Authored by Web Desk | Last updated: 30 May 2017, 2:23 PM | 1 min read
ശശി. അനന്തപുരിയിലാണ് താമസവും ജീവിതവും. ചിത്രകാരനാണ് സവര്‍ണ്ണനാണ് അതിലുപരി മദ്യപനുമാണ്. സൗഹൃദം ഏറെ കാത്തുസൂക്ഷിക്കുമ്പോഴും ജീവിതം ആനന്ദിക്കാനുള്ളതാണെന്നും പേരും പ്രശസ്തിയും നേടാനുള്ളതാണെന്നും ശശി അന്ധമായി വിശ്വസിക്കുന്നു.
അധികാരികളുടെയും സമൂഹത്തിന്റെയും അംഗീകാരം കിട്ടണമെങ്കില്‍ ഉയര്‍ന്ന ജാതിക്കാരനാകണമെന്ന് അറിയാവുന്ന ശശി നേരത്തെതന്നെ സ്ഥലപ്പേരായ നമ്പൂതിരിക്കാലയിലെ ആദ്യവാക്ക് പേരിനോടൊപ്പം ചേര്‍ത്ത് ശശി നമ്പൂതിരിയായി.
അങ്ങനെ ജനങ്ങള്‍ക്കിടയില്‍ നിറസാന്നിധ്യമായി വിളങ്ങിയിരുന്ന വേളയിലാണ് തന്റെ മരണം അടുത്തെന്ന് ശശിക്ക് അറിയാന്‍ കഴിഞ്ഞത്. ഇത് ഓര്‍മ്മകളെ വീണ്ടെടുക്കാന്‍ കാരണമാകുന്നു. നാട്ടിലേക്കു മടങ്ങുന്ന ശശിയുടെ ആത്മസംഘര്‍ഷങ്ങളിലൂടെ മുന്നോട്ടു നീങ്ങുന്ന ചിത്രമാണ് 'അയാള്‍ ശശി.'
ഐ.എഫ്.എഫ്.കെ.യില്‍ രജതചകോരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ 'അസ്തമയം വരെ' എന്ന ചിത്രത്തിനു ശേഷം സജിന്‍ ബാബു കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അയാള്‍ ശശി.'
പിക്സ് എന്റര്ടെയ്ന്സിന്റെ ബാനറില്‍ ക്യാമറമാന് പി. സുകുമാര്‍, സുധീഷ് പിള്ള എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശശിയായി ശ്രീനിവാസന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
'തഴയപ്പെട്ടവന്റെ അംഗീകാരത്തിനായുള്ള വെമ്പലുകളാണ് തുടക്കം മുതല്‍ ശശി പ്രകടമാക്കുന്നത്. മരണത്തിലെങ്കിലും പേരും പ്രശസ്തിയും ജനശ്രദ്ധയും വേണമെന്ന ശാഠ്യമാണ് 'അയാള്‍ ശശിയാണ്' എന്ന രാഷ്ട്രീയ ആക്ഷേപ ചിത്രത്തിലുള്ളത്'- സംവിധായകന് പറഞ്ഞു.
എസ്.പി. ശ്രീകുമാര്‍, കൊച്ചുപ്രേമന്, ജയകൃഷ്ണന്, രാജേഷ് ശര്‍മ്മ എന്നിവര്‍ക്കൊപ്പം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയരായ അനില്‍ നെടുമങ്ങാട്, ദിവ്യാ ഗോപിനാഥ് തുടങ്ങിയവരും അഭിനയിക്കുന്നു.
ശ്രീനിവാസന്റെ അസാധാരണമായ അഭിനയമുഹൂര്ത്തങ്ങളാല് സമ്പന്നമായിരിക്കും ഈ ചിത്രം. ശശി എന്ന കഥാപാത്രത്തിന് ജീവന് പകരാന്‍ ഏകദേശം 12 കിലോ ഭാരം കുറച്ചും പ്രതിഫലം വാങ്ങാതെയുമാണ് ശ്രീനിവാസന് ഈ ചിത്രത്തില്‍ അഭിനയിച്ചത്.
പപ്പുവാണ് ക്യാമറാമാന്. വി. വിനയകുമാറിന്റെ വരികള്‍ക്ക് ബേബില്‍ സി.ജെ. സംഗീതം നല്കുന്നു. കല- മാര്‍ത്താണ്ഡം രാജശേഖരന്, മേക്കപ്പ്- അനില്‍ നേമം, വസ്ത്രാലങ്കാരം- അനില്‍ ചെമ്പര്‍, എഡിറ്റര്‍- അജയ് കുഴിലൂര്, സൗന്ദ്- നിഥിന് ലൂക്കോസ്, പ്രൊഡക്്ഷന്‍ കണ്ട്രോളര്- ചന്ദ്രദാസ്.