
ആദ്യസിനിമ റിലീസാകുന്നതിനു മുമ്പ് രണ്ടു സിനിമകളുടെ കരാറില്‍ ഏര്‍പ്പെടാന്‍ ഭാഗ്യം സിദ്ധിച്ച സംവിധായകനാണ് സജിന്‍ലാല്‍. 'ക്രയോണ്‍സ്' എന്ന ആദ്യസിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവെയായിരുന്നു രണ്ടാമത്തെ സിനിമ 'താങ്ക് യു വെരിമച്ച്' കമ്മിറ്റ് ചെയ്തത്.
ആദ്യസിനിമയുടെ റിലീസിനു മുമ്പ് മൂന്നാമത്തെ ചിത്രമായ 'സീബ്രാവര'കളും തേടിയെത്തി. ക്രയോണ്‍സ് പ്രേക്ഷകശ്രദ്ധയോടൊപ്പം ദേശീയ അവാര്‍ഡിന്റെ മികച്ച പരിസ്ഥിതി ചിത്രങ്ങളുടെ അന്തിമപ്പട്ടികയില്‍ ഇടം നേടുകയും ചെയ്തിരുന്നു.
രണ്ടാമത്തെ ചിത്രമായ താങ്ക്യു വെരിമച്ച് വിലക്കുകളില്ലാതെ സ്വതന്ത്രലോകത്ത്, കെട്ടുവിട്ട പട്ടം പോലെ പറക്കാന്‍ കൊതിക്കുന്ന പ്രായമാണ് കൗമാരം. മാതാപിതാക്കളില്‍നിന്നും ആ സ്വാതന്ത്ര്യത്തിന് കടിഞ്ഞാന്‍ വീഴുമ്പോള്‍ നാടും വീടും വിട്ട് പോകുന്നവരുടെയും അതുവഴി വീട്ടുകാര്‍ അനുഭവിക്കുന്ന വേദനയുടെയും കഥയാണ് താങ്ക്യു വെരിമച്ച് പറയുന്നത്.
മൂന്നാമത്തെ ചിത്രമായ സീബ്രാവരകളും പ്രതിപാദിക്കുന്നത് സാമൂഹിക പ്രസക്തമായൊരു വിഷയം തന്നെയാണ്.സജിന്‍ ലാലുമായി നടത്തിയ അനന്തര സംഭാഷണങ്ങളില്‍നിന്നും
? ഒന്നിനു പുറകെ ഒന്നായി സിനിമകള്‍. പിന്നിലെ രഹസ്യം...
ഠ സാമൂഹിക പ്രസക്തമായ വിഷയങ്ങള്‍, വളരെ കുറഞ്ഞ ബജറ്റില്‍, പരമാവധി മികവുറ്റതാക്കി തീര്‍ത്തുകൊടുക്കും. വലിയ സ്റ്റാറുകളുടെ പിറകെ പോയി സമയം കളയാന്‍ ഞാനാളല്ല. ഷൂട്ട് തുടങ്ങി റിലീസ് വരെയുള്ള കൃത്യം ബഡ്ജറ്റ് ആദ്യമേ പ്രൊഡ്യൂസേഴ്സിനു നല്‍കും. ആ ബഡ്ജറ്റിനുള്ളില്‍ പരമാവധി വൃത്തിയായി ചെയ്തുകൊടുക്കും.
? കഥാപശ്ചാത്തലം...
'അട്ടഹാസം' എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു തുടക്കം. പ്രശസ്ത ഗായിക കെ.എസ്. ചിത്ര ആദ്യമായി പിന്നണി പാടിയ ചിത്രംകൂടിയായിരുന്നു അത്. ചിത്ര പാടിയ പാട്ട് സ്ക്രീനില്‍ പാടി അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ പുതിയ ചിത്രമായ സീബ്രാവരകളില്‍ കെ.എസ്. ചിത്ര പാടാന്‍ വന്നപ്പോള്‍ ഞാനക്കാര്യം ഓര്‍മ്മപ്പെടുത്തി.
അവര്‍ക്കുണ്ടായ എക്സൈറ്റ്മെന്റ് പറഞ്ഞറിയിക്കാന്‍ വയ്യ. കെ.എസ്. ചിത്രയോടൊപ്പം ഫീല്‍ഡില്‍ എന്‍ട്രിയാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം. സ്കൂള്‍, കോളജ് പഠനകാലത്ത് നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. 'ബെസ്റ്റ് ആക്ടര്‍' അവാര്‍ഡുകള്‍ നിരവധി തവണ നേടിയിട്ടുണ്ട്. ഡിഗ്രിക്കു പഠിക്കുമ്പോള്‍ ദൂരദര്‍ശനു വേണ്ടി 'വിഡ്ഢിവേഷം' എന്ന സീരിയല്‍ സംവിധാനം ചെയ്തു.
വിഷ്വല്‍ മീഡിയയുടെ ക്രാഫ്റ്റ് ഒന്നും അറിയാതെയുള്ളൊരു എടുത്തുചാട്ടമായിരുന്നു. പക്ഷേ സംഗതി ക്ലിക്കായി. തുടര്‍ന്ന് ധാരാളം പ്രോജക്ടുകളുമായി മുന്നോട്ട് സഞ്ചരിക്കാന്‍ സാധിച്ചു. ദി പോലീസ് സ്റ്റോറി, വുമണ്‍സ് ക്ലബ്, ജസ്റ്റിസ് രാജ, സ്വാമി വിവേകാനന്ദന്, തുടങ്ങിയ പരമ്പരകള്‍ സംവിധാനം ചെയ്തു. ദുബായ് മീഡിയായ്ക്കു വേണ്ടി 'ആകാശവും കടലും' എന്ന പരമ്പരയും സംവിധാനം ചെയ്തിട്ടുണ്ട്.
? സിനിമ സംവിധാനം ചെയ്യാനുള്ള പ്രചോദനം.
ദുബായ് മീഡിയാ സിറ്റിയില്‍ ക്രിയേറ്റീവ് ഹെഡ്ഡും ഫിലിം പ്രൊഡ്യൂസറുമായിരുന്നു. നിരവധി മേജര്‍ സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷോ ഡയറക്ടറും പ്രോഗ്രാം കോ-ഓര്ഡിനേറ്ററുമൊക്കെയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മീഡിയാ സിറ്റിയില്‍ ഫിലിം പ്രൊഡ്യൂസറായിരുന്നതിനാല് അവിടെ നടക്കുന്ന ഇംഗ്ലീഷ്, ചൈനീസ് സിനിമകളുടെ ഷൂട്ടിംഗ്, സാങ്കേതികമായും കലാപരമായും ഒരുപാട് കാര്യങ്ങള്‍ എനിക്കു പകര്‍ന്നുതന്നു. ആ അനുഭവങ്ങളും പില്ക്കാല പരമ്പര അനുഭവങ്ങളുടെയും പ്രചോദനത്തിലാണ് സിനിമയിലെത്തിയത്.
? സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എങ്ങനെ സജിനെപ്പോലെയുള്ളവരെ നോക്കിക്കാണുന്നു.
കഥയും കഥാപാത്രവും നല്ലതാണെങ്കില്‍ എല്ലാ ആര്‍ട്ടിസ്റ്റുകളും സഹകരിക്കും. പിന്നെ അത് അവര്‍ക്കു 'കണ്‍വേ' ചെയ്യുന്ന വിധവും പ്രധാനമാണ്. താങ്ക് യു വെരിമച്ചില് ലെന, ബാബു നമ്പൂതിരി തുടങ്ങി സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വളരെ കോപ്പറേറ്റീവായിരുന്നു.
കൗമാരക്കാരനായ പയ്യന്റെ അമ്മ വേഷമാണ് ലെന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സബ്ജക്ടും ലെനയുടെ കഥാപാത്രവും പറഞ്ഞപ്പോഴേ സമ്മതം മൂളുകയായിരുന്നു. ക്രയോണ്‍സില്‍ സോണിയയും അഭിനയിച്ചത് കഥാപാത്രത്തിന്റെ ശക്തി കണ്ടിട്ടുതന്നെയായിരുന്നു.
സീബ്രാവരകളില്‍ പഴയകാല നടന് മോഹന്‍, സുരേഖ എന്നിവരും വളരെ ആത്മാര്‍ത്ഥതയോടെ സഹകരിച്ചിട്ടുണ്ട്. സംവിധായകനും ആര്‍ട്ടിസ്റ്റുകളും തമ്മിലുള്ള പാലം സുതാര്യവും സത്യസന്ധവുമായിരിക്കണം.
? സ്വാധീനിച്ച സംവിധായകര്‍...
ഭരതന് സാറിന്റെ ചിത്രങ്ങളാണ് കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ മേക്കിംഗ് ശൈലി ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. കോളജില്‍ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹത്തിന്റെ പടങ്ങള്‍ നിരവിധി തവണ പോയി കാണുമായിരുന്നു. അതുപോലെ എന്നെ സ്വാധീനിച്ച സംവിധായകരാണ് ഐ.വി. ശശിസാറും പത്മരാജന് സാറും.
? താങ്കള്‍ ഭാഗ്യമുള്ള ഒരു സംവിധായകനാണെന്നു പറഞ്ഞാല്‍...
ഒരിക്കലും നിഷേധിക്കില്ല. കാരണം ഈ ഫീല്‍ഡില്‍ കഴിവ് മാത്രം പോരാ. ഒപ്പം ഭാഗ്യവും ഉണ്ടെങ്കിലേ നിലനില്ക്കാനും കൂടുതല്‍ അവസരങ്ങള്‍ തേടിയെത്താനും സാധിക്കൂ.
ഈശ്വരനാനുഗ്രഹത്താലും ഗുരുക്കന്മാരുടെ ആശീര്‍വാദത്താലും ആ പറഞ്ഞ ഭാഗ്യം എനിക്ക് കൂട്ടുണ്ട് എന്നു വിശ്വസിക്കുന്നു. മൂന്നു പടങ്ങള്‍ ചെയ്തെങ്കിലും വെറുമൊരു തുടക്കക്കാരന്റെ സ്ഥാനത്ത് തന്നെയാണ് ഇപ്പോഴും ഞാന്‍ എന്ന് വിശ്വസിക്കുന്നു.
? പുതിയ പ്രോജക്ടുകള്‍...
പുതുതലമുറയിലെ ആര്‍ട്ടിസ്റ്റുകളെ ഉള്‍ക്കൊള്ളിച്ച് ഒരു ചിത്രം ഉടന്‍ തുടങ്ങും. അതുപോലെ നടി സുരേഖ നിര്‍മ്മിക്കുന്ന തമിഴ് പടവും പ്ലാനിംഗിലുണ്ട്.
? കുടുംബം....
അച്ഛന് ലാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഇന്നു ജീവിച്ചിരിപ്പില്ല. അമ്മ ശാന്തകുമാരി. ഭാര്യ ചന്ദ്രപ്രഭ ടീച്ചറാണ്. ഏകമകന് ശബരീകൃഷ്ണ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ഒപ്പം ചലച്ചിത്രനടനുമാണ്.
വിലാസം: സജിന്‍ ലാല്‍, ഇ.എം.എസ്. നഗര്‍, സെക്കന്റ് ബ്ലോക്ക്, 407, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം. മൊബൈല്‍: 8547700188.






