
കണ്ണൂര്‍ : ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിന്റെ വീട് സന്ദര്‍ശിച്ചു. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം.
കണ്ണൂരിലെ അക്രമങ്ങളിലും കൊലപാതകങ്ങളിലും മന്ത്രി ആശങ്ക രേഖപ്പെടുത്തി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ബിജുവിന്റെ ബന്ധുക്കളുടെ ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജുവിന്റെ വീട് സന്ദര്‍ശിക്കുന്നതോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബയോഗങ്ങളിലും കേന്ദ്രമന്ത്രി പങ്കെടുക്കും.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കമ്മനം രാജശേഖരന് ദേശീയ നിര്‍വാഹകസമിതി അംഗം പി.ജെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. ബിജുവിന്റെ കൊലപാതകം ദേശീയതലത്തില്‍ സിപിഎമ്മിനെതിരെ ആയുധമാക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ഇപ്പോഴുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് പറഞ്ഞിരിക്കുന്നത്.






