
പതിനൊന്നാമത്തെ വയസില്‍ ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അതിഥി റാവ്. മണിരത്നത്തിന്റെ 'കാറ്റ് വെളിയിടൈ'യിലെ നായികയാണ് അതിഥി റാവ്.
ഹൈദ്രബാദ്കാരിയായ അതിഥി മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ അഭിനയിച്ച ശേഷം ഇപ്പോള്‍ തമിഴ് രംഗത്തേക്ക് വന്നിരിക്കുകയാണ്.
? അഭിനയരംഗത്തേക്ക് വന്നത്.
ഠ ഞാന്‍ പതിനൊന്നാമത്തെ വയസില്‍ 'പ്രജാപതി' എന്ന മലയാളചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു. അതിനുശേഷം ഹിന്ദിയില്‍ നായികയായി അഭിനയിച്ചു.
പിന്നീട് ബോംബെയില്‍ എത്തി. അവിടെ സഞ്ജയ് ലീലാ പന്ഞ്ചാലിയുടെ 'പത്മാവതി' എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചു. ഇതിനിടെ മണിരത്നത്തിന്റെ 'കാറ്റ് വെളിയിടൈ' എന്ന പടത്തില്‍ അഭിനയിക്കാനും അവസരം കിട്ടി. ഈ ഒരു പടംമൂലം തെക്കേ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഞാന്‍ പ്രശസ്തയായി. എന്നെ ആരും സഹായിച്ചിട്ടില്ല.
വളരെ കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിച്ചേര്‍ന്നത്. ശക്തമായ ഒരു സിനിമ ഇതുവരെ കിട്ടിയിട്ടില്ല എന്ന് എന്റെ കൂട്ടുകാരികള്‍ പറഞ്ഞു സങ്കടപ്പെടാറുണ്ട്. പക്ഷേ മണിരത്നത്തിന്റെ സിനിമ ആ ഒരു കുറവ് പരിഹരിച്ചുകഴിഞ്ഞു.
? മണിരത്നത്തിന്റെ ലൊക്കേഷനിലെ അനുഭവങ്ങള്‍...
ഠ അദ്ദേഹത്തിന്റെ സംവിധാനത്തിന്റെ ലൊക്കേഷനിലെ അനുഭവം എനിക്ക് അവിസ്മരണീയമാണ്. ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പുതന്നെ ദിവസവും ഞങ്ങള്‍ക്ക് പരിശീലനം നല്കുകയുണ്ടായി.
തമിഴ് ഉച്ചാരണത്തെക്കുറിച്ചും ഓരോ സീനിലും എങ്ങനെയൊക്കെ അഭിനയിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു തരുമായിരുന്നു. എന്നിലെ അഭിനയമികവ് വെളിപ്പെടുത്താന്‍ അതൊരു നിമിത്തമാകുകയും ചെയ്തു.
മണിരത്നവും സഞ്ചയ് ലീലയുമാണ് എനിക്ക് ഇഷ്ടപ്പെട്ട സംവിധായകന്. അവരുടെ സിനിമകളില്‍ അഭിനയിക്കണമെന്നത് എന്റെ സ്വപ്നമായിരുന്നു. ഇപ്പോള്‍ അത് സാധിച്ചു.
മണിരത്നം സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹം സംവിധാനം ചെയ്ത 'ബോംബെ' എനിക്ക് മറക്കാനാവില്ല. അതില്‍ അഭിനയിച്ച മനീഷാ കൊയ്രാള എനിക്ക് ഇഷ്ടപ്പെട്ട താരമാണ്.
? കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍...
ഠ ഇല്ല. ആരുടെയും ശുപാര്‍ശ ഞാന്‍ സ്വീകരിക്കാറില്ല. ഞാന്‍ തന്നെ സ്വതന്ത്രമായി കഥകള്‍ കേള്‍ക്കും. ഇഷ്ടപ്പെട്ടാല്‍ ഓക്കെ. തുടക്കത്തില്‍ ഞാന്‍ അഭിനയിച്ച പല പടങ്ങളും പരാജയപ്പെട്ടതായി പ്രേക്ഷകരുടെ ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇനി അങ്ങനെ സംഭവിക്കരുതെന്ന മുന്‍കരുതല്‍ എനിക്കുണ്ടായി.
സിനിമാ മേഖലയില്‍ അച്ഛന്, അമ്മ, അമ്മൂമ്മ എന്നിവരുടെ സഹായത്തോടെ പലരും അഭിനയിക്കാന്‍ വരുന്നുണ്ട്. പക്ഷേ സിനിമയില്‍ സ്ഥിരമാകണമെങ്കില്‍ സ്വന്തം നൈപുണ്യം പ്രകടിപ്പിച്ചേ മതിയാവൂ.
നൈപുണ്യവും അര്‍ഹതയും ഇല്ലെങ്കില്‍ ഈ മേഖലയില്‍ നിലനില്‍പ്പുണ്ടാകില്ല. തുടക്കത്തില്‍ എന്നെ അഭിനയരംഗത്തേക്ക് കൈപിടിച്ചു കയറ്റാന്‍ എന്റെ കുടുംബത്തില്‍ ആരുമില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ തേങ്ങിക്കരഞ്ഞിട്ടുണ്ട്.






