ ഒരു സിനിമ...
ഠ ഒരു നടന് കഥാപാത്രത്തെക്കുറിച്ച് പഠിക്കുകയും മനനം ചെയ്യുകയും ്വേണം. അങ്ങനെ കഥാപാത്രത്തിലേക്ക് നടന് ഇറങ്ങിവരുമ്പോഴാണ് മേക്കപ്പ് എന്ന കലയും ആസ്വാദ്യകരമാകുന്നത്.
മമ്മൂട്ടി നായകനായ പത്തേമാരിയാണ് വെല്ലുവിളി ഉയര്‍ത്തിയ സിനിമ. കാരണം മമ്മൂട്ടിയെ്ന നടനെ പ്രായത്തിന്റെ വ്യത്യസ്തമായ തലത്തെ അതിന്റെ ചാരുത ചോര്‍ന്നുപോകാതെ ഒരുക്കിയെടുക്കേണ്ടതിന്റെ ചുമതല നിസ്സാരമല്ല.
മമ്മുക്കയെന്ന നടന് കഥാപാത്രത്തിന്റെ പ്രായത്തിനനുസരിച്ചുള്ള വ്യത്യസ്തമായ മാനറിസങ്ങളെ മനസ്സില്‍ ഉള്‍ക്കൊണ്ടപ്പോള്‍ ആസ്വദിച്ചാണ് ഞാന്‍ മേക്കപ്പ് ചെയ്തത്. ദേശീയ അംഗീകാരം നേടിയ പത്തേമാരിയില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് നല്ലൊരു അനുഭവമായി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
? താങ്കളുടെ പുതിയ സിനിമകളെക്കുറിച്ച്..
ഠ മലയാളത്തില്‍ ഷാജി എന്‍. കരുണ്‍, ഷാഫി എന്നിവരുടെ ചിത്രങ്ങളാണ് ചെയ്യാന്‍ പോകുന്നത്. തമിഴില്‍ എ.എല്‍. വിജയ്്യുടെ പുതിയ ചിത്രത്തിലും ശങ്കര്‍ നിര്‍മ്മിക്കുന്ന മുപ്പതാം പുലികേശിയെന്ന് ചിത്രത്തിലും വര്‍ക്ക് ചെയ്യുന്നുണ്ട്.