
( തുടര്ച്ച....)
ശ്രീകുമാര് സാംസ്കാരിക ക്ഷേമനിധി ബോര്ഡിന്റെ ചെയര്മാനായി ചാര്ജെടുത്ത നാള് മുതല് ബോര്ഡിന്റെ ദൈനംദിന പ്രവര്ത്തനങ്ങളില് സജീവമാണ്. തന്റെ മുന്നില് വരുന്ന ഫയലുകള് അപ്പപ്പോള് പരിശോധിച്ച് തീര്പ്പുകല്പിക്കാന് കഴിഞ്ഞതിന്റെ സംതൃപ്തി ആ മുഖത്തുണ്ടായിരുന്നു.
? കലാകാരന്മാര്ക്ക് നക്കാപ്പിച്ച എന്ന നിലയിലല്ലെ പെന്ഷന് കൊടുക്കുന്നത്.
ഠ കലാകാരന്മാരെ മാന്യമായ നിലയിലാണ് ഞങ്ങള് കാണുന്നത്. മറ്റുപലര്ക്കും ഇല്ലാത്ത കഴിവ് തെളിയിച്ചവരാണവര്. ഇതുവരെ 1000 രൂപയാണ് പെന്ഷന് കൊടുത്തിരുന്നത്.
ഇപ്പോള് 2000 രൂപയാണ് കൊടുക്കുന്നത്. അതിനിയും വര്ദ്ധിപ്പിക്കാമെന്ന് സംസ്കാരിക വകുപ്പുമന്ത്രി എ.കെ. ബാലന് സൂചിപ്പിച്ചിട്ടുണ്ട്.
ഈ കമ്മിറ്റിയുടെ ആഗ്രഹം ഗവണ്മെന്റ് ജീവനക്കാര്ക്ക് നല്കുന്ന രീതിയില് പെന്ഷനും മറ്റ് ആനുകൂല്യങ്ങളും കലാകാരന്മാര്ക്ക് നല്കണമെന്നാണ്. എന്നാല് അതു തീരുമാനിക്കേണ്ടത് സംസ്ഥാന ഗവണ്മെന്റാണ്. എല്ലാറ്റിനും പണമാണ് പ്രശ്നം.
? അതെങ്ങനെ പരിഹരിക്കും...
ഠ ബുദ്ധിമുട്ടുകള് ഏറെയുണ്ടെങ്കിലും സാംസ്കാരിക പെന്ഷന് ഇതുവരെ മുടക്കിയിട്ടില്ല. എല്ലാമാസവും 2-ാംതീയതി കൃത്യമായി കലാകാരന്മാര്ക്ക് 2000 രൂപ പെന്ഷന് ലഭിക്കുന്ന രീതിയിലാണ് അയയ്ക്കുന്നത്.
കൂടുതല് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി കണ്ണൂര് ജില്ലയിലെ ധര്മ്മടം എന്ന സ്ഥലത്ത് ഏറ്റവും വലിയ ഷോ നടത്തും. എത്രയും വേഗം ഷോ നടത്തണമെന്നാണ് ആഗ്രഹം. ഞാന് മാത്രം വിചാരിച്ചാല് പോരല്ലോ.
എങ്കിലും എത്രയും വേഗം എല്ലാം നടക്കും. അങ്ങനെയെങ്കില് ക്ഷേമനിധിക്കുവേണ്ടി നടത്തുന്ന ഏറ്റവും വലിയ 'ഷോ' ആയി മാറും ധര്മ്മടത്തെ കലാകാര വേദി. അതിനുവേണ്ടി നല്ല സ്പോണ്സര്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
? കൃത്യമായി കലാകാര പെന്ഷന് കൊടുത്തിട്ടും ക്ഷേമനിധി ഓഫീസിനു മുന്നില് കുറെ പേര് സമരം ചെയ്തു.
(ശ്രീകുമാര് പൊട്ടിച്ചിരിച്ചു)
? എന്താ ചിരിക്കുന്നത്...
ഠ എങ്ങനെ ചിരിക്കാതിരിക്കും? തൊട്ടതിലൊക്കെ രാഷ്ട്രീയം നോക്കിയാല് ഒരു വികസനവും നടക്കില്ല. കലാകാര ക്ഷേമനിധിയില് നിന്നും ഇപ്പോള്തന്നെ 2000 പെന്ഷന് നല്കുന്നുണ്ട്. അതിനിടയില് അര്ഹതയില്ലാത്തവര്ക്കും പെന്ഷന് ലഭിക്കണമെന്നു പറഞ്ഞ് സമരം ചെയ്താലോ.
അതാണ് സംഭവിച്ചത്. ആലപ്പുഴ ജില്ലയില്നിന്നും കുറെപ്പേര് സാംസ്കാരിക ക്ഷേമനിധിയുടെ ഓഫീസിനു മുന്നില് സമരം ചെയ്യാന് വന്നു. നാടകകൃത്തായ ഫ്രാന്സിസ് ടി. മാവേലിക്കരയായിരുന്നു ഉദ്ഘാടകന്.
പരിസരത്തുള്ളവര് ആകാംക്ഷയോടെ എന്തോ നടക്കാന് പോകുന്നതുപോലെ നോക്കിനിന്നു. യാതൊന്നും സംഭവിക്കാത്ത മട്ടില് ഞാന് സമരക്കാരുടെ അടുത്തെത്തി. എനിക്കു സംസാരിക്കാന് ഒരവസരം നല്കണമെന്നും അതു കേട്ടശേഷം നിങ്ങള് എന്തു തീരുമാനം വേണമെങ്കിലും എടുക്കുന്നതില് വിരോധമില്ലെന്നും പറഞ്ഞു.
സമരത്തിനു വന്നവര് സമ്മതിച്ചു. ഞാനവരോട് പെന്ഷനെക്കുറിച്ചും അതു ലഭിക്കുന്ന കാര്യവും സൂചിപ്പിച്ചു. എന്റെ വാക്കുകളില് വിശ്വാസമര്പ്പിച്ച് സമരം ചെയ്യാന് വന്നവര് എനിക്കു ജയ് വിളിച്ച് തിരികെപ്പോയി.
ഞാന് ചാര്ജെടുത്തപ്പോള് ബാങ്കില് ഉണ്ടായിരുന്നത് 70 ലക്ഷമാണ്. പെന്ഷന് കൊടുക്കാന് മാത്രം ഒരു മാസം 50 ലക്ഷം രൂപ വേണം. എന്നിട്ടും പെന്ഷന് മുടങ്ങിയില്ല. ഇപ്പോള് 7 കോടിയിലധികം രൂപ ഞാന് വന്നശേഷം ഉണ്ടാക്കിക്കഴിഞ്ഞു.

? സംഘടനകള് മുഖേനയാണ് പെന്ഷന് അപേക്ഷകള് സ്വീകരിക്കുന്നതെന്നറിഞ്ഞു...
ഠ ആ അറിവ് തെറ്റാണ്. പലരും അങ്ങനെ ഒരു ശ്രമം നടത്തിയിരുന്നു. ഒരു സംഘടന പലരില്നിന്നും അവര്ക്കിഷ്ടമുള്ള രീതിയില് പണം വാങ്ങി ഫോറം ഇവിടെ എത്തിച്ചു.
ആ രീതിയില് അപേക്ഷകള് സ്വീകരിക്കില്ല. അങ്ങനെ ചെയ്താല് ആ സംഘടനകള് മുഖേനയാണ് കലാകാരന്മാര്ക്ക് പെന്ഷന് ലഭിച്ചതെന്നു പറഞ്ഞ് പിരിവു നടത്തും. അര്ഹതയുള്ള എല്ലാ കലാകാരന്മാര്ക്കും നേരിട്ടുവന്ന് അപേക്ഷ തരാം. രണ്ടാമന്റെ സഹായം അതിനാവശ്യമില്ല.
? കുറെപ്പേരുടെ പെന്ഷന് നഷ്ടപ്പെടുത്തി എന്നു കേട്ടു.
ഠ കലാകാരന്മാരുടെ പെന്ഷന് കലാകാരന്മാരല്ലാത്തവര് അപേക്ഷിച്ചാല് എങ്ങനെയാണ് പെന്ഷന് കൊടുക്കുക? അനധികൃതമായി കുറെപ്പേരുടെ അപേക്ഷകള് കലാകാരന്മാരല്ലാത്തവരുടെ ഒരു സംഘടന കൊണ്ടുവന്നു.
അതേക്കുറിച്ച് ബോര്ഡ് കൂടി അവസാന തീരുമാനമെടുത്തു; അത്തരക്കാര്ക്ക് പെന്ഷന് നല്കേണ്ടതില്ലെന്ന്. അല്ലാതെ ഒരാളോടും ഒരു സംഘടനയോടും വ്യക്തിപരമായി എനിക്ക് എതിര്പ്പോ, വിരോധമോ ഇല്ല.
? കലാകാരന്മാരുടെ ചികിത്സയ്ക്കുള്ള പണത്തില് വര്ദ്ധനവുണ്ടായിട്ടുണ്ടോ...
ഠ രോഗം വരാതിരിക്കാനല്ലേ ആഗ്രഹിക്കേണ്ടത്.
? എപ്പോഴെങ്കിലും അതു വന്നാലോ. പ്രായമായവര്ക്കല്ലെ പെന്ഷന്. എപ്പോള് വേണമെങ്കിലും അസുഖം വലുതും ചെറുതും പിടിപെടാം.
ഠ 75000 രൂപ വരെ ചികിത്സാച്ചെലവ് കൊടുത്തിരുന്നു. പുതിയ ഗവണ്മെന്റ് വന്നതിനു ശേഷം ഞാന് മന്ത്രി എ.കെ. ബാലനെ ചെന്നുകണ്ട് തുക വര്ദ്ധിപ്പിക്കണമെന്നു പറഞ്ഞു. അതനുസ്സരിച്ച് 1,50,000 രൂപവരെ ചികിത്സാച്ചെലവ് നല്കും.
രോഗികള് പതിനായിരം രൂപയ്ക്കു വാങ്ങുന്ന മരുന്ന് ആയിരം രൂപയ്ക്കു കൊടുക്കുന്നതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കലാകാരനായതിന്റെ പേരില് അവഗണന അനുഭവിക്കുന്ന, മരിച്ചാല് മൃതദേഹം പോലും കൊണ്ടുപോകാന് വാഹനസൗകര്യമില്ലാതെ വിഷമിച്ച എത്രയോ പേരുണ്ടായിട്ടുണ്ടെന്നോ.
അതുകൊണ്ട് തിരുവനന്തപുരത്തുവച്ച് മരിക്കുന്ന കലാകാരന്മാരുടെ മൃതദേഹം ഫ്രീയായി നാട്ടില് കൊണ്ടുപോകുന്നതിന് ആംബുലന്സ് വാങ്ങാന് തീരുമാനിച്ചു.
? സ്വന്തമായി ഒരു ഓഫീസും മറ്റും ഉണ്ടാക്കുന്ന കാര്യം...
ഠ എത്രയും പെട്ടെന്ന് സ്വന്തം സ്ഥലവും കെട്ടിടവും യാഥാര്ത്ഥ്യമാകും. അതിനുവേണ്ടി ശാസ്തമംഗലത്തും കൊച്ചാര് റോഡിലും സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. സ്ഥലം ഓക്കെയായാല് കെട്ടിടം പണി തുടങ്ങും.







Comments