
ഹരിയാന : കുട്ടികള്‍ക്ക് നല്കുന്ന ഉച്ചഭക്ഷണത്തില്‍ പാമ്പിന് കുഞ്ഞ്. ഫരീദാബാദിലെ രാജ്കീയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ക്ക് നല്കിയ ഉച്ചഭക്ഷണത്തിലാണ് പാമ്പിന് കുഞ്ഞിനെ കണ്ടെത്തിയത്. സ്കൂള്‍ പ്രിന്‍സിപ്പാലും അധ്യാപകരും ഭക്ഷണം രുചിച്ച് നോക്കുന്നതിനിടയിലായിരുന്നു പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ കുട്ടികളോട് ഭക്ഷണം കഴിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
പാമ്പിനെ കണ്ടെത്തിയ ഉടനെ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയെങ്കിലും ചില കുട്ടികള്‍ മുന്‍പെ കഴിച്ച് കഴിഞ്ഞിരുന്നു. കഴിച്ചവരില്‍ ചില കുട്ടികള്‍ പാമ്പിനെ കണ്ടതോട് കൂടി ചര്‍ദ്ദിക്കുകയും ചെയ്തു. പൊതുവെ ഭക്ഷണത്തില്‍ നിന്നും പഴകിയ മണം വരാറുള്ളതിനാല്‍ ഇത്തവണ കുട്ടികള്‍ പ്രത്യേകിച്ച് ശ്രദ്ധിച്ചതുമില്ല. തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഉന്നത അധികാരികളെയും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഇസ്കോണ്‍ ഫുഡ് റിലീഫ് ഫൗണ്ടേഷനെയും വിവരമറിയിച്ചു.






