ലഖ്നൗ: ബാബ്റി മസ്ജിദ് തകര്‍ത്തതിന് നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കിയെന്ന് ബി.ജെ.പി മുന്‍ എം.പി ആര്.വി വേദാന്തി. ബാബ്റി മസ്ജിദ് പൊളിക്കുമ്പോള്‍ കേന്ദ്ര സേനയെ അയക്കരുതെന്ന അഭ്യര്‍ത്ഥന പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു അംഗീകരിച്ചുവെന്നും വേദാന്തി വെളിപ്പെടുത്തി. ബാബ്റി കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് വേദാന്തി നടത്തിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെ, 1992 ഡിസംബര്‍ അഞ്ചിന് രാത്രി 11 മണിക്ക് നരസിംഹ റാവു എന്നെ വിളിച്ചു. നാളെ എന്ത് സംഭവിക്കുമെന്ന് ആരാഞ്ഞു. മസ്ജിദ് പൊളിക്കാതെ കര്‍സേവകര്‍ പിന്മാറില്ലെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ഞാന്‍ എന്ത് സഹായം ചെയ്യണമെന്ന് നരസിംഹ റാവു ചോദിച്ചു. കേന്ദ്രസേനയെ അയക്കരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് സമ്മതിച്ചു.
എല്‍.കെ അദ്വനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കള്‍ ബാബ്റി മസ്ജിദ് പൊളിക്കാന്‍ തുടങ്ങിയ ശേഷമാണ് സ്ഥലത്ത് എത്തിയത്. അവര്‍ കര്‍സേവകരോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും വേദാന്തി പറഞ്ഞു. വേദാന്തി അടക്കം കേസില്‍ ആരോപണവിധേയരായ സംഘപരിവാര്‍ നേതാക്കള്‍ക്ക് പ്രത്യേക സി.ബി.ഐ കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചു. കേസ് മെയ് മെയ് 22ന് വീണ്ടും പരിഗണിക്കും.






