
തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം സംസ്ഥാനസര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി ഉന്നതോദ്യോഗസ്ഥരുടെ പോര്. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയും ഡയറക്ടര്‍ ബിജു പ്രഭാകറുമാണു പരസ്പരം ചെളിയെറിഞ്ഞ് സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയത്. ഒടുവില്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍, രൂക്ഷവിമര്‍ശനവുമായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ രംഗത്തെത്തി.
കര്‍ഷകര്‍ക്കുള്ള പരിശീലനപരിപാടിയില്‍ ഇസ്രയേലില്‍നിന്നുള്ള കാര്ഷികവിദഗ്ധനെ പങ്കെടുപ്പിച്ചതിനേത്തുടര്ന്നുണ്ടായ ഭിന്നതയാണ് ഉദ്യോഗസ്ഥരുടെ വാക്പോരില്‍ കലാശിച്ചത്. രണ്ടുലക്ഷം രൂപ ചെലവില്‍ വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറാണ് ഇസ്രേലി കാര്ഷികവിദഗ്ധനെ പരിപാടിയില്‍ പങ്കെടുപ്പിച്ചത്. എന്നാല്‍, ചെലവുതുക ആവശ്യപ്പെട്ടു നല്കിയ ഫയല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി മാറ്റിവച്ചു. തുക തല്കാലം നല്‍കേണ്ടെന്നും നിര്‍ദേശിച്ചു.
കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ അനുമതി വാങ്ങാതെയാണു വിദേശത്തുനിന്നുള്ള വിദഗ്ധനെ കേരളത്തില്‍ കൊണ്ടുവന്നതെന്നാണു സ്വാമിയുടെ നിലപാട്. ഇതുസംബന്ധിച്ച എല്ലാ ഫയലും പരിശോധനയ്ക്കായി ആവശ്യപ്പെടുകയും ചെയ്തു. ഇതു ബിജു പ്രഭാകറിനെ ചൊടിപ്പിച്ചു. സ്വാമി തന്നെ വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു ബിജു മന്ത്രി സുനില്‍കുമാറിനോടും ചീഫ് സെക്രട്ടറി നളിനി നെറ്റോയോടും പരാതിപ്പെട്ടു.
തന്റെ പ്രവര്ത്തനരീതിയോടു യോജിപ്പില്ലാത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കൊപ്പം ജോലിചെയ്യാനാകില്ല. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ പരിപാടിയില്‍ ഇസ്രേലി വിദഗ്ധനെ പങ്കെടുപ്പിച്ചതു സംസ്ഥാനത്തിനു ഗുണകരമാകട്ടെയെന്നു കരുതിയാണ്. തന്നെ വിശ്വാസമില്ലാത്ത സ്ഥിതിക്കു ഡയറക്ടറായി തുടരാനാകില്ലെന്നു വ്യക്തമാക്കി അദ്ദേഹം അവധിക്ക് അപേക്ഷ നല്കി. ഇതിനു പിന്നാലെയാണു രൂക്ഷവിമര്‍ശനവുമായി രാജു നാരായണസ്വാമി രംഗത്തെത്തിയത്. ബിജു പ്രഭാകറിന്റെ ഐ.എ.എസ്. വ്യാജമാണെന്നും അതു തെളിയിക്കാന്‍ തന്റെ പക്കല്‍ രേഖകളുണ്ടെന്നും സ്വാമി പരസ്യമായി തുറന്നടിച്ചു. മന്ത്രിയുടെ മകനായതുകൊണ്ടാണു ബിജുവിന് ഐ.എ.എസ്. ലഭിച്ചത്. ഇതേക്കുറിച്ചു കേന്ദ്രസര്‍ക്കാരിനു പരാതി നല്‍കും.
അദ്ദേഹത്തിന് ഐ.എ.എസ്. നല്കിയവരും കുടുങ്ങും. ബിജുവിന്റെ ഇപ്പോഴത്തെ നടപടികളിലും അഴിമതിയുണ്ട്. മന്ത്രി എ.സി. മൊയ്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ഹോര്‍ട്ടികോര്‍പ്പില്‍ നിയമിച്ചതു ചട്ടവിരുദ്ധമായാണ്. ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണു നിയമനം നല്‍കിയത്. കൃഷിവകുപ്പ് സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു നിയമനം. നിയമപ്രകാരമല്ലാതെ എത്തിയ ഇസ്രേലി കാര്ഷികവിദഗ്ധനു പണം നല്‍കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി.
ബിജുവിന്റെ അവധി അപേക്ഷ മുന്കൂര്ജാമ്യമാണെന്നും സ്വാമി ആരോപിച്ചു. ജൂണ്‍ 10 മുതല്‍ 10 ദിവസത്തേക്കു ബിജുവിനു സര്‍ക്കാര്‍ അവധി അനുവദിച്ചു. വാക്പോര് അതിരുകടന്നതോടെ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സുനില്‍കുമാര്‍ രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ വിവാദമുണ്ടാക്കാതെ ഏല്പിച്ച ജോലിചെയ്യണമെന്നും തര്‍ക്കം തുടര്‍ന്നാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുന്നറിയിപ്പു നല്കി. നേരത്തേ ജേക്കബ് തോമസും ഐ.എ.എസ്. ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കവും നളിനി നെറ്റോ-സെന്‍കുമാര്‍ തര്‍ക്കവും സര്‍ക്കാരിനു തലവേദന സൃഷ്ടിച്ചിരുന്നു.
സ്വാമിയുടെ ആരോപണം തെറ്റ്: ഹോര്‍ട്ടികോര്‍പ് ചെയര്മാന്
തിരുവനന്തപുരം: മന്ത്രി എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടിയുടെ ഭാര്യക്കു ചട്ടവിരുദ്ധമായി ജോലി നല്‍കിയെന്ന കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയുടെ ആരോപണം തെറ്റാണെന്നു ഹോര്‍ട്ടികോര്‍പ് ചെയര്മാന് വിനയന്. കൃഷിവകുപ്പ് അസിസ്റ്റന്റ് സെക്രട്ടറിക്കു ഹോര്‍ട്ടികോര്‍പ്പില്‍ അധികച്ചുമതലയാണു നല്‍കിയതെന്നും വിനയന് ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി. മുമ്പ് ജോയിന്റ് സെക്രട്ടറി ജനാര്‍ദനനായിരുന്നു അധികച്ചുമതല. ഇവരാരും കൃഷിവകുപ്പിലെ ശമ്പളമല്ലാതെ, ഹോര്‍ട്ടികോര്‍പ്പില്‍നിന്ന് ഒരുെപെസ പോലും വാങ്ങുന്നില്ല.
കൃഷിവകുപ്പും ഹോര്‍ട്ടി കോര്‍പ്പും ഏകോപിച്ചു പ്രവര്‍ത്തിച്ചാല്‍ കര്‍ഷകര്‍ക്കും പൊതുജനത്തിനും ഗുണകരമാകുമെന്നതിനാലാണു താത്കാലിക തസ്തികയില്‍ വര്‍ക്കിങ് അറേഞ്ച്മെന്റ് നടത്തിയത്. ഇതു മൂലം ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ കൃത്യനിഷ്ഠയും സുതാര്യതയുമുണ്ടായി. ഐ.എ.എസുകാര്‍ പരസ്പരം പോരടിച്ചു സര്‍ക്കാരിനു നാണക്കേടുണ്ടാക്കരുതെന്നും വിനയന് പറഞ്ഞു.






